കൊച്ചി ∙ അക്ഷയ തൃതീയ ദിനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ വർധനയുണ്ടായിട്ടില്ലെങ്കിലും വില കഴിഞ്ഞ വർഷത്തേക്കാൾ കൂടി നിൽക്കുന്നതിനാൽ വിൽപന വരുമാനത്തിൽ 20 ശതമാനത്തോളം വർധന ഉണ്ടായതായി വ്യാപാരികൾ. 1500 കിലോഗ്രാം സ്വർണാഭരണ വിൽപനയാണ് അക്ഷയ തൃതീയ ദിനമായ ഇന്നലെ സംസ്ഥാനത്ത് നടന്നത്. കഴിഞ്ഞ വർഷം ഇത് ഏകദേശം 1700 കിലോയ്ക്ക് അടുത്തായിരുന്നു. രാവിലെ എട്ടിനു തുറന്ന കടകളിൽ രാത്രി വൈകുവോളം വ്യാപാരം നടന്നു.

അക്ഷയ തൃതീയ ദിനമായ ഇന്നലെ ഏറ്റവും കുറഞ്ഞ തൂക്കത്തിൽ എങ്കിലും സ്വർണം വാങ്ങുക എന്ന ലക്ഷ്യത്തോടെ ഉപയോക്താക്കൾ എത്തിയപ്പോൾ അര ഗ്രാമിന്റെ മോതിരം, മൂക്കുത്തി, കമ്മൽ തുടങ്ങിയ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിൽപനയാണ് കൂടുതലായും നടന്നത്. ചെറിയ ഡയമണ്ട് ആഭരണങ്ങളുടെ വിൽ‍പനയിലും വർധനയുണ്ടായിട്ടുണ്ട്. സ്വർണത്തിനു വില ഇനിയും കയറാനുള്ള സാഹചര്യമുള്ളതിനാൽ നിക്ഷേപമെന്ന നിലയിലും ആളുകൾ സ്വർണം വാങ്ങാനെത്തി.

Image: Shutterstock/idiltoffolo

അക്ഷയ തൃതീയ ദിനമായ ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായില്ല. ഗ്രാമിന് 8980 രൂപയും പവന് 71840 രൂപയായിരുന്നു വില.നൂറു മില്ലിഗ്രാം മുതലുള്ള ആഭരണങ്ങൾ, നാണയങ്ങൾ, 24 കാരറ്റ് ബാറുകൾ, ഡയമണ്ട്, പ്ലാറ്റിനം, വെള്ളി ആഭരണങ്ങൾ തുടങ്ങിയവയും ആകർഷകമായ ഓഫറുകളും സ്വർണാഭരണ ശാലകളിൽ ഒരുക്കിയിരുന്നു.

English Summary:

Akshaya Tritiya gold sales in Kerala saw a 20% revenue increase despite lower volume, driven by higher gold prices. Malayalees continue their strong preference for gold as both jewelry and investment.