കണ്ണ് പരിശോധന കാസർകോട് അർബൻ ആരോഗ്യകേന്ദ്രത്തിൽ; മരുന്ന് വാങ്ങണമെങ്കിൽ അരക്കിലോമീറ്റർ താണ്ടണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ കണ്ണ് പരിശോധന അർബൻ ആരോഗ്യകേന്ദ്രത്തിൽ. മരുന്ന് ജനറൽ ആശുപത്രിയിൽ. ജില്ലയിൽ നേത്ര ചികിത്സ തേടുന്നവർക്ക് ഈ ദുരവസ്ഥ തുടങ്ങിയിട്ട് 5 വർഷത്തോളമായി. പുലിക്കുന്നിൽ നഗരസഭയുടെ അർബൻ ആരോഗ്യകേന്ദ്രത്തിൽ ആണ് ഡോക്ടറുടെ സേവനം ലഭിക്കുക. പരിശോധന കഴിഞ്ഞ് മരുന്നു ആവശ്യമെങ്കിൽ അരക്കിലോമീറ്റർ യാത്ര ചെയ്യണം. 3 റോഡ് കടന്ന് ജനറൽ ആശുപത്രിയിലെ ഫാർമസിയിൽ എത്തണം.
കോവിഡ് കാലത്താണ് കാസർകോട് ജനറൽ ആശുപത്രിയിൽ മതിയായ സൗകര്യം ഇല്ലാത്തതിനാൽ നേത്ര വിഭാഗം ഒപി പ്രവർത്തിക്കാൻ അര കിലോമീറ്റർ അകലെയുള്ള അർബൻ ആരോഗ്യകേന്ദ്രത്തിൽ സൗകര്യം ഒരുക്കിയത്. ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം തുറക്കുന്നതോടെ ഇങ്ങോട്ട് മാറ്റാമെന്ന നിലപാടിലാണ് അധികൃതർ. ജനറൽ ആശുപത്രി നേത്ര വിഭാഗം അർബൻ ആരോഗ്യകേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ശസ്ത്രക്രിയ ഉൾപ്പെടെ നടക്കുന്നത് ജനറൽ ആശുപത്രിയിൽ തുടരുന്നുണ്ട്.അർബൻ ആരോഗ്യകേന്ദ്രത്തിൽ പനി തുടങ്ങിയവയ്ക്കുള്ള മരുന്ന് നൽകുന്നുണ്ട്.
എന്നാൽ അർബൻ ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ജനറൽ ആശുപത്രിയുടെ പരിശോധന വിഭാഗത്തിലേക്കുള്ള മരുന്ന് മുൻകൂർ ഇന്റന്റ് നൽകി ലഭ്യമാക്കുക പ്രായോഗികമല്ലെന്നും ഇതിനു വേണ്ടി മാത്രം ഒരു ജീവനക്കാരനെ അവിടേക്ക് നിയോഗിക്കാൻ ആളില്ലെന്നുമാണ് അധികൃതർ പറയുന്നത്. ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം താമസിയാതെ തുറന്നു കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അവർ. ഫാബ്രിക്കേഷൻ ജോലികൾ തീരാനുണ്ട്.
നേത്ര വിഭാഗത്തിൽ നിന്നു ഡോക്ടർ കുറിച്ചു നൽകുന്ന മരുന്ന് വാങ്ങാൻ അര കിലോമീറ്റർ അകലെ ജനറൽ ആശുപത്രിയിലെ ഫാർമസി വിഭാഗത്തിൽ എത്തണമെന്നത് വയോജനങ്ങൾക്കും കാഴ്ചക്കുറവ് ഉള്ളവർക്കും വലിയ ദുരിതമാണെന്നും തലതിരിഞ്ഞ നയമാണിതെന്നും അണങ്കൂർ സ്വദേശി എം.പി. അഷ്റഫ് മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ പരാതിപ്പെട്ടു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലും മറ്റുമായി ധാരാളം പരാതികൾ ഇക്കാര്യത്തിൽ വർഷങ്ങളായി വരുന്നുണ്ടെങ്കിലും തുറക്കാൻ പോകുന്ന ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷ നൽകി അധികൃതർ കൈമലർത്തുന്നു.