‘ശ്രീമതിക്ക് കേരളത്തിൽ സംഘടന ചുമതല ഇല്ല’; നിലപാട് വ്യക്തമാക്കി പിണറായി വിജയൻ
തിരുവനന്തപുരം∙ മുതിർന്ന നേതാവ് പി.കെ.ശ്രീമതിക്ക് പ്രായപരിധിയില്‍ ഇളവു നല്കിയതു മഹിളാരംഗത്ത് അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കാനാണെന്നും കേരളത്തില്‍ സംഘടനാ ചുമതല നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അതുകൊണ്ടു തന്നെ എല്ലാ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിലും അവര്‍ പങ്കെടുക്കേണ്ട
സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘‘75 വയസ് വരെയാണ് സഖാക്കളുടെ പ്രവര്‍ത്തന കാലയളവ് എന്നാണ് പാര്‍ട്ടി തീരുമാനം. അതു കഴിഞ്ഞാല്‍ റിട്ടയര്‍ ചെയ്യും.
എനിക്കുള്‍പ്പെടെ ചിലര്‍ക്ക് ഇളവു നല്കി. കേരളത്തിലും പ്രായപരിധി കൃത്യമായി നടപ്പാക്കി.
സംസ്ഥാന സെക്രട്ടേറിയറ്റിലുള്ള പി.കെ.ശ്രീമതി, എ.കെ.ബാലന്, ആനാവൂര്‍ നാഗപ്പന് എന്നിവര്‍ ഒഴിഞ്ഞു. മഹിളാ രംഗത്തു നല്ല പ്രവര്‍ത്തനമാണ് പി.കെ.ശ്രീമതി കാഴ്ചവച്ചിട്ടുള്ളത്.
ആ പ്രവര്‍ത്തനം തുടര്‍ന്നു നടത്താന്‍ അവര്‍ കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടാകണം എന്ന പൊതുഅഭിപ്രായം വന്നു. അതിനായി പ്രായപരിധിയില്‍ ഇളവു നല്കി.
അതു കേരളത്തിന്റെ ഭാഗമായി നല്കിയതല്ല. കേന്ദ്രത്തിന്റെ ക്വാട്ടയില്‍ ഉള്‍പ്പെടുത്തി നല്‍കിയതാണ്.
സാധാരണ നിലയില്‍ അവര്‍ പ്രവര്‍ത്തിക്കുന്നത് രാജ്യത്താകെയാണ്. കേരളത്തില്‍ അല്ല.
എന്നാല്‍ കേരളത്തില്‍ ആണല്ലോ അവര്‍ ജീവിക്കുന്നത്. കേരളത്തില്‍ ഉണ്ടാകുന്ന ഘട്ടത്തില്‍ സംസ്ഥാനകമ്മിറ്റി യോഗം നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കും.
അതിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ചേര്‍ന്നാല്‍ അതിലും പങ്കെടുത്തു എന്നു വരും. പി.കെ.ശ്രീമതിയുടെ കൂടെ ഒഴിഞ്ഞ എ.കെ.ബാലന് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മാത്രമാണ് പങ്കെടുക്കുന്നത്.
കാരണം അദ്ദേഹത്തിന് പ്രായപരിധി ഇളവില്ല. സാധാരണ നിലയില്‍ പ്രായപരിധി കഴിഞ്ഞാല്‍ സംഘടനാചുമതല നല്‍കില്ല.’’ – പിണറായി വിജയൻ പറഞ്ഞു.
‘‘പി.കെ.ശ്രീമതിക്ക് സംഘടനാ ചുമതല മഹിളാ രംഗത്താണ് നല്‍കിയട്ടുള്ളത്.
കേരളത്തിലെ പാര്‍ട്ടി സംഘടനയുടെ ചുമതല എന്ന നിലയ്ക്കല്ല. നേരത്തേ അവര്‍ കേരളത്തിലെ സംഘടനാ ചുമതലയിലാണു പ്രവര്‍ത്തിച്ചിരുന്നത്.
പ്രായപരിധി കഴിഞ്ഞതോടെ അതില്ലാതായിരിക്കുന്നു. ആ സാഹചര്യത്തില്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ ഒരു തടസവുമില്ല.
ആ ഘട്ടത്തില്‍ ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിലും അവരുണ്ടാകും. നേരത്തേ എല്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെയും ഭാഗമായി വരുന്ന ചുമതലകള്‍ നിര്‍വഹിക്കുന്ന കാര്യത്തിലും അവര്‍ ഉണ്ടായിരുന്നു.
ആ ഭാഗങ്ങളൊന്നും ഇപ്പോള്‍ ആ ചുമതലയില്‍ വരുന്നില്ല എന്നര്‍ഥം. അത്ര മാത്രമേ ഉള്ളൂ’’– മുഖ്യമന്ത്രി പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]