
പോത്തന്‍കോട് സുധീഷ് വധം: 11 പ്രതികള്‍ക്കും ജീവപര്യന്തം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെ (35) പോത്തൻകോട് കല്ലൂർ പാണൻവിളയിൽ വീട്ടിൽകയറി കാൽ വെട്ടിമാറ്റുകയും ചെയ്ത കേസിൽ സുധീഷ് ഉണ്ണി, ഗുണ്ടാത്തലവൻ ഒട്ടകം രാജേഷ്, ശ്യാംകുമാർ, നിധീഷ് (മൊട്ട നിധീഷ്), നന്ദിഷ്, രഞ്ജിത്, അരുൺ, സച്ചിൻ, സൂരജ്, ജിഷ്ണു പ്രദീപ്, നന്ദു എന്നിവരെയാണ് ശിക്ഷിച്ചത്. നെടുമങ്ങാട് പ്രത്യേക കോടതി ജഡ്ജി എ.ഷാജഹാനാണ് ശിക്ഷ വിധിച്ചത്.
പ്രതികൾ കുറ്റക്കാരെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. കൊലപാതകം, കൂട്ടംകൂടിയുള്ള ആക്രമണം, ആയുധം കൈവശംവയ്ക്കൽ തുടങ്ങിയ വകുപ്പുകളാണു പ്രതികൾക്കുമേൽ ചുമത്തിയത്. ഒട്ടകം രാജേഷ് 3 കൊലപാതകമടക്കം 18 കേസുകളിൽ പ്രതിയാണ്. പ്രതികളുടെ ഭീഷണിയെത്തുടർന്ന് സാക്ഷികൾ കൂറുമാറിയ കേസിൽ ശാസ്ത്രീയ തെളിവുകളുടെ ബലത്തിലാണു പ്രോസിക്യൂഷൻ കേസ് തെളിയിച്ചത്. പ്രതികളുടെ വസ്ത്രങ്ങളിലും ആയുധങ്ങളിലും നിന്ന് സുധീഷിന്റെ ഡിഎൻഎ അടക്കമുള്ള തെളിവുകൾ ലഭിച്ചതു നിർണായകമായി.
2021 ഡിസംബർ 11നാണു കേസിനാസ്പദമായ സംഭവം. ഒന്നാംപ്രതി സുധീഷ് ഉണ്ണിയെ മുൻപ് സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെയും അമ്മയ്ക്കുനേരെ പടക്കമെറിഞ്ഞതിന്റെയും വൈരാഗ്യത്തിലായിരുന്നു ആക്രമണം. ഒളിവിൽ താമസിച്ചിരുന്ന സുധീഷ് സംഭവ ദിവസം അക്രമികളെ കണ്ട് ഭയന്നോടി ബന്ധുവായ സജീവിന്റെ വീട്ടിലേക്കു കയറി. പിന്തുടർന്നെത്തിയ സംഘം അതിക്രമിച്ചു കയറി കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിലിട്ട് സുധീഷിനെ വെട്ടുകയായിരുന്നു. സമീപ വീടുകളിലും ആക്രമണം നടത്തി.
പകതീരാതെ സുധീഷിന്റെ വലതുകാൽ മുട്ടിനുതാഴെ വെട്ടിയെടുത്തശേഷം ബൈക്കിൽ ആഹ്ലാദപ്രകടനം നടത്തുകയും കല്ലൂർ ജംക്ഷനിൽ കാൽ റോഡിലെറിയുകയും ചെയ്തു. പൊലീസെത്തി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുംവഴിയാണു സുധീഷ് മരിച്ചത്. ഒട്ടകം രാജേഷിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് സുധീഷ് മൊഴി നൽകിയിരുന്നു.ലഹരി ഇടപാടുമായി ബന്ധപ്പെട്ട ക്വട്ടേഷനാണ് ഇരുസംഘങ്ങളും തമ്മിലുള്ള ആക്രമണത്തിൽ കലാശിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
ഓട്ടോ ഡ്രൈവറായ ആറാം പ്രതി രഞ്ജിത് ആക്രമണത്തിനു ശേഷം മറ്റു പ്രതികളെ പലയിടത്തായി ഓട്ടോയിൽ ഇറക്കിവിട്ടിരുന്നു. രഞ്ജിത് ആണ് ആദ്യം പിടിയിലായത്. ഇയാളിൽനിന്നു ലഭിച്ച വിവരങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെയാണു മറ്റുള്ളവരെ പിടികൂടിയത്. റൂറൽ എസ്പിയായിരുന്ന പി.കെ.മധു പോത്തൻകോട് സ്റ്റേഷനിൽ ക്യാംപ് ചെയ്താണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.