
ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കെതിരെ അങ്കം കുറിച്ച് കേരളത്തിൽ വേരുള്ള ഹന്ന; പ്രായം കുറഞ്ഞ സ്ഥാനാർഥിയായി 29കാരി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ ഈ ശനിയാഴ്ച നടക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്കാരനായ പ്രധാനമന്ത്രി അന്റോണി ആൽബനീസിന് എതിരെ സിഡ്നിക്കടുത്ത ഗ്രെയ്ൻഡ്ലർ മണ്ഡലത്തിൽ മത്സരിക്കുന്നവരിൽ ഗ്രീൻസ് പാർട്ടി സ്ഥാനാർഥി ഹന്ന തോമസും. അയിരൂർ കാഞ്ഞീറ്റുകര കേളുതറയിലും കുമ്പനാട്ട് കുടുംബത്തിലും വേരുകളുള്ള മലേഷ്യൻ മുൻ അറ്റോണി ജനറൽ ടോമി തോമസിന്റെ മകളാണ് ഹന്ന.
കാലാവസ്ഥാ മാറ്റം, ജീവിതച്ചെലവിലെ വർധന, പാർപ്പിടം, പഠനച്ചെലവ് തുടങ്ങി യുവജനങ്ങളെ ബാധിക്കുന്ന പല പ്രശ്നങ്ങളും പരിഹരിക്കാൻ പിന്തുണയ്ക്കണമെന്നാണ് ഗ്രീൻസ് പാർട്ടിയുടെ അഭ്യർഥന. 1.8 കോടിയോളം വരുന്ന വോട്ടർമാരാണ് വിധിയെഴുത്തിന് തയാറെടുക്കുന്നത്. നിയമരംഗത്തും മനുഷ്യാവകാശ–പരിസ്ഥിതി രംഗത്തും പ്രവർത്തിക്കുന്ന ഹന്ന 2009 ലാണ് മലേഷ്യയിൽ നിന്ന് വിദ്യാർഥി വീസയിൽ ഓസ്ട്രേലിയയിൽ എത്തുന്നത്. ഗ്രെയ്ലൻഡറിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് 29 വയസ്സുള്ള ഹന്ന.
1996 മുതൽ ഇവിടുത്തെ ജനപ്രതിനിധിയായ 62 വയസ്സുള്ള ആൽബനീസിന് എതിരെ മത്സരിക്കുന്നതിൽ വലിയ കാര്യമൊന്നും ഇല്ലെങ്കിലും ചെറുപ്പക്കാരുടെ പ്രതിനിധിയായി നിലകൊണ്ട് മുതിർന്ന നേതാവിനെതിരെ നടത്തുന്ന ആശയപ്പോരാട്ടം എന്നാണ് സ്ഥാനാർഥിത്വത്തെ ഹന്ന വിശേഷിപ്പിക്കുന്നത്. 150 അംഗ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ അനേകം ചെറുപാർട്ടികൾ മത്സരിക്കുന്നു എന്നതും പ്രത്യേകതയാണ്. സ്വതന്ത്രർ ഉൾപ്പെടെ 6 പേർ മത്സരിക്കുന്ന ഗ്രെയ്ൻഡ്ലർ മണ്ഡലത്തിലെ ബാലറ്റ് പേപ്പറിൽ നാലാമതാണ് ഹന്നയുടെ സ്ഥാനം. ഒരു സ്വതന്ത്ര ഉൾപ്പെടെ അഞ്ച് രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർഥികൾ ഇവിടെ ജനവിധി തേടുന്നു. 2022 ലെ തിരഞ്ഞെടുപ്പിൽ ആൽബനീസിന് ഏകദേശം 53% വോട്ടും ഗ്രീൻ പാർട്ടിക് 22%വോട്ടും ലഭിച്ചതായാണ് കണക്കുകൾ.
ഏതാനും നാളുകൾക്ക് മുൻപ് പ്രധാനമന്ത്രിയുടെ ഓഫിസിനു സമീപം നടന്ന ഇസ്രയേൽ യുദ്ധവിരുദ്ധ സമരത്തിൽ ഹന്ന തോമസ് പങ്കെടുത്തതും തിരഞ്ഞെടുപ്പ് ചർച്ചകളിലെ സജീവ വിഷയമാണ്. പ്രിഫറൻസ് വോട്ട് നിലവിലുള്ള ഓസ്ട്രേലിയയിൽ രണ്ടാം സ്ഥാനത്തേക്ക് ആൽബനീസിന്റെ ലേബർ പാർട്ടി നിർദേശിച്ചിരിക്കുന്ന പേരും ഹന്നയുടേതാണ്. ഹന്നയുടെ പിതാവ് ടോമി തോമസ് മലേഷ്യൻ എയർ ലൈൻസ് എംഎച്ച് 370 ന്റെ നിഗൂഢ തിരോധാനം സംബന്ധിച്ച വ്യോമയാന ചരിത്രത്തിലെ തന്നെ സുപ്രധാന കേസ് ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന മലേഷ്യയിലെ നിയമ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ്.