
നവതിയുടെ നിറവിൽ ഡോ. മേരി കളപ്പുരയ്ക്കൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശ്രീകണ്ഠപുരം∙ ഭാരത കത്തോലിക്കാസഭയിലെ ആദ്യത്തെ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗവും കാരിത്താസ് ഹോസ്പിറ്റൽ പാലിയേറ്റീവ് കെയറിന്റെയും പയ്യാവൂർ മേഴ്സി ഹോസ്പിറ്റലിന്റെയും സ്ഥാപകയുമായ ഡോ. മേരി കളപ്പുരയ്ക്കലിന് ഇന്ന് 90ാം പിറന്നാൾ. പാലിയേറ്റീവ് കെയർ എന്ന പേര് മലയാളികൾക്കു സുപരിചിതമാകുന്നതിനു മുമ്പ് അവികസിത മലബാറിൽ 1970കളിൽ തന്നെ വീടുകൾ തോറും കയറിയിറങ്ങി സാന്ത്വനചികിത്സ നൽകിയിരുന്ന വ്യക്തിയായിരുന്നു ഡോ. മേരി.
മലബാറിന്റെ ആരോഗ്യരംഗത്ത് ആർക്കും അവഗണിക്കാനാവാത്ത സംഭാവനകൾ നൽകിയതിന്റെ പേരിൽ മലബാറിന്റെ അമ്മ എന്ന വിശേഷണത്തിനും അവാർഡിനും അർഹയായി. മറ്റുള്ളവരെ സഹായിക്കാനുളള നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുമുണ്ട്. ആതുര ശുശ്രൂഷാരംഗത്ത് 57 വർഷം സേവനം കാഴ്ചവച്ച ഡോക്ടർ 86 ാം വയസ്സിൽ 2021 മാർച്ചിലാണ് കാരിത്താസ് ആശുപത്രിയിൽനിന്നു വിരമിച്ചത്.
കോട്ടയം കൂടല്ലൂർ കളപ്പുരയ്ക്കൽ ജോസഫിന്റെയും കൊച്ചന്നായുടെയും ഏഴുമക്കളിൽ മൂത്തയാളായി 1935 ഏപ്രിൽ 30 നായിരുന്നു ജനനം. ജർമ്മനിയിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം തിരികെയെത്തിയ ഡോക്ടർ മേരിയെ കോട്ടയം രൂപതാധ്യക്ഷനായിരുന്ന മാർ. തോമസ് തറയിൽ കാരിത്താസ് ഹോസ്പിറ്റലിലെ പ്രഥമ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി നിയമിക്കുകയായിരുന്നു.
പേരൂർ സൗഭാഗ്യയിൽ ഇന്ന് വൈകുന്നേരം നാലുമണിക്ക് ലളിതമായ ചടങ്ങുകളോടെ ഡോക്ടർ മേരിയുടെ നവതിയാഘോഷങ്ങൾ നടത്തും. ചടങ്ങുകളുടെ പേരിലുള്ള ആഘോഷങ്ങൾക്കും ധൂർത്തിനുമെതിരെ നിരന്തരം ശബ്ദിക്കുകയും എഴുതുകയും ചെയ്യുന്ന ഡോക്ടർക്ക് ഈ ദിവസവും വളരെ ലളിതമായി ആചരിക്കാനാണ് താൽപര്യം. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ് ജനറൽ സിസ്റ്റർ ലിസി ജോൺ, ഡോ. ജോജോ വി. ജോസഫ്, എഴുത്തുകാരൻ വിനായക് നിർമൽ തുടങ്ങിയവർ പങ്കെടുക്കും. ഇതോടനുബന്ധിച്ച് ഡോക്ടർ മേരി രചിച്ച ‘സാമീപ്യം സാന്ത്വനം’ എന്ന കൃതിയുടെ പ്രകാശനവും നടക്കും.