
വീണ്ടും തെരുവുനായ വിളയാട്ടം; മുതുകുളത്ത് 10 പേരെ തെരുവുനായ കടിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുതുകുളം∙ മുതുകുളത്ത് ഇന്നലെ ഉച്ചയ്ക്ക് ശേഷം 10 പേർക്ക് തെരുവുനായയുടെ കടിയേറ്റു. പഞ്ചായത്ത് നാലാം വാർഡിൽ തുളസിത്തറയിൽ ശശികല, തിക്കോയിക്കൽ ശശി, സഞ്ചു ഭവനത്തിൽ സുരേന്ദ്രൻ, തുളസിത്തറയിൽ ശ്രീകല, ഗോകുലത്തിൽ ഗീത, അഞ്ചാം വാർഡിൽ ചേലിപ്പിള്ളിൽ സുചിത്ര, ഈരിക്കൽ ഷീല, തഴേശേരിൽ വീട്ടിൽ പൊന്നമ്മ, എട്ടാം വാർഡിൽ മനു നിവാസിൽ തുളസി, രണ്ടാം വാർഡിൽ ശശീന്ദ്രഭവനത്തിൽ ഗീത എന്നിവർക്കാണ് നായയുടെ കടിയേറ്റത്.സാരമായി മുറിവേറ്റ സുരേന്ദ്രൻ, ഗീത, തുളസി എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ ഹരിപ്പാട്, മാവേലിക്കര ഗവൺമെന്റ് ആശുപത്രികളിൽ ചികിത്സ തേടി. വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് ഭൂരിഭാഗം പേർക്കും കടിയേറ്റത്. മുതുകുളം ഹൈസ്കൂൾ ജംക്ഷനു സമീപം റോഡിൽ വച്ചാണ് തുളസി, ഗീത എന്നിവരെ ആക്രമിച്ചത്. നാലാം വാർഡിലെ വെങ്ങാലിൽ സുനിലിന്റെ വീട്ടിലെ ഒരുമാസം പ്രായമുള്ള കാളക്കിടാവിനും മുതുകുളം ഹൈസ്കൂൾ ജംക്ഷന് സമീപം മൂന്നു തെരുവു നായ്ക്കൾക്കും കടിയേറ്റു. കടിച്ച തെരുവുനായയെ കണ്ടെത്താനായില്ല. തെരുവുനായയ്ക്കു പേ വിഷബാധ ഉണ്ടെന്നാണ് സംശയം.
പാതയോരം നിറയെ മാലിന്യം; ചുറ്റും തെരുവുനായ്ക്കൂട്ടം
മുതുകുളത്ത് പാതയോരത്ത് മാലിന്യം കൂട്ടിയിടുന്നതാണ് തെരുവു നായ്ക്കളുടെ ശല്യം വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. മുതുകുളം റോഡിന് ഇരുവശവും ഹോട്ടലുകൾ, ഇറച്ചിക്കടകൾ എന്നിവയുടെ ബാഹുല്യവും ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും വലിച്ചെറിയുന്നതും തെരുവു നായ്ക്കൾ കൂടാൻ കാരണമാണ്. എൻടിപിസി ജംക്ഷൻ, ചൂളത്തെരുവ്, ഹൈസ്കൂൾ ജംക്ഷൻ, വെട്ടത്ത് മുക്ക് എന്നിവിടങ്ങളിൽ റോഡുകളിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നു നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ ഇരുചക്ര വാഹന യാത്രികർ റോഡിലൂടെ പോകുന്നത് ഏറെ ഭയന്നാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് മുതുകുളം പഞ്ചായത്തിൽ പത്തോളം പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.