
വയനാട്ടിലും കുങ്കുമപ്പൂ കൃഷി; പ്രധാനമന്ത്രിയുടെ പ്രശംസയിൽ ശേഷാദ്രിക്ക് പെരുമ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി∙ കിലോയ്ക്ക് ഏഴു ലക്ഷം രൂപ വിലയുള്ള കുങ്കുമപ്പൂ സ്വന്തം വീടിന്റെ ടെറസിൽ കൃഷി ചെയ്ത് വിജയം വരിച്ച ബത്തേരി മലവയൽ സ്വദേശി എസ്. ശേഷാദ്രി രണ്ടാം കൃഷിക്ക് ഒരുങ്ങുന്നു. കൂടുതൽ വിത്തൊരുക്കി വിപുലമായ കൃഷിയിലേക്ക് തിരിയുകയാണ് അദ്ദേഹം. അതിനിടെ ശേഷാദ്രിയുടെ വയനാടൻ കുങ്കുമപ്പൂ രാജ്യവും ശ്രദ്ധിച്ചു കഴിഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ശേഷാദ്രിയുടെ കുങ്കുമപ്പൂ കൃഷിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ചു.
മനസ്സുണ്ടെങ്കിൽ നടപ്പാക്കാൻ വഴിയുമുണ്ട് എന്നതിന്റെ മികച്ച ഉദാഹരണമാണ് വയനാട്ടിലെ കുങ്കുമപ്പൂ കൃഷിയെന്നായിരുന്നു മോദിയുടെ പ്രശംസ.വേറിട്ട സംരംഭങ്ങൾ തേടിയിറങ്ങിയ ശേഷാദ്രി ഒട്ടേറെ ആശയങ്ങൾ ആലോചിച്ചെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ മനസ്സിലുടക്കിയ കുങ്കുമപ്പൂ കൃഷി ചെയ്യാനായിരുന്നു തീരുമാനം. കിറ്റ്കോയിൽ സിവിൽ എൻജിനീയറായിരുന്ന ശേഷാദ്രി ജോലി രാജി വച്ചാണ് സ്വന്തം ആശയങ്ങളിലൂടെ സംരംഭത്തിനിറങ്ങിയത്.
പ്രത്യേക കാലാവസ്ഥയിൽ മാത്രം വളരുന്ന കുങ്കുമപ്പൂവിന് അതേ കാലാവസ്ഥയൊരുക്കുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. കശ്മീരിലെ പാംപോറിലാണ് ഇന്ത്യയിൽ പ്രധാനമായും കുങ്കുമപ്പൂ കൃഷി ചെയ്യുന്നത്. അവിടുത്തെ കാലാവസ്ഥയെ കൃത്യമായി പഠിച്ച് അതേ തണുപ്പും ഊഷ്മാവും ഈർപ്പവുമെല്ലാം ടെറസിൽ നിർമിച്ച ഹാളിൽ സജ്ജീകരിച്ച് എയ്റോപോണിക്സ് രീതിയിലൂടെയാണ് കൃഷിയിറക്കിയത്. കശ്മീരിൽ നിന്നെത്തിച്ച വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്. 180 ട്രേകളിൽ കൃഷി ചെയ്ത ശേഷാദ്രിക്ക് 300 ഗ്രാമിലധികം പൂവ് ലഭിച്ചു. രണ്ടാം കൃഷിക്കായി വീടിനടുത്തു തന്നെ വിത്തുകൾ മുളപ്പിച്ചു കഴിഞ്ഞു അദ്ദേഹം.