
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട തുടക്കം. പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സാണ് ഡല്‍ഹി നേടിയത്. കരുണ്‍ നായരിന്റേയും അഭിഷേക് പോറലിന്റേയും വിക്കറ്റുകളാണ് നഷ്ടമായത്.
205 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് തിരിച്ചടിയോടെയായിരുന്നു തുടക്കം. ആദ്യ പന്തില്‍ അനുകൂല്‍ റോയിയെ ബൗണ്ടറി കടത്തിയ അഭിഷേക് പോറലിന് രണ്ടാം പന്ത് അതിജീവിക്കാനായില്ല. കൂറ്റനടിക്ക് ശ്രമിച്ച് അഭിഷേക് ആന്ദ്രെ റസലിന് അനായാസ ക്യാച്ച് നല്കി മടങ്ങുകയായിരുന്നു. രണ്ട് പന്തില്‍ നാല് റണ്‍സായിരുന്നു അഭിഷേകിന്റെ സമ്പാദ്യം. മൂന്നാമനായി മലയാളി താരം കരുണ്‍ നായരാണ് ക്രീസിലെത്തിയത്.
രണ്ടാം ഓവറില്‍ വൈഭവ് അറോറയെ സിക്സര്‍ പായിച്ച് ഫാഫ് ഡുപ്ലെസിസ് തന്റെ ആദ്യ ബൗണ്ടറി കണ്ടെത്തി. രണ്ടാം ഓവറില്‍ പത്ത് റണ്‍സ് സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കാനാണ് ഡല്‍ഹിക്കായത്. മൂന്നാം ഓവറിന്റെ തുടക്കത്തില്‍ തന്നെ കരുണ്‍ ബൗണ്ടറി നേടി. എന്നാല്‍, പിന്നീട് അനുകൂല്‍ തിരിച്ചുവരവ് നടത്തി. മൂന്നാം ഓവറില്‍ അവശേഷിച്ച അഞ്ച് പന്തില്‍ നാല് റണ്‍സ് മാത്രമാണ് ഡല്‍ഹിയുടെ ബാറ്റര്‍മാര്‍ക്ക് നേടാൻ സാധിച്ചത്.
എന്നാല്‍ ഹര്‍ഷിത് റാണയെറിഞ്ഞ നാലാം ഓവറിലാണ് ഡല്‍ഹിക്ക് കാര്യമായി സ്കോര്‍ ചെയ്യാനായത്. മൂന്ന് ബൗണ്ടറികളാണ് ഡുപ്ലെസിസ് ഹര്‍ഷിതിനെതിരെ നേടിയത്. ആകെ 14 റണ്‍സ് ഓവറില്‍ പിറന്നു. അടിക്ക് തിരിച്ചടിയെന്നവണ്ണം അടുത്ത ഓവറില്‍ വൈഭവ് കരുണ്‍ നായരിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ടൂര്‍ണമെന്റിലെ മികച്ച തുടക്കത്തിന് ശേഷം കരുണ്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. 13 പന്തില്‍ രണ്ട് ഫോറടക്കം 15 റണ്‍സായിരുന്നു കരുണിന്റെ സമ്പാദ്യം.
വിക്കറ്റുകള്‍ ഒരു വശത്ത് വീഴുമ്പോഴും ഡുപ്ലെസിസ് പോരാട്ടം തുടര്‍ന്നു. വൈഭവിനെ ബൗണ്ടറി വര കടത്തി കരുണിന്റെ വിക്കറ്റ് നല്കിയ പ്രഹരത്തില്‍ നിന്നൊരു ആശ്വാസം ഡല്‍ഹി ക്യാമ്പിന് താരം നല്കി. വരുണ്‍ ചക്രവർത്തിയെറിഞ്ഞ പവർപ്ലേയിലെ അവസാന ഓവറില്‍ 10 റണ്‍സ് വന്നതോടെ ഭേദപ്പെട്ട സ്കോറിലേക്ക് എത്താൻ ഡല്‍ഹിക്ക് സാധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]