
സ്വപ്നസാഫല്യം: നാദാപുരം റോഡ് റെയിൽവേ അടിപ്പാത ഉദ്ഘാടനം ആഘോഷമാക്കി നാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകര ∙ ചിരകാല സ്വപ്നമായ നാദാപുരം റോഡ് റെയിൽവേ അടിപ്പാതയുടെ ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ. കാരക്കാട് പെയ്ൻ പാലിയേറ്റീവിന്റെ ഹോം കെയർ ആംബുലൻസ് കടത്തി വിട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അടിപ്പാത നാടിന് സമർപ്പിച്ചു. നാട മുറിക്കുകയും ശിലാഫലകം അനാഛാദനം ചെയ്യുകയും ചെയ്തു.
കിഴക്കും പടിഞ്ഞാറും രണ്ടായി പകുത്ത റെയിൽപാളത്തെ മുറിച്ചു കടക്കാൻ നിർമിക്കപ്പെട്ട അണ്ടർ പാസിലൂടെ പരിഹരിക്കപ്പെടുന്നതു 2 പ്രദേശത്തുകാരുടെ ദീർഘനാളത്തെ യാത്രാ ക്ലേശമാണ്. നീണ്ട ഏഴു വർഷമായി പ്രതീക്ഷയോടെ കാത്തിരുന്ന അടിപ്പാതയുടെ ഉദ്ഘാടനം നേരിൽ കാണാൻ ഒരു നാട് തന്നെ ഒഴുകി എത്തി. തുറന്ന വാഹനത്തിൽ മന്ത്രിയെയും കെ.െക.രമ എംഎൽഎയും മറ്റൊരു വാഹനത്തിൽ മുൻ എംഎൽഎ സി.കെ.നാണുവിനെയും വിശിഷ്ട വ്യക്തികളെയും ആനയിച്ചു.
കെ.കെ.രമ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ കെ.എം.സത്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎ സി.കെ.നാണു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ, ജില്ല പഞ്ചായത്ത് മെംബർ എൻ.എം.വിമല, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ ശശികല ദിനേശൻ, മെംബർമാരായ ബിന്ദു വള്ളിൽ, പി.എം.രമ്യ, ടി.ബിന്ദു, റീന മണിയോത്ത്, യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി, റെയിൽവേ അസി.ഡിവിഷനൽ എൻജിനീയർ കെ.എം.സതീന്ദ്രൻ, സീനിയർ സെക്ഷൻ എൻജിനീയർമാരായ പി.ആർ.അക്ഷയ്, ആബിദ് പരാരി, ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.കെ.ഷൈജു, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, ടി.പി.ബിനീഷ്, പറമ്പത്ത് പ്രഭാകരൻ, യു.അഷറഫ്, കെ.രഞ്ജിത്ത് കുമാർ, അനിൽ കക്കാട്ട്, പ്രദീപ്കുമാർ പുത്തലത്ത്, പി.സത്യനാഥൻ, ബാബു പറമ്പത്ത്, ടി.കെ.സിബി, കെ.പി.പ്രമോദ്, മുബാസ് കല്ലേരി, വേണു പൂന്തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
മുൻ എംഎൽഎ സി.കെ.നാണുവിന്റെ ഫണ്ടിൽ നിന്നു ഒരു കോടി 86 ലക്ഷം രൂപ ചെലവഴിച്ച് അടിപ്പാതയും മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ച് അപ്രോച്ച് റോഡ്, അഴുക്കുചാൽ, മേൽക്കൂര എന്നിവയും നിർമിച്ചതോടെയാണ് നാദാപുരം റോഡിൽ റെയിൽവേ മുറിച്ചു കടന്നുള്ള വാഹന യാത്രയ്ക്കായി അടിപ്പാത യാഥാർഥ്യമായത്.
ദേശീയപാത പൂർത്തീകരണം 2025ൽ
പുതിയ ദേശീയപാത 2025 ഡിസംബറോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നാദാപുരം റോഡിൽ റെയിൽവേ അടിപ്പാത ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പല സ്ഥലങ്ങളിലെയും അടിപ്പാത ഉൾപ്പെടെ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടിട്ടുണ്ട്. അത് ഇനിയും തുടരും.