
ദേശീയപാതയിൽ കോഴിഫാമിനു മാത്രമായി അടിപ്പാത; ഗേറ്റും സ്ഥാപിച്ചു: നാട്ടുകാരിൽ കൗതുകവും ആശങ്കയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ ആറുവരി ദേശീയപാതയിൽ മുണ്ടയാട് പോൾട്രി ഫാമിനു സമീപം അടിപ്പാതയിൽ ഗേറ്റ് സ്ഥാപിച്ച് ഇരുവശവും അടച്ചുപൂട്ടി. ദേശീയപാതയുടെ ഇരുവശത്തെയും സർവീസ് റോഡുകളെ ബന്ധിപ്പിക്കുന്ന അടിപ്പാതയിൽ ഗേറ്റ് സ്ഥാപിച്ചത് നാട്ടുകാരിൽ കൗതുകവും ആശങ്കയും ഉയർത്തിയിരിക്കുകയാണ്. ചെറിയ വാഹനങ്ങൾക്കു മാത്രം കടന്നുപോകാൻ പാകത്തിലുള്ളതാണ് അടിപ്പാത. മുണ്ടയാട് റീജനൽ പോൾട്രി ഫാമിന് വേണ്ടി മാത്രമായാണ് അടച്ചുപൂട്ടിയ അടിപ്പാതയെന്നാണു വിവരം. പോൾട്രി ഫാം അധികൃതരുടെ ആവശ്യം പരിഗണിച്ചാണ് അടിപ്പാത നിർമിച്ചതെന്നും ഗേറ്റ് സ്ഥാപിച്ചത് പോൾട്രി ഫാം അധികൃതരാണെന്നും ദേശീയപാത അതോറിറ്റി പറയുന്നു. ആളൊഴിഞ്ഞ സ്ഥലമായതിനാൽ അടിപ്പാത സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയേക്കും എന്ന ആശങ്കയുള്ളതിനാലാണ് അടിപ്പാത ഗേറ്റ് സ്ഥാപിച്ച് അടയ്ക്കാൻ അനുമതി നൽകിയതെന്നാണു ദേശീയപാത അധികൃതർ പറയുന്നത്.
കോഴിഫാം അധികൃതർ കനിഞ്ഞാലേ ഇത് പൊതുജനത്തിന് ഉപയോഗിക്കാൻ കഴിയൂ. ഇതിനെതിരെ ആക്ഷേപമുയരുന്നുണ്ട്. അടിപ്പാതയ്ക്കു തൊട്ടടുത്തു തന്നെ രണ്ട് വലിയ അടിപ്പാതകളുണ്ട്. വടക്ക് ഭാഗത്ത് മേലെചൊവ്വ– മട്ടന്നൂർ റോഡിലും തെക്ക് താഴെചൊവ്വ– എളയാവൂർ റോഡിലും വലിയ അടിപ്പാതയുണ്ട്.
അതേസമയം, അടിപ്പാത അനിവാര്യമായ പല സ്ഥലങ്ങളിലും അനുവദിച്ചിട്ടില്ല. ഇക്കാര്യത്തിൽ ജില്ലയിലെ പലസ്ഥലങ്ങളിലും ജനം സമരത്തിലാണ്. കണ്ണൂർ– തോട്ടട– തലശ്ശേരി റൂട്ടിലെ ഗതാഗത ക്ലേശം പരിഹരിക്കാൻ നടാൽ ഒകെ യുപി സ്കൂളിന് സമീപം അടിപ്പാത വേണമെന്ന ആവശ്യം ഇനിയും ദേശീയപാത അതോറിറ്റി പരിഗണിച്ചിട്ടില്ല.
ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ നഗരത്തിൽ നിന്ന് തോട്ടട വഴി തലശ്ശേരിയിലേക്കു പോകുന്ന ബസുകളടക്കമുള്ള വലിയ വാഹനങ്ങൾക്ക് മൂന്നര കിലോ മീറ്റർ വീണ്ടും കണ്ണൂർ ഭാഗത്തേക്ക് ഓടി ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാത വഴി തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കേണ്ടിവരും. ഇത്തരം സ്ഥലങ്ങളിൽ അടിപ്പാത പരിഗണിക്കപ്പെടാതിരിക്കുമ്പോൾ, ഒരു സ്ഥാപനത്തിനു മാത്രമായി അടിപ്പാത നിർമിച്ച് ഗേറ്റ് സ്ഥാപിച്ച് പൂട്ടിയിട്ടതിനെതിരെ വിമർശനമുയരുന്നുണ്ട്.