
പ്രധാനമന്ത്രി മോദി വിഴിഞ്ഞത്ത് എത്തുമെന്ന് ഉറപ്പിച്ച് സർക്കാർ; എസ്പിജി സുരക്ഷാ പരിശോധന നടത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിഴിഞ്ഞം∙ രാജ്യാതിർത്തിയിൽ അസ്വസ്ഥത നിലനിൽക്കുന്നുണ്ടെങ്കിലും വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കമ്മിഷനിങ്ങിനു പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്നുറപ്പിച്ച് സർക്കാർ. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാനും നിരീക്ഷിക്കാനുമായി ഡൽഹിയിൽ നിന്നുള്ള എസ്പിജി (സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) ഇന്നലെ രാവിലെ തുറമുഖത്തെത്തി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം ഹെലിപാഡുകൾ, കമ്മിഷനിങ് ചടങ്ങ് നടക്കുന്ന ബെർത്ത്, ഉദ്ഘാടനയോഗം നടക്കുന്ന വേദി എന്നിവ സന്ദർശിച്ചു. തുടർന്ന് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ട്രയൽ റൺ 30ന് നടക്കും.
മേയ് ഒന്നിനു തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിൽ തങ്ങി രണ്ടിനു രാവിലെ 11ന് എയർഫോഴ്സിന്റെ പ്രത്യേക ഹെലികോപ്റ്ററിൽ തുറമുഖത്ത് ഇറങ്ങും. മൂന്നു ഹെലിപാഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. പോർട്ട് ഓപ്പറേഷൻ മന്ദിരം (പിഒബി), മുഖ്യ പ്രവേശന കവാടം എന്നിവിടങ്ങളിലാണു പ്രധാന ഹെലിപാഡുകൾ.
ഇതിൽ പിഒബിക്കു സമീപത്തെ ഹെലിപാഡിനാണു മുൻഗണന. അടിയന്തര ലാൻഡിങ്ങിനായി വലിയ കടപ്പുറത്തും ഹെലിപാഡ് ഉണ്ടാകും. പ്രധാനമന്ത്രിയെ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ ചേർന്നു സ്വീകരിക്കും. തുടർന്ന് പിഒബി മന്ദിരത്തിൽ എത്തി കംപ്യൂട്ടർ നിയന്ത്രിത തുറമുഖ പ്രവർത്തനം വീക്ഷിക്കും. പിന്നീട് ബെർത്തിൽ കമ്മിഷനിങ് നിർവഹിച്ചശേഷം വേദിയിലെത്തി പ്രസംഗിക്കും. ഉദ്ഘാടനവേദി സജ്ജമാക്കുന്ന ജോലി തുടങ്ങി. പതിനായിരത്തോളം പേരെയാണ് ചടങ്ങിനു പ്രതീക്ഷിക്കുന്നത്.
വിഴിഞ്ഞം കമ്മിഷനിങ് ചടങ്ങിൽ പ്രതിപക്ഷ നേതാവിനു ക്ഷണമില്ല
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ, പ്രധാനമന്ത്രി പങ്കെടുക്കുന്ന കമ്മിഷനിങ് ചടങ്ങിലേക്കു പ്രതിപക്ഷ നേതാവിനു ക്ഷണമില്ല. തുറമുഖത്തെ ആദ്യ ചരക്കു കപ്പലിനെ സ്വീകരിച്ചപ്പോൾ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ട്രയൽ റൺ ഉദ്ഘാടനത്തിൽനിന്ന് ഒഴിവാക്കി. ഇതേ മാതൃകയിലാണു കമ്മിഷനിങ് ചടങ്ങിലും പ്രതിപക്ഷ നേതാവിനെ വെട്ടിയത്.
സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായാണു കമ്മിഷനിങ് എന്നും വാർഷികാഘോഷം പ്രതിപക്ഷം ബഹിഷ്കരിക്കുന്നതിനാൽ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുന്നില്ലെന്നുമാണു സർക്കാരിന്റെ വിശദീകരണം. എന്നാൽ, കോൺഗ്രസ് നേതാക്കളായ സ്ഥലം എംപി ശശി തരൂർ, എംഎൽഎ എം.വിൻസെന്റ് എന്നിവർ ക്ഷണിക്കപ്പെടേണ്ടവരുടെ പട്ടികയിലുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ച പട്ടിക അന്തിമമാക്കി തിരിച്ചുവന്നിട്ടില്ല.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ‘ക്രെഡിറ്റ്’ ആർക്ക് എന്ന മത്സരം ഭരണപക്ഷത്തും പ്രതിപക്ഷത്തുമുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തു തുറമുഖവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യ നാഴികക്കല്ല്, നിർമാണത്തിനുള്ള ക്രെയിനുകളുമായി 2023 ഒക്ടോബറിൽ ആദ്യ ചരക്കു കപ്പൽ അടുത്തതാണ്. ഈ ചടങ്ങിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് പദ്ധതിയുടെ മുഴുവൻ ക്രെഡിറ്റും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു നൽകിയും എൽഡിഎഫിനെ വിമർശിച്ചുമാണു പ്രസംഗിച്ചത്.
ശശി തരൂർ എംപിയും വിൻസെന്റും ചടങ്ങിലുണ്ടായിരുന്നു. എന്നാൽ, 2024 ജൂലൈയിൽ ആഘോഷമായി ട്രയൽ റൺ ഉദ്ഘാടനം നടത്തിയപ്പോൾ സ്ഥലം എംപിയെയും എംഎൽഎയെയും മാത്രമാണു ക്ഷണിച്ചത്. തീരദേശവാസികൾ നേരിട്ട പ്രശ്നങ്ങൾ പരിഹരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ശശി തരൂർ വിട്ടുനിന്നപ്പോൾ, പദ്ധതി യുഡിഎഫിന്റെ കുഞ്ഞാണെന്ന നിലപാടെടുത്ത് വിൻസെന്റ് പങ്കെടുത്തു.
ഇന്നലെ തുറമുഖത്തു സന്ദർശനത്തിനെത്തിയ ശശി തരൂർ കമ്മിഷനിങ്ങിൽ പങ്കെടുക്കുമെന്നു വ്യക്തമാക്കി. കമ്മിഷനിങ് ചടങ്ങിലേക്കു ക്ഷണിച്ചാൽ വേദിയിൽ ഇരിക്കും, ഇല്ലെങ്കിൽ സദസ്സിലിരിക്കുമെന്നു വിൻസെന്റ് പറഞ്ഞു. അതേസമയം, ക്ഷണിക്കാത്തതിനെക്കുറിച്ചു പ്രതിപക്ഷ നേതാവ് പ്രതികരിച്ചിട്ടില്ല. എംപിയോ എംഎൽഎയോ പങ്കെടുക്കുന്നതിനെ കോൺഗ്രസ് വിലക്കിയിട്ടുമില്ല.
കമ്മിഷനിങ് തീയതി തീരുമാനിച്ചതു പ്രധാനമന്ത്രിയുടെ സൗകര്യം നോക്കിയാണ്. ഡിസംബറിൽ നടത്തേണ്ട കമ്മിഷനിങ്ങാണു മേയിലേക്കു നീണ്ടത്. എന്നാൽ, കമ്മിഷനിങ്ങിനെ വാർഷികാഘോഷ പരിപാടിയുടെ ഭാഗമായാണു സർക്കാർ വ്യാഖ്യാനിക്കുന്നത്. അങ്ങനെയെങ്കിൽ, എൽഡിഎഫ് സർക്കാരിന്റെ വാർഷികാഘോഷ പരിപാടിക്കു പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കുന്നതെങ്ങനെയെന്ന ചോദ്യവുമുയരുന്നു.
വിജിഎഫ് ഗ്രാന്റ് ആയി ലഭ്യമാക്കേണ്ടിയിരുന്നു: ശശി തരൂർ
വിഴിഞ്ഞം∙രാജ്യാന്തര തുറമുഖ പദ്ധതിക്കു കേന്ദ്രം വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) വായ്പയായിട്ടല്ല, ഗ്രാന്റായിട്ടായിരുന്നു ലഭ്യമാക്കേണ്ടിയിരുന്നതെന്നു ശശി തരൂർ എംപി. വിജിഎഫ് ഗ്രാന്റാക്കി മാറ്റുന്നതിന് സംസ്ഥാന സർക്കാർ ഇനിയും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്മിഷനിങ്ങിനു മുന്നോടിയായി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയതായിരുന്നു തരൂർ.
രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാൽ മതി എന്ന മുൻനിലപാടിൽ മാറ്റമില്ല. എല്ലാ പാർട്ടിക്കാരും ആഗ്രഹിച്ച പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. ഉമ്മൻ ചാണ്ടി സർക്കാരിന്റെകാലത്തു നിർമാണം തുടങ്ങിയ പദ്ധതിക്കു തുടർന്നുവന്ന പിണറായി സർക്കാർ വലിയ പിന്തുണ നൽകി. വിഴിഞ്ഞം സമരസമയത്ത് പണി നിർത്തിവയ്ക്കണം എന്നതൊഴികെ സമരക്കാരുടെ മറ്റ് ആവശ്യങ്ങൾക്കൊപ്പം താൻ നിന്നുവെന്നും അദ്ദേഹം പറഞ്ഞു. തുറമുഖ ഓഫിസ് സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിൽക്കണ്ടു മനസ്സിലാക്കിയ ശേഷം ടഗ് യാത്രയും നടത്തിയാണു തരൂർ മടങ്ങിയത്.