
നാടുകാണി റോഡ് യാത്രായോഗ്യമാക്കാതെ ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടക്കര ∙ നാടുകാണിയിൽ റോഡ് തകർന്ന് യാത്രക്കാരുടെ നടുവെടിയുമ്പോഴും ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധം. നാടുകാണി ചുരത്തിൽ സംസ്ഥാന അതിർത്തി മുതൽ നാടുകാണി ജംക്ഷൻ വരെ 4 കിലോമീറ്ററോളം റോഡ് മിക്കയിടത്തും വലിയ കുഴികളാണ്. കുഴിയിൽചാടി നിയന്ത്രണംവിട്ട് വാഹനങ്ങൾ കൊക്കയിലേക്കു മറിഞ്ഞ് ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം ഊട്ടിയിൽനിന്നു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ കൊക്കയിലേക്കു മറിഞ്ഞ് 4 പേർക്ക് പരുക്കേറ്റു. കാർ 40 മീറ്ററോളം താഴ്ചയിൽ ചെന്ന് മരത്തിൽ തങ്ങിനിൽക്കുകയായിരുന്നു. ചെറിയകല്ലള ഭാഗത്താണു സംഭവം.
ഇതേ സ്ഥലത്ത് ഇതിനുമുൻപ് 5 കാറുകൾ കൊക്കയിലേക്കു മറിഞ്ഞിട്ടുണ്ട്. റോഡിന് ഒരുവശം ചരിവാണ്. ക്രാഷ് ഗാർഡോ സംരക്ഷണ തൂണുകളോ ഇല്ല. കഴിഞ്ഞ 3 മാസത്തിനിടയിൽ താഴെ നാടുകാണിക്കും പോബ്സൺ എസ്റ്റേറ്റിനും ഇടയിൽ 7 ചരക്കുലോറികളാണ് കുഴിയിൽചാടി നിയന്ത്രണംവിട്ടു മറിഞ്ഞത്. ഇതുമൂലം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. റോഡ് യാത്രായോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നീലഗിരിയിലെ വ്യാപാരികളും രാഷ്ട്രീയപാർട്ടികളും സമരങ്ങൾ നടത്തിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ഇതിനിടയിലും ഒരു വിട്ടുവീഴ്ചയുമില്ലതെ ചുരം കയറിയെത്തുന്ന വാഹനങ്ങൾക്ക് തമിഴ്നാട്ടിലേക്ക് കടക്കുന്നതിന് ടോൾപിരിക്കുന്നത് തുടരുകയാണ്. ടൂറിസ്റ്റുകൾ ധാരാളമെത്തുന്ന ഈ സമയത്ത് ലക്ഷക്കണക്കിനു രൂപയാണ് ടോൾ ആയി. പിരിച്ചെടുക്കുന്നത്. ആദ്യം റോഡ് നന്നാക്കു, എന്നാലേ ടോൾ നൽകൂ എന്ന നിലപാടിലാണ് യാത്രക്കാർ. ടോൾ ബൂത്തിൽ പണപ്പിരിവിനു നിൽക്കുന്ന ജീവനക്കാരോട് പ്രതിഷേധം അറിയിക്കുന്നുണ്ട്. റോഡ് നന്നാക്കുന്നതു വരെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലോറി ഓണേഴ്സ് അസോസിയേഷൻ നീലഗിരി കലക്ടർക്കു നിവേദനം നൽകിയിട്ടുണ്ട്.