
കനത്ത മഴയും കാറ്റും: വ്യാപക നാശം, ആടിയുലഞ്ഞ് മലയോര മേഖല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനാപുരം∙ കനത്ത മഴയും കാറ്റും മലയോരത്ത് വ്യാപക നാശം വിതച്ചു. മരങ്ങൾ ഒടിഞ്ഞു വീണും വൈദ്യുത ത്തുൺ പിഴുതു വീണും ഗതാഗത തടസ്സം ഉണ്ടായി. വാഹനങ്ങൾക്ക് മുകളിൽ മരം വീണും വിളകൾ നശിച്ചും ലക്ഷങ്ങളുടെ നഷ്ടം ഉണ്ട്. തടി ഡിപ്പോയിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും മരം ഒടിഞ്ഞു വീണ സമയത്ത് ആളുകൾ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി.
താലൂക്കിൽ പൊതുവേ എല്ലായിടത്തും കനത്ത മഴ പെയ്തു. ടൗണിൽ വീശിയ മൂന്നു മിനിറ്റ് ദൈർഘ്യമുള്ള കാറ്റ് കെഎസ്ആർടിസി ഡിപ്പോ, തടി ഡിപ്പോ, ജനതാ ജംക്ഷൻ–പൊലീസ് സ്റ്റേഷൻ റോഡ് സർക്കിളിൽ എന്നിവിടങ്ങളിലെല്ലാം വലിയ തോതിൽ നാശം വിതച്ചു. കെഎസ്ആർടിസി ഡിപ്പോയുടെ സമീപം പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്കു മരം വീണ് നാശം ഉണ്ടായി. സമീപത്തെ തടി ഡിപ്പോയിൽ ഫോറസ്റ്റ് സ്റ്റേഷന്റെ മുന്നിൽ നിന്ന കൂറ്റൻ മരം പിഴുതു വീണു.
നെടുംപറമ്പിൽ സഹകരണ ബാങ്കിനു മുന്നിലെ കെട്ടിടത്തിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. ജനതാ ജംക്ഷൻ–പൊലീസ് സ്റ്റേഷൻ റോഡിൽ അറബിക് കോളജിന് സമീപത്ത് നിന്ന മരങ്ങൾ ഒടിഞ്ഞു വൈദ്യുതത്തുണുകൾക്ക് മുകളിലേക്ക് വീണു. അഞ്ചിലധികം പോസ്റ്റുകളാണ് ഇവിടെ തകർന്നത്. ഇതോടെ ഇതു വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പട്ടാഴി റോഡിൽ കൊച്ചീക്കടവിന് സമീപം വീണ മരം അഗ്നിരക്ഷാ സേനയെത്തിയാണ് മുറിച്ചു നീക്കിയത്.
അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മലയാള മനോരമ ചെളിക്കുഴി ഏജന്റ് ചിറയിൽ പുത്തൻ വീട്ടിൽ അശോകന്റെ വീടിന് മിന്നലേറ്റു. വൈദ്യുതി ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു. വീടിനു പുറത്ത് ഭിത്തിയോട് ചേർന്ന് ഇട്ടിരുന്ന തുണികൾ കത്തി നശിച്ചു. ജല വിതരണ പൈപ്പും ഉരുകി നശിച്ചു. കടുവാത്തോട് അഞ്ചു മലയിൽ രതീഷിന്റെ വീട്ടിലും ഗൃഹോപകരണങ്ങൾ നശിച്ചു. ചെളിക്കുഴി ഷാഹുൽ ഹമീദിന്റെ വീട്ടിൽ ഫാൻ കത്തി. മിന്നലേറ്റാണ് നാശം. ഉച്ചയ്ക്ക് 3.30നായിരുന്നു സംഭവം. പിറവന്തൂർ, വിളക്കുടി, തലവൂർ പഞ്ചായത്തുകളിലും കനത്ത കാറ്റാണ് വീശിയത്.