
സ്നേഹസായാഹ്നം: സൗഹൃദമഴയിലലിഞ്ഞ് ശാരദ മുരളീധരൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സ്നേഹസൗഹൃദങ്ങളുടെ മഴയിൽ നനഞ്ഞ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. വഴുതക്കാട് സർക്കാർ വനിതാ കോളജിൽ സുഹൃത്തുക്കളും സഹപാഠികളും വിവിധ കാലങ്ങളിലെ സഹപ്രവർത്തകരും ചേർന്നാണ് ശാരദ മുരളീധരന് സ്നേഹസായാഹ്നമൊരുക്കിയത്.
ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ.വി.വേണു, അമ്മ ഗോമതി, മക്കളായ ശബരി, കല്യാണി, മരുമകൻ ഭരണി എന്നിവർക്കൊപ്പമാണ് ശാരദ എത്തിയത്. ചെയ്യാൻ ഒരുപാടു കാര്യങ്ങൾ ഇനിയും ബാക്കിയുണ്ടെന്നും ആഗ്രഹിച്ച കാര്യങ്ങൾ മുഴുവൻ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന ചിന്തയാണു മനസ്സിലുള്ളതെന്നും ശാരദ പറഞ്ഞു.
‘രാത്രി പകലിന്റെ തുടക്കമാണ്. രണ്ടിനും പ്രസക്തിയുണ്ട്. രണ്ടും ഉൾക്കൊളളാൻ സാധിക്കണം. നമുക്ക് പലതും ചെയ്യാൻ കഴിയും. അതിനുള്ള ആർജവം നമ്മളിലുണ്ട്. അതിൽ വിശ്വസിക്കുക. അനുഭവങ്ങളിൽ നിന്നുള്ള ആശയങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകാനാകണം.’ –അവർ പറഞ്ഞു.
കുറ്റബോധമില്ലാതെ ചീഫ് സെക്രട്ടറി പദവിയിൽനിന്ന് ഇറങ്ങാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ശാരദ മുരളീധരൻ വ്യക്തമാക്കി. കുടുംബശ്രീയിൽ പ്രവർത്തിച്ച കാലത്തെ ഓർമകളും സദസ്സുമായി പങ്കിട്ടു. എസ്.എംവിജയാനന്ദ്, എച്ച്.ദിനേശൻ, ടി.വി.അനുപമ, ഡോ.ദിവ്യ.എസ്.അയ്യർ, ബിനു ഫ്രാൻസിസ്, കെ.ഹരികുമാർ, എസ്.ജഹാംഗീർ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.
മന്ത്രി എം.ബി.രാജേഷ്, മുൻമന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, ഡോ.എം.കെ.മുനീർ, എം.വി.ഗോവിന്ദൻ, ഡോ.ടി.എം.തോമസ് ഐസക് എന്നിവർ വിഡിയോയിലൂടെ ആശംസ അറിയിച്ചു. കുടുംബശ്രീ, ശുചിത്വ മിഷൻ സ്ഥാപനങ്ങളിൽ ശാരദയ്ക്കൊപ്പം പ്രവർത്തിച്ചവരും പരിപാടിയിൽ പങ്കെടുത്തു.