ചികിത്സാപ്പിഴവ്: 3 മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കട്ടപ്പന ∙ അപകടത്തിൽപ്പെട്ട് റോഡരികിൽ കിടന്നയാൾ ചികിത്സാപ്പിഴവ് കാരണം മരിച്ചെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തി 3 മാസത്തിനകം അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ചികിത്സാപ്പിഴവ് ആരോപിക്കുന്നതിനാൽ ഡോക്ടർമാരുടെ അന്വേഷണ സമിതി രൂപീകരിച്ച് വിദഗ്ദാഭിപ്രായം ലഭ്യമാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. 2023 ഒക്ടോബർ 24ന് രാത്രിയാണ് ബിനോജ് മോഹനനെ റോഡരികിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കട്ടപ്പന സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും കൃത്യമായ ചികിത്സ നൽകിയില്ലെന്നാണ് ആക്ഷേപം. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.
പീരുമേട് ഡിവൈഎസ്പി പരാതിക്കാരന്റെയും മരിച്ച ബിനോജിന്റെ പിതാവിന്റെയും ചികിത്സിച്ച ഡോക്ടർമാരുടെയും മൊഴിയെടുക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു. ചികിത്സാരേഖകൾ പരിശോധിക്കണം. തുടർന്ന് അന്വേഷണ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിക്കണം. ജില്ലാ പൊലീസ് മേധാവി എറണാകുളം റേഞ്ച് ഐജിക്ക് നൽകണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉപ്പുതറ പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. 5 പേരടങ്ങിയ ഒരു പ്രത്യേക അന്വേഷണ സംഘത്തെ കേസന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കുമെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി കമ്മിഷനെ അറിയിച്ചു. മകന്റെ ചികിത്സയ്ക്ക് 30 ലക്ഷം രൂപ ചെലവായെന്ന് പിതാവ് കമ്മിഷനെ അറിയിച്ചു. ധനസഹായം ആവശ്യപ്പെട്ട് സർക്കാരിനോ ജില്ലാ കലക്ടർക്കോ പിതാവിന് പരാതി നൽകാമെന്ന് കമ്മിഷന് അറിയിച്ചു.