
ശ്രീനഗർ: തുടർച്ചയായ നാലാം ദിവസവും ജമ്മു കശ്മീർ അതിർത്തിയിൽ പ്രകോപനം കൂടാതെ പാക് വെടിവയ്പുണ്ടായതായി ഇന്ത്യ. പഹൽഗാമിൽ ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ഊർജ്ജിതമാക്കിയതിന് പിന്നാലെയാണ് തുടർച്ചയായ നാലാം ദിവസവും പാക് വെടിവയ്പുണ്ടാവുന്നത്. 26 വിനോദ സഞ്ചാരികളാണ് ഏപ്രിൽ 22നുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ട് വിദേശ പൌരൻമാരും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. ഭീകരരിൽ മൂന്നിൽ രണ്ട് പേർ പാക് സ്വദേശികളാണെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ചിത്രവും പുറത്ത് വന്നിരുന്നു.
ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രിൽ 23 ന് സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തിരുന്നു. പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ലെന്നും എസ് വി ഇ എസ് (SVES) വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച രാത്രിയും പാക് സൈനിക പോസ്റ്റുകളിൽ നിന്ന് വെടിയുതിർത്തതായാണ് സൈന്യം വിശദമാക്കുന്നത്. വെടിവയ്പിൽ സൈനികർക്ക് പരിക്കേറ്റിട്ടില്ല. എന്നാൽ ഇന്ത്യൻ സൈന്യത്തിന്റെ വെളിപ്പെടുത്തലിനോട് പാക് ആർമി പ്രതികരിച്ചിട്ടില്ല. മറ്റൊരു സംഭവത്തിൽ പാക് സൈന്യം രണ്ട് ദിവസങ്ങളിലായി അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ 54 ഇസ്ലാമിക തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് അവകാശപ്പെടുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ 500 ഓളം പേരെയാണ് സേന കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. 9ഓളം വീടുകൾ തകർത്തതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]