
വീട്ടിൽനിന്ന് ഒന്നര കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസ്; രണ്ടുപേർകൂടി അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരിപ്പൂർ ∙ ഒമാനിൽനിന്ന് കാർഗോ വഴി എത്തിച്ച് വീട്ടിൽ സൂക്ഷിച്ച ഒന്നര കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ, രാജ്യാന്തര ലഹരിക്കടത്തു സംഘത്തിലെ 2 പേർകൂടി പിടിയിലായി. കോഴിക്കോട് ബേപ്പൂർ സ്വദേശി കല്ലിങ്ങൽ മുഹമ്മദ് സനിൽ (30), കൊണ്ടോട്ടി നെടിയിരുപ്പ് കൊട്ടപ്പറമ്പിൽ നാഫിദ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി.
കഴിഞ്ഞമാസമാണു ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ടു ജയിലിൽ കഴിയുന്ന കൊണ്ടോട്ടി മുക്കൂട് മുള്ളൻമടത്തിൽ ആഷിഖിന്റെ വീട്ടിൽനിന്ന്, ഒന്നരക്കിലോഗ്രാം എംഡിഎംഎ പിടികൂടിയത്. എറണാകുളത്ത് മട്ടാഞ്ചേരി, പള്ളുരുത്തി, ആലുവ, ഫോർട്ട് കൊച്ചി, പനങ്ങാട് സ്റ്റേഷനുകളിൽ പൊലീസും എക്സൈസും പിടികൂടിയ കേസുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം ആഷിഖിലെത്തിയത്. ഒമാനിൽനിന്ന് നാട്ടിലെത്തിയ ആഷിഖിനെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞയാഴ്ച ആഷിഖിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. തുടർന്നാണു ലഹരിക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്.
ഗോവയിൽനിന്ന് മടങ്ങുമ്പോഴാണു സനിലിനെ പിടികൂടിയതെന്നും വിദേശ പൗരൻ ഉൾപ്പെടെയുള്ളവരെ ഇനി കിട്ടാനുണ്ടെന്നും പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കൊണ്ടോട്ടി ഡിവൈഎസ്പി പി.കെ.സന്തോഷ്, കരിപ്പൂർ ഇൻസ്പെക്ടർ അബ്ബാസ് അലി എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കരിപ്പൂർ പൊലീസും ചേർന്നാണു പ്രതികളെ പിടികൂടിയതും അന്വേഷണം നടത്തുന്നതും.