
മേയ് 2 മുതൽ കൂടുതൽ ബസ് സർവീസ്: മുനിസിപ്പൽ സ്റ്റാൻഡിൽ ഒരുക്കം തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ മുനിസിപ്പൽ സ്റ്റാൻഡിൽ നിന്ന് മേയ് 2 മുതൽ കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കാൻ മുന്നൊരുക്കം തുടങ്ങി. ടെർമിനലിൽ ഒരേസമയം 9 ബസുകളാണു യാത്രക്കാരെ കയറ്റാനായി നിർത്തിയിടുക. മറ്റു ബസുകൾ നിർത്തിയിടാൻ ടെർമിനലിന്റെ മുൻവശത്തെ സ്ഥലം നിരപ്പാക്കിത്തുടങ്ങി. ഇവിടെ ബസുകൾ നിർത്തിയിട്ട് സമയമാകുമ്പോൾ ട്രാക്കിലേക്ക് കയറ്റിയാൽ മതി. സ്റ്റാൻഡിന്റെ മുൻവശത്ത് രാത്രി വെളിച്ചം ഉറപ്പാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.
ടെർമിനലിൽ ബസുകൾ നിർത്തിയിടേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തി നൽകും.ബസ് സർവീസുകൾ ആരംഭിക്കുന്ന മുറയ്ക്ക് ലഘുഭക്ഷണ, ശുചിമുറി സൗകര്യം ഒരുക്കുമെന്നു നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ പറഞ്ഞു. വി.കെ.ശ്രീകണ്ഠൻ എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 2.26 കോടി രൂപ ഉപയോഗിച്ചാണ് ടെർമിനൽ നിർമിച്ചിട്ടുള്ളത്. യാഡ് നവീകരിച്ചതു നഗരസഭയാണ്. എംപി ഫണ്ടിൽ നിന്ന് ഹൈമാസ്റ്റ് ലാംപും സ്ഥാപിച്ചിട്ടുണ്ട്.
കൂടുതൽ വഴിവിളക്കുകൾ നഗരസഭ ഒരുക്കും. സ്റ്റാൻഡിൽ ഇരിപ്പിടവും ഉറപ്പാക്കും. സ്റ്റാൻഡിൽ നിന്ന് നിലവിൽ ഏതാനും ബസുകൾ മാത്രമാണു സർവീസ് നടത്തുന്നത്. മേയ് 2 മുതൽ കോഴിക്കോട്, ചെർപ്പുളശ്ശേരി, കോങ്ങാട്, മണ്ണാർക്കാട്, മുണ്ടൂർ ഭാഗത്തു നിന്നുള്ള ബസുകൾ മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി വേണം സ്റ്റേഡിയം സ്റ്റാൻഡിലേക്ക് പോകാൻ. സ്റ്റേഡിയം സ്റ്റാൻഡിൽ നിന്നു പോകുമ്പോഴും മുനിസിപ്പൽ സ്റ്റാൻഡിൽ എത്തണം.