
പെട്രോൾ പമ്പിനു സമീപം മാലിന്യത്തിനു തീയിട്ടു; പൈപ്പ് കത്തിയത് അനുഗ്രഹമായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുഴൽമന്ദം ∙ പെട്രോൾ പമ്പിനു സമീപം സാമൂഹിക വിരുദ്ധൻ മാലിന്യത്തിനു തീയിട്ടു, ഭാഗ്യത്തിനു സമീപത്തുള്ള ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വെള്ളംചീറ്റി തീ അണഞ്ഞു. ഇതിനാൽ വൻ ദുരന്തം ഒഴിവായി.പടലോട് മേട്ടിലെ പെട്രോൾ പമ്പിനു സമീപം കൂട്ടിയിട്ടിരുന്ന ചപ്പിനാണ് സാമൂഹിക വിരുദ്ധൻ തീയിട്ടത്. ഇയാൾക്ക് ചെറിയതോതിൽ മനോദൗർബല്യമുണ്ടെന്നു പറയുന്നു. ചപ്പിൽ നിന്നു തീ പടർന്ന് സമീപമുണ്ടായിരുന്ന പഴയ പ്ലാസ്റ്റിക് ബോർഡും ഇതിനു സമീപത്ത് മുകളിലൂടെ സ്ഥാപിച്ചിരുന്ന ശുദ്ധജല വിതരണ പൈപ്പും കത്തിക്കരിഞ്ഞു.
തുടർന്നു പൈപ്പ് പൊട്ടിയ ദ്വാരത്തിലൂടെ വെള്ളം ചീറ്റിയതിനാൽ തീ അണയുകയും പമ്പിലേക്ക് തീ പടരാതെ വൻ അപകടം ഒഴിവാകുകയും ചെയ്തു. രാവിലെ ജലവിതരണം ഉള്ള സമയത്താണ് സംഭവം. ഇല്ലെങ്കിൽ സ്ഥിതി മറിച്ചായേനെ. അതേസമയം പൈപ്പ് കത്തി മൂന്നു ദിവസമായിട്ടും അധികൃതർ പൈപ്പ് നേരെയാക്കിയിട്ടില്ല, ഇതുമൂലം 20 കുടുംബങ്ങളിലേക്കുള്ള ശുദ്ധജല വിതരണം നിലച്ചിരിക്കുകയാണ്. അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.