
നാൽപ്പതിനായിരം പടി അപകടമേഖല; വാഹനപ്പാച്ചിൽ കടിഞ്ഞാണില്ലാതെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടൂർ ∙ എംസി റോഡിൽ മിത്രപുരം നാൽപ്പതിനായിരംപടിക്കു സമീപം അപകട മേഖലയായി മാറുന്നു. ഇവിടെ കഴിഞ്ഞ 2 ദിവസങ്ങളിലായി 2 അപകടങ്ങളാണ് നടന്നത്.ഭാഗ്യത്തിന് ആർക്കും പരുക്കേറ്റില്ല. ഒന്നര മാസം മുൻപ് ബൈക്ക് ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ ലോറിയും വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ശനിയാഴ്ച 2 കാറുകളും വാനും കൂട്ടിയിടിച്ചും അപകടമുണ്ടായി. ഇവിടെയുള്ള വളവിലാണ് കൂടുതലും അപകടം നടക്കുന്നത്. അമിതവേഗത്തിലെത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് വേർപെട്ട ടയർ ഇപ്പോഴും റോഡരികിൽ തന്നെ കിടക്കുകയാണ്. ഇതുവരെയും മാറ്റിയിട്ടില്ല.
അപകടം വർധിച്ചു വന്നിട്ടും വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. വളവാണെന്നുള്ള മുന്നറിയിപ്പു ബോർഡുപോലുമിവിടെയില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. അടിയന്തരമായി അമിതവേഗം തടയാനുള്ള നടപടിയാണു വേണ്ടത്. ഇതു കൂടാതെ എംസി റോഡിൽ വാഹന പരിശോധനയും ശക്തമാക്കണം. രാത്രിയിലും പുലർച്ചെയുമാണ് കൂടുതലും അപകടങ്ങൾ ഉണ്ടാകുന്നത്. അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങാണ് പ്രധാന കാരണം. പുലർച്ചെയുള്ള അപകടം ഉറങ്ങിപ്പോകുന്നതു കൊണ്ടാണെന്നും പറയുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ച് കെഎസ്ടിപിയും മോട്ടർവാഹനവകുപ്പും പൊലീസും എംസി റോഡിലെ അപകടങ്ങൾ കുറയ്ക്കാൻ വേണ്ട നടപടികൾ അടിയന്തരമായി കൈക്കൊള്ളളമെന്നാണാവശ്യം.