
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആറ് വിക്കറ്റ് ജയം. ദില്ലി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 18.3 മൂന്ന് ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 47 പന്തില്‍ 73 റണ്‍സുമായി പുറത്താവാതെ നിന്ന ക്രുനാല്‍ പാണ്ഡ്യയാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്. വിരാട് കോലി 47 പന്തില്‍ 51 റണ്‍സ് നേടി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ആര്‍സിബിക്ക് സാധിച്ചു. 10 മത്സരങ്ങളില്‍ 14 പോയിന്റാണ് അവര്‍ക്കുള്ളത്.
തകര്‍ച്ചയോടെയായിരുന്നു ആര്‍സിബിയുടെ തുടക്കം. പവര്‍പ്ലേയില്‍ 35-3 എന്ന സ്കോര്‍ മാത്രമേ നേടിയുള്ളൂ. ഓപ്പണര്‍ ജേക്കബ് ബേത്തലിനെയും (6 പന്തില്‍ 12), പിന്നാലെ വണ്‍ഡൗണ്‍ ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനെയും (2 പന്തില്‍ 0), ക്യാപ്റ്റന്‍ രജത് പാടിദാറിനെയും (6 പന്തില്‍ 6) വീഴ്ത്താന്‍ ഡല്‍ഹിക്കായി. ബേത്തലിനെയും പടിക്കലിനെയും ഡല്‍ഹി ക്യാപിറ്റന്‍ അക്സര്‍ പട്ടേല്‍ പുറത്താക്കിയപ്പോള്‍ പാടിദാര്‍, കരുണ്‍ നായരുടെ ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു. എന്നാല്‍ കോലി – ക്രുനാല്‍ കൂട്ടുകെട്ട് ആര്‍സിബിക്ക് രക്ഷയായി. ഇരുവരും 119 റണ്‍സ് കൂട്ടിചേര്‍ത്തു. കോലി 18-ാം ഓവറില്‍ മടങ്ങിയെങ്കിലും ക്രുനാല്‍ – ടിം ഡേവിഡ് (5 പന്തില്‍ 19) സഖ്യം ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചു. നാല് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ക്രുനാലിന്റെ ഇന്നിംഗ്സ്.
അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ 162-8 എന്ന സ്കോറിലൊതുങ്ങി. ഡല്‍ഹിക്കായി മധ്യനിര താരം കെ എല്‍ രാഹുല്‍ 39 പന്തില്‍ 41 റണ്‍സെടുത്തു. ട്രിസ്റ്റണ്‍ സ്റ്റബ്സാണ് (18 പന്തില്‍ 34) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. അഭിഷേക് പോരെല് തകര്‍പ്പന്‍ തുടക്കം നേടിയെങ്കിലും 11 പന്തില്‍ 28 എടുത്ത് മടങ്ങി. ഫാഫ് ഡുപ്ലസിസ് 22 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ 15 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്സര്‍ പട്ടേലിന്റെ സമ്പാദ്യം.
ആര്‍സിബി പേസാക്രമണത്തിന് മുന്നില്‍ വിറച്ച് 20 ഓവറിനിടെ എട്ട് വിക്കറ്റുകള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് നഷ്ടമായി. പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍ മൂന്നും ജോഷ് ഹേസല്‍വുഡ് രണ്ടും വിക്കറ്റുകളുമായി ഡല്‍ഹി ക്യാപിറ്റല്‍സിനെ വിറപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ അടി വാങ്ങിയ ശേഷം ശക്തമായി തിരിച്ചെത്തുകയായിരുന്നു ഭുവി. യാഷ് ദയാല്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും ബെംഗളൂരുവിനായി നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]