
2 വർഷത്തെ കാത്തിരിപ്പ്: ഇനി പാലം കടക്കാം, അപ്രോച്ച് റോഡ് റെഡി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി ∙ തച്ചുടപ്പറമ്പ് – റെയിൽവേ സ്റ്റേഷൻ റോഡിലെ പാലത്തിന്റെ നിർമാണം പൂർത്തിയായി 2 വർഷത്തിനുശേഷം ഇരു ഭാഗത്തെയും അപ്രോച്ച് റോഡിന്റെ ടാറിങ് പൂർത്തിയായി. 2 വർഷത്തോളം ആയിട്ടും അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ നാട്ടുകാർ അനുഭവിച്ചിരുന്ന യാത്രാദുരിതത്തിന് ഇതോടെ പരിഹാരമാകും.1957 ൽ നിർമിച്ച പറയൻതോട് പാലം ജീർണാവസ്ഥയിലായതിനെത്തുടർന്ന് 50 ലക്ഷം രൂപ ചെലവിൽ 2023 ലാണു പുനർനിർമാണം നടത്തിയത്.
ഇരു ഭാഗത്തേക്കുമുള്ള അപ്രോച്ച് റോഡിന്റെ നിർമാണത്തുക എസ്റ്റിമേറ്റിൽ തികയാതെ വന്നതോടെ പാലം നിർമിച്ചു താൽക്കാലികമായി വാഹനം കടത്തിവിടാനുള്ള സംവിധാനം കരാറുകാരനെക്കൊണ്ടു പ്രത്യേകമായി ചെയ്യിപ്പിക്കുകയായിരുന്നു. 3 ബസുകൾ സർവീസ് നടത്തുന്ന ഇതുവഴി ഇതോടെ വാഹനങ്ങൾ കടത്തിവിടാനും സാധിച്ചു. എന്നാൽ എസ്റ്റിമേറ്റിൽ നിന്ന് അധികമായി ചെയ്ത പ്രവൃത്തിയുടെ പണം സാങ്കേതിക തടസ്സങ്ങൾ കാരണം കരാറുകാരനു കൊടുക്കാനായില്ല.
3 മാസത്തിനകം പാലം നിർമാണം പൂർത്തിയാക്കിയെങ്കിലും ട്രഷറി നിയന്ത്രണവും മറ്റും കാരണം ഒന്നര വർഷത്തിനു ശേഷമാണു കരാറുകാരനു പണം ലഭിച്ചത്. അധികമായി ചെയ്ത പ്രവൃത്തിയുടെ ഫണ്ട് നൽകുന്ന കാര്യത്തിൽ തീരുമാനമാകാത്തിനാൽ തുടർന്നുള്ള ടാറിങ് ഏറ്റെടുക്കാൻ കരാറുകാരും തയാറായില്ല. പിന്നീട് അധിക തുക അനുവദിച്ചു ശേഷിച്ച ടാറിങ് നടത്തുകയായിരുന്നു.
ഇരുഭാഗത്തെയും കോൺക്രീറ്റ് ജോലികൾ അടുത്ത ദിവസം പൂർത്തിയാക്കുമെന്നു നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ, നഗരസഭാ കൗൺസിലർമാരായ ആലീസ് ഷിബു, റോസി ലാസർ എന്നിവർ അറിയിച്ചു.