
കശ്മീരിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധങ്ങൾ വഷളായതിന് പിന്നാലെ ഇരുരാജ്യങ്ങളും യുദ്ധസന്നാഹം നടത്തുന്നു എന്ന തരത്തിലുള്ള വാർത്തകളും ഊഹാപോഹങ്ങളും വിപണിയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കൂടാതെ ഏപ്രിലിൽ മാത്രം 10% വീതം മുന്നേറ്റം നേടിയ ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളിലെ അനിവാര്യമായ ലാഭമെടുക്കലും വെള്ളിയാഴ്ച വിപണി വീഴ്ചയുടെ കാഠിന്യമേറ്റി. ഹിന്ദ് യൂണി ലിവറിന്റെയും ആക്സിസ് ബാങ്കിന്റെയും റിസൾട്ടുകളും വിപണി വീഴ്ചയിൽ പങ്ക് വഹിച്ചു.
പെസഹാ വ്യാഴാഴ്ച്ച 23851 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇക്കഴിഞ്ഞ വെള്ളിയാഴ്ച 24365 പോയിന്റ് വരെ മുന്നേറിയ ശേഷമാണ് ലാഭമെടുക്കലിൽ തകർന്ന് 23847 പോയിന്റ് വരെ വീണത്. തുടർന്ന് ആഭ്യന്തര ഫണ്ടുകളും വിദേശഫണ്ടുകളും നടത്തിയ വാങ്ങലിന്റെ പിൻബലത്തിൽ തിരിച്ചുവന്ന നിഫ്റ്റി 207 പോയിന്റ് നഷ്ടത്തിൽ 24039 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച 80130 വരെ മുന്നേറിയ സെൻസെക്സ് 78605 പോയിന്റിലേക്ക് വീണ ശേഷം 79212 പോയിന്റിലും ക്ളോസ് ചെയ്തു.
യുദ്ധഭീതി ഒഴിവാകുന്നതും താരതമ്യേന മികച്ച റിസൾട്ടുകൾ വരുന്നതും താരിഫ് ഭീതി വ്യാപാരചർച്ചകൾക്ക് വഴി മാറുന്നതും വിദേശഫണ്ടുകളുടെ തിരിച്ചു വരവ് തുടർന്നേക്കാവുന്നതും ഇന്ത്യൻ വിപണിയുടെ പ്രത്യാശകളാണ്. വെള്ളിയാഴ്ച മുന്നേറ്റം നടത്തിയ അമേരിക്കൻ വിപണി പിന്തുണയിൽ ഗിഫ്റ്റ് നിഫ്റ്റി 24221 പോയിന്റിലേക്കു മുന്നേറിയതും ഡോളർ നിരക്ക് 85.35/- നിരക്കിൽ ക്രമമാണെന്നതും വിപണിക്ക് അനുകൂലമാണ്.
തിരിച്ചു വന്ന് വിദേശഫണ്ടുകൾ
മുൻ ആഴ്ചയില് തിരിച്ചു വരവ് തുടങ്ങിയ വിദേശഫണ്ടുകൾ ഈയാഴ്ചയിലെ അഞ്ചുസെഷനിലും വാങ്ങലുകാരായതാണ് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് കാതലായ പിന്തുണ നൽകിയത്. കഴിഞ്ഞ ആഴ്ച്ചയിൽ ഇന്ത്യൻ വിപണിയിലേക്ക് വിദേശഫണ്ടുകൾ 17795 കോടി രൂപയാണ് അധികമായിട്ടെത്തിച്ചത്. ആഭ്യന്തര ഫണ്ടുകളും വെള്ളിയാഴ്ച 3539 കോടി രൂപയുടെ വാങ്ങലുകാരായി.
ഇൻഡോ-അമേരിക്ക വ്യാപാര ചർച്ച
ടേംസ് ഓഫ് റഫറൻസ് അംഗീകരിക്കപ്പെട്ടതിന് ശേഷം ഇന്ത്യ അമേരിക്കയുമായി വാഷിങ്ടണിൽ ആദ്യവട്ട ചർച്ചകൾ പൂർത്തിയാക്കി.19 മേഖലകളിലായി നടക്കുന്ന ചർച്ചയുടെ തുടർഗതികളാകും ഇന്ത്യൻ വിപണിയുടെയും ഗതി നിർണയിക്കുക. ഇന്ത്യയാണ് അമേരിക്കയുമായുള്ള വ്യാപാരചർച്ചയിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നതെന്നതും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്.
ഉയർന്ന താരിഫ് നേരിടുന്ന രാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾ അമേരിക്കയിലേക്ക് റീ-റൂട്ട് ചെയ്യാനുള്ള കേന്ദ്രമായി മാറാതിരിക്കുകയെന്നതാണ് ഇന്ത്യയുടെ പുതിയ വെല്ലുവിളി.
ഇലക്ട്രോണിക്സ് പിഎൽഐ സ്കീം
അമേരിക്കൻ താരിഫ് വ്യാപാരപാതകൾ തിരുത്തിവരയ്ക്കുന്നത് മുതലാക്കാനായി മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് & ഐടി ശനിയാഴ്ച പുതിയ ഇലക്ട്രോണിക്സ് കംപോണന്റ്സ് പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇന്സെന്റീവ്സ് (പിഎൽഐ) സ്കീം പ്രഖ്യാപിച്ചു. ഇന്ത്യയെ പുതിയ ഇലക്ട്രോണിക്സ് ഉല്പാദന കേന്ദ്രമാക്കാനായുള്ള കൂടുതൽ പദ്ധതികൾ വരുന്നുണ്ടെന്നതും ഇന്ത്യൻ ഇലക്ട്രോണിക്സ് ഓഹരികൾക്ക് അനുകൂലമാണ്.
അമേരിക്കയിലേക്ക് കൂടി വേണ്ട പിക്സൽ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ നിർമിക്കാനായി ഗൂഗിൾ പദ്ധതിയിടുന്നത് ഇന്ത്യൻ ഇലക്ട്രോണിക്സ് മേഖലക്ക് മുന്നിൽ പുതിയ അവസരമാണ് തുറന്നിടുന്നത്. ഡിക്സൺ ടെക്നോളജിയുമായും ഫോക്സ്കോണുമായും ആൽഫബെറ്റ് ചർച്ച ആരംഭിച്ചു കഴിഞ്ഞു. നിലവിൽ ഇന്ത്യൻ വിപണിയിലേക്ക് വേണ്ട ഗൂഗിൾ ഫോണുകൾ ഇരുകമ്പനികളുമാണ് ഉല്പാദിപ്പിക്കുന്നത്.
ഓഹരികളും സെക്ടറുകളും
∙ഡിജിറ്റൽ, റീറ്റെയ്ൽ ബിസിനസ് വളർച്ചയുടെ പിന്തുണയിൽ റിലയൻസ് ഇൻഡസ്ട്രീസ് നാലാം പാദത്തിൽ 6% വളർച്ചയോടെ സമീപകാലത്തെ ഏറ്റവും മികച്ച അറ്റാദായമായ 22611 കോടി രൂപ സ്വന്തമാക്കി. പത്ത് ശതമാനം വളർച്ചയോടെ റിലയൻസ് 2.64 ലക്ഷം കോടി രൂപയുടെ അറ്റാദായവും സ്വന്തമാക്കി. റിലയൻസ് ജിയോ 18%വും, റീറ്റെയ്ൽ 14%വും ലാഭവർധന കുറിച്ചപ്പോൾ ഓയിൽ, ഗ്യാസ്, കെമിക്കൽ സെക്ടറുകളുടെ ലാഭത്തിൽ കുറവ് രേഖപ്പെടുത്തി.
∙അറ്റാദായത്തിൽ മുൻ വർഷത്തിൽ നിന്നും 4% കുറവ് രേഖപ്പെടുത്തിയ മാരുതി വിപണി അനുമാനങ്ങളുടെ തൊട്ട് താഴെയാണെത്തിയത്. എങ്കിലും കമ്പനി വരുമാന വളർച്ച നേടിയത് ഓട്ടോ സെക്ടറിന് അനുകൂലമാണ്.
∙2030 ആകുമ്പോഴേക്ക് 500 ജിഗാവാട്ടിന്റെ ക്ളീൻ എനർജിയെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഇന്ത്യ 100 ജിഗാവാട്ട് സോളാർ വൈദ്യുതി നിർണായക നില കൈവരിച്ചു കഴിഞ്ഞു. വാറീ എനർജിയുടെ റിസൾട്ടിന്റെ പിൻബലത്തിൽ സോളാർ ഓഹരികൾ കഴിഞ്ഞ ആഴ്ചയിൽ മികച്ച മുന്നേറ്റമാണ് നേടിയത്. ടാറ്റ പവർ, അദാനി ഗ്രീൻ എനർജി, വാറീ എനർജി, പ്രീമിയർ എനർജി, വിക്രം സോളാർ മുതലായ ഓഹരികൾ പരിഗണിക്കാം.
∙വിപണി അനുമാനത്തിലും മികച്ച റിസൾട്ട് പുറത്തു വിട്ട ലോധ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 17500 കോടി രൂപയുടെ മുൻകൂർ വില്പനയും സ്വന്തമാക്കി. അടുത്ത വർഷത്തിൽ 21000 കോടി രൂപയുടെ മുൻകൂർ വില്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്.
∙വരുമാന വളർച്ചയുടെ പിൻബലത്തിൽ പ്രവർത്തന ലാഭവർദ്ധനകുറിച്ച ഫോഴ്സ് മോട്ടോർസ് 435 കോടി രൂപയുടെ അറ്റാദായവും സ്വന്തമാക്കി.
∙മികച്ച വരുമാന വളർച്ചയുടെ പിൻബലത്തിൽ സ്റ്റെർലിങ് & വിൽസൺ റിന്യൂവബിൾ എനർജി 55 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കി. മുൻവർഷത്തിൽ ഒരു കോടി രൂപയും ഡിസംബർ പാദത്തിൽ 17 കോടി രൂപയുമായിരുന്നു കമ്പനിയുടെ അറ്റാദായം.
∙ക്രമമായ വരുമാന വളർച്ച നേടി വരുന്ന അദാനി എനർജി സൊല്യൂഷൻസ് 32% ഓപ്പറേറ്റിങ് മാർജിനിൽ 2040 കോടി രൂപയുടെ പ്രവർത്തനലാഭം നാലാം പാദത്തിൽ സ്വന്തമാക്കി.
∙ലോറസ് ലാബ്സ് 1720 കോടി രൂപയുടെ വരുമാനവും 233 കോടി രൂപയുടെ അറ്റാദായവും നേടി തിരിച്ചു വരവ് നടത്തിയതും ഓഹരിക്ക് അനുകൂലമാണ്. ഡിസംബർ പാദത്തിൽ 93 കോടി രൂപ മാത്രമായിരുന്നു കമ്പനിയുടെ അറ്റാദായം.
∙ഇന്ത്യയുമായി വ്യാപാരക്കരാറുകൾക്കായി ചർച്ച നടത്തുന്ന രാജ്യങ്ങളിലേക്കും, രാജ്യങ്ങളുടെ കൂട്ടായ്മകളിലേക്കും ഇന്ത്യൻ സ്റ്റീൽ കയറ്റുമതി സാധ്യത വർധിക്കുന്നത്, സേഫ് ഗാർഡ് ഡ്യൂട്ടിക്കൊപ്പം സ്റ്റീൽ മേഖലക്ക് പിന്തുണ നൽകും.
∙നാലാം പാദത്തിൽ പ്രവർത്തന നഷ്ടം കുറിച്ച കേശോറാം ഇൻഡസ്ട്രീസ് നിലവിൽ 5788 കോടി രൂപയുടെ അസാധാരണ വരുമാനം നേടി.
∙മോത്തിലാൽ ഒസ്വാൾ മാർച്ചിൽ നഷ്ടം കുറിച്ചത് മറ്റു ബ്രോക്കിങ് ഓഹരികളെയും ബാധിക്കും. വിപണി തകർച്ചയും റീറ്റെയ്ൽ നിക്ഷേപകരുടെ കൊഴിഞ്ഞു പോക്കും ബ്രോക്കിങ് വരുമാനത്തെ ബാധിച്ചിരുന്നു.
∙റെജസ് നെറ്റ് വർക്ക് നാലാം പാദത്തിൽ നഷ്ടം കുറിച്ചത് തിരിച്ചടിയാണ്. ഓഹരി തിരുത്തലിൽ പരിഗണിക്കാം. മഹാരാഷ്ട്രയിൽ 100 ഷോറൂമുകൾ അടച്ചു പൂട്ടിയെന്ന വാർത്തയെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് എക്സ്ചേഞ്ചുകളുടെ അന്വേഷണത്തോട് കമ്പനി പ്രതികരിച്ചത്.
അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
അൾട്രാ ടെക്ക് സിമന്റ്, ടിവിഎസ് മോട്ടോഴ്സ്, ഐആർഎഫ്സി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, അദാനി ഗ്രീൻ, അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ, പിഎൻബി ഹൗസിങ്, ഒബ്റോയ് റിയൽറ്റി, കെപിഐടി ടെക്ക്, കാസ്ട്രോൾ, സിഎസ്ബി, എഫ്എസ്എൽ, നിറ്റ്കോ മുതലായ കമ്പനികൾ തിങ്കളാഴ്ച റിസൾട്ട് പ്രഖ്യാപിക്കുന്നു.
എസ്ബിഐ, ഐഓസി, ബിപിസിഎൽ, ഐഓബി, ഇന്ത്യൻ ബാങ്ക്, കൊട്ടക് മഹിന്ദ്ര ബാങ്ക്, ബജാജ് ഫൈനാൻസ്, ബജാജ് ഫിൻസെർവ്, ജിൻഡാൽ സ്റ്റീൽ, ട്രെന്റ് ലിമിറ്റഡ്, അംബുജ സിമന്റ്, അദാനി പവർ, ഡി-ലിങ്ക്, ഡി- മാർട്ട്, വി-മാർട്ട്, മാരിക്കോ, ഇൻഡസ് ടവർ, വരുൺ ബിവറേജസ്, ഫെഡറൽ ബാങ്ക്, ബന്ധൻ ബാങ്ക്, സ്കിപ്പർ, സോനാകോംസ്, കെ സോൾവ്സ് മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ലോക വിപണിയിൽ അടുത്ത വാരം
∙തിങ്കളാഴ്ച ഇന്ത്യയുടെ വ്യവസായികോല്പാദനക്കണക്കുകളും, മാനുഫാക്ച്ചറിങ് ഔട്ട്പുട്ടും പ്രഖ്യാപിക്കുന്നത് വിപണിക്ക് പ്രധാനമാണ്. വെള്ളിയാഴ്ചയാണ് ഇന്ത്യയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ പുറത്ത് വരുന്നത്.
∙യൂറോ സോൺ, ജർമ്മനി, സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ മുതലായ യൂറോപ്യൻ രാജ്യങ്ങളും, അമേരിക്കയും ബുധനാഴ്ച ആദ്യപാദ ജിഡിപി കണക്കുകൾ പ്രഖ്യാപിക്കുന്നത് വിപണിക്ക് പ്രധാനമാണ്.
∙ഏപ്രിൽ മാസത്തിൽ അമേരിക്കയിലെ തൊഴിൽ ലഭ്യതയുടെ കണക്ക് പറയുന്ന നോൺഫാം പേറോൾ ഡേറ്റ, അൺഎംപ്ലോയ്മെന്റ് കണക്കുകള് എന്നിവ വെള്ളിയാഴ്ച വരുന്നതും അമേരിക്കൻ വിപണിയെ സ്വാധീനിക്കും.
∙ഏപ്രിൽ മാസത്തിലെ ജർമ്മൻ സിപിഐ ഡേറ്റയും ബുധനാഴ്ച യൂറോപ്യൻ വിപണിയെ സ്വാധീനിക്കും. യൂറോസോൺ സിപിഐ ഡേറ്റയും വെള്ളിയാഴ്ചയാണ് വരുന്നത്.
∙ചൈനയുടെ മാനുഫാക്ച്ചറിങ് പിഎംഐയും കോആക്സിൻ പിഎംഐ ഡേറ്റയും ബുധനാഴ്ച പുറത്ത് വരുന്നു.
മെയ് ഒന്ന് അവധി
മെയ് ഒന്നിന് ലോകതൊഴിലാളി ദിനം പ്രമാണിച്ച് ഇന്ത്യ അടക്കമുള്ള ഏഷ്യൻ വിപണികൾക്കും, യൂറോപ്യൻ വിപണികൾക്കും അവധിയാണ്.
ലേഖകന്റെ വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക