
അത്യാകര്‍ഷകമായ ഐപിഒ ( ഇനിഷ്യല്‍ പബ്ലിക് ഇഷ്യു) വരുമ്പോള്‍ റീറ്റെയ്ല്‍ ഇന്‍വെസ്റ്റേഴ്സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന എന്നെയും നിങ്ങളെയും പോലുള്ള സാധാരണ വ്യക്തിഗത നിക്ഷേപകര്‍ക്ക് ധൈര്യമായി അതിന് അപേക്ഷിക്കാം. കാരണം ഇത്തരം ഐപിഒ കളില്‍ 35 ശതമാനം ഓഹരികളും നമുക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. ആ ഓഹരി മറ്റാര്‍ക്കും നല്കാന് പാടില്ല. മറ്റാര്‍ക്കും എന്നുപറഞ്ഞാല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റേഴ്സ്, ഉയർന്ന ആസ്തി മൂല്യമുള്ളവർ തുടങ്ങിയ കശ്മലന്മാര്ക്ക് എന്നര്‍ത്ഥം.
സ്ഥാപക നിക്ഷേപകർക്ക് 50 ശതമാനവും എച്ച് എന്‍ ഐ കള്‍ക്ക് 15 ശതമാനവുമാണ് സംവരണം. റീറ്റെയ്ല്‍ നിക്ഷേപകര്‍ ഇത്തരം നല്ല ലാഭ സാധ്യതയുള്ള കമ്പനികളുടെ ഐപിഒ വരുമ്പോള്‍ ഇടിച്ചുപൊളിച്ച് വരും. അപേക്ഷിച്ചത്ര ഓഹരി മുഴുവന്‍ എല്ലാവര്ക്കും കിട്ടിയെന്ന് വരില്ല. എങ്കിലും ആനുപാതികമായി കുറച്ചെങ്കിലും കിട്ടും. എന്നാല്‍ അതിനുള്ള സാധ്യത ഇല്ലാതാക്കുന്ന ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്. കാരണം റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കായി നീക്കിവയ്ക്കുന്ന വിഹിതം 35 ല്‍ നിന്ന് കുറയ്ക്കണമെന്ന ഒരു ആവലാതി സെബിയുടെ മുഖദാവില്‍ എത്തിയിരിക്കുന്നു. റീറ്റെയ്ലുകാരുടെ പിച്ചചട്ടിയില്‍ കയ്യിട്ടു വാരാനാണ് നീക്കം.
പരാതി പറഞ്ഞത് ആരാണെന്ന് ഊഹിക്കാമല്ലോ. ഐപിഒ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ്മെന്റ് ബാങ്കേഴ്സാണ്. കഴിഞ്ഞയിടയ്ക്ക് നടന്ന പല ഐപിഒ കളും ആകര്ഷകമല്ലാത്തതിനെ തുടര്‍ന്ന് റീറ്റെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തം കുറവായിരുന്നു. ഇത് ഇത്തരം ഐപിഒ കള്‍ അണ്ടര്‍ സബ്സ്ക്രൈബ്ഡ് ആകാന്‍ കാരണമാകുന്നു. ഇതുപറഞ്ഞാണ് റീറ്റെയ്ല്‍ നിക്ഷേപകരുടെ അവകാശം കവര്‍ന്നെടുക്കാന്‍ നീക്കം നടക്കുന്നത്. സെബി ഇതിനോട് പ്രതികരിച്ചതായി കാണുന്നില്ല. എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ എന്നുമറിയുന്നില്ല. സാധാരണ നിക്ഷേപകരുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായ ഒരു തീരുമാനം സെബി എടുക്കുമോ? കേന്ദ്ര സർക്കാരിന്റെ സമീപകാല സമീപനങ്ങള്‍ കാണുമ്പോള്‍ ഇന്‍വെസ്റ്റ് ബാങ്കേഴ്സിന്റെ ആവശ്യം അംഗീകരിക്കപ്പെടാനാണ് സാധ്യത.
കാരണം സാധാരണക്കാര്‍ ഓഹരിയിലും മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപിക്കുന്നതിനെതിരെ പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യവകുപ്പ് രേഖാമൂലം ചില കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു. ഓഹരി വിപണി നഷ്ടസാധ്യതയുള്ളതാണ് എന്നും ഇടത്തരക്കാര്‍ ഇതില്‍ നിക്ഷേപിക്കുന്നത് ആശങ്കാജനകമാണെന്നുമായിരുന്നു അത്. ഈ പരാമര്‍ശം തികച്ചും സദുദ്ദേശപരമെന്ന് നമുക്ക് കരുതാം.
എന്നാല്‍ തുടര്‍ന്നുവന്ന സമീപനത്തിലാണ് യഥാര്‍ത്ഥ വെല്ലുവിളി ഒളിഞ്ഞിരിക്കുന്നത്. വകുപ്പ് പാര്‍ലമെന്റില്‍ പറഞ്ഞത് ഇടത്തരക്കാര്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതുകൊണ്ട് ബാങ്കുകളിലെ നിക്ഷേപം കുറയുന്നു എന്നും ഇത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു എന്നും ചിലവ് കൂടിയ നിക്ഷേപ സമാഹരണത്തിലേക്ക് പോകാന്‍ ബാങ്കുകളെ നിര്‍ബന്ധിതരാക്കുന്നു എന്നുമായിരുന്നു പരാതി. മനസിലിരിപ്പ് ഇതാണ് എങ്കില്‍ ഓഹരി നിക്ഷേപത്തെ നിരുല്സാഹപ്പെടുത്താനുള്ള തീരുമാനമായിരിക്കും ഉണ്ടാകുക എന്നാണ് ആശങ്കപ്പെടുന്നത്.
റീറ്റെയ്ല്‍ നിക്ഷേപകരുടെ വിഹിതം കുറച്ചാല്‍
ലിസ്റ്റിങ് സമയത്തെ വിലവര്‍ധനവില്‍ നിന്ന് നേട്ടുമുണ്ടാക്കാനുള്ള അവസരം നല്ലൊരു ശതമാനത്തിനും നിഷേധിക്കപ്പെടും. ഇപ്പോഴത്തെ വിഹിതം അനുസരിച്ച് അപേക്ഷകര്‍ക്ക് ആനുപാതികമായെങ്കിലും ഓഹരി കിട്ടും. വിഹിതം കുറച്ചാല്‍ ചിലപ്പോള്‍ നറുക്കെടുപ്പിലൂടെയൊക്കെ ആയിരിക്കും സാധാരണക്കാര്‍ക്ക് ഓഹരി കിട്ടുക. റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് മാറ്റിവച്ച ഓഹരി കൂടി അത്തരം സന്ദര്‍ഭങ്ങളില്‍ കിട്ടുക വലിയ സ്ഥാപക നിക്ഷേപകര്‍ക്ക് ആയിരിക്കും.
കിട്ടാന്‍ സാധ്യത കുറവാണ് എന്നറിഞ്ഞാല്‍ ഭൂരിഭാഗം ഓഹരി നിക്ഷേപകരും ഐപിഒ മാര്‍ക്കറ്റിലേക്ക് പിന്നെ തിരിഞ്ഞുനോക്കാതെയും വന്നേക്കാം. ഹെക്സാവെയര്‍ ടെക്നോളജീസ്, ഹ്യൂണ്ടായ് മോട്ടോഴ്സ്, സ്വിഗി തുടങ്ങിയ ഐപിഒകള്‍ക്ക് റീറ്റെയ്ല്‍ വിഭാഗത്തില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ കിട്ടാത്തതാണ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കേഴ്സില്‍ നിന്ന് ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്നാണ് വിലയരുത്തപ്പെടുന്നത്. എന്നാല്‍ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി, ബജാജ് ഹൗസിങ്, വിശാല്‍ മെഗാ മാര്‍ട്ട് തുടങ്ങിയവയ്ക്കൊക്കെ റീറ്റെയ്ല്‍ നിക്ഷേപരില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്.
തങ്ങളുടെ വാദം തെളിയിക്കാന്‍ ഡാറ്റ സമര്‍പ്പിക്കാന്‍ സെബി ഇന്‍വെസ്റ്റ്മെന്റ് ബാങ്കേഴ്സിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഓഹരി വിപണിയിലേക്ക് സാധാരണക്കാര്‍ വരുന്നതിനെ പിന്തുണയ്ക്കുമോ നിരുല്സാഹപ്പെടുത്തുമോ എന്ന് കാത്തിരുന്ന് കാണാം.
English Summary:
Investment bankers are lobbying to reduce the retail investor quota in IPOs, potentially limiting access for ordinary people. SEBI’s response and the government’s stance on middle-class stock market participation are crucial to the future of retail investor rights.
mo-business-sebi mo-business-retailinvestors mo-business-initialpublicoffering 5cct18fr3qqr7ul20nd76v5gbg mo-business-stockmarket 5vrnu1sk69rcupklqt08ttkh4k-list k-k-jayakumar 7q27nanmp7mo3bduka3suu4a45-list