സിഗ്നലിങ് ജീവനക്കാരുടെ പ്രവര്‍ത്തനത്തിലെ അലംബാവം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുവെന്ന മുന്നറിയിപ്പ് , ഒഡിഷ ട്രെയിൻ അപകടത്തിന് ആഴ്ചകള്‍ മുൻപ് തന്നെ റെയില്‍വേ ബോര്‍ഡ് നല്‍കിയിരുന്നതായി രേഖകള്‍.
ഇത്തരത്തിലുള്ള സുരക്ഷാവീഴ്ചകള്‍ ചൂണ്ടിക്കാട്ടി റെയില്‍വേ ബോര്‍ഡ് അംഗം (ഇൻഫ്രാസ്ട്രക്ചര്‍) ആര് എൻ ശങ്കര്‍ ഏപ്രിലിലാണ് സോണുകള്‍ക്ക് കത്തയച്ചത്. ജീവനക്കാര്‍ കുറുക്കുവഴി തേടുന്നതിനാല്‍ സിഗ്നല്‍ സംവിധാനത്തില്‍ പലപ്പോഴായി പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഇത് സുരക്ഷ വീഴ്ചയ്ക്ക് വഴിവയ്ക്കുന്നുണ്ടെന്നുമായിരുന്നു മുന്നറിയിപ്പ്.
289 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ട്രെയിൻ അപകടത്തിന് കാരണം സിഗ്നലിങ് സംവിധാനത്തിലെ പിഴവാണെന്നാണ് റെയില്‍വെയുടെ പ്രാഥമിക നിഗമനം. മെയില്‍ ട്രാക്കിലേക്ക് പോകാൻ സിഗ്നല്‍ ലഭിച്ച കോറമാണ്ഡല്‍ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലേക്ക് പോയത് സിഗ്നലിങ് സംവിധാനത്തിലെ പിഴവെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ഇത് സാങ്കേതിക പിഴവാണോ ജീവനക്കാര്‍ക്ക് സംഭവിച്ച വീഴ്ചയാണോ എന്നതില്‍ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് റെയില്‍വെ ബോര്‍ഡംഗത്തിന്റെ കത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന കത്ത് മാസംതോറും നടത്തുന്ന സുരക്ഷ പരിശോധനയുടെ ഭാഗം മാത്രമെന്നാണ് റെയില്‍വെയുടെ വിശദീകരണം.
സിഗ്നലിങ് ജീവക്കാര്‍ എളുപ്പ വഴികള്‍ സ്വീകരിച്ച് സുരക്ഷിതമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ ക്രോസിങ്ങുകളിലും സിഗ്നല്‍ പോയിന്റുകളിലും ഉണ്ടായ സുരക്ഷാ വീഴ്ചയെ കുറിച്ചാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. അറ്റകുറ്റപ്പണിക്ക് ശേഷം പോയിന്റുകളുടെ ശരിയായി പരിശോധിക്കാതെ സിഗ്നലിങ് ഗിയര്‍ പുനഃസ്ഥാപിക്കുക, തെറ്റായ രീതിയില്‍ വയര്‍ ഘടിപ്പിക്കുക എന്നീ കാര്യങ്ങളാണ് കത്തില്‍ എടുത്തു പറയുന്നത്. കോറോമാണ്ടല്‍ എക്സ്പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ്, നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിൻ എന്നിവ ഉള്‍പ്പെട്ട ഒഡിഷയിലെ ട്രെയിൻ അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതും സമാനമായ വീഴ്ചയാണ്.
‘ജീവനക്കാര്‍ എളുപ്പ വഴി സ്വീകരിക്കല്‍’ എന്ന തലക്കെട്ടില്‍ അയച്ച കത്തില്‍, സിഗ്നല്‍ ജീവനക്കാര്‍ സ്ഥലത്ത് നേരിട്ട് എത്തി പരിശോധിക്കാതെയും ഓപ്പറേറ്റിങ് ജീവനക്കാരുമായി ഡിസ്കണക്ഷൻറീകണക്ഷൻ എന്നിവ സംബന്ധിച്ച അറിയിപ്പുകള് ശരിയായി കൈമാറ്റം ചെയ്യാതെയും സിഗ്നലുകള്‍ ക്ലിയര്‍ ചെയ്യുന്നു എന്ന് സൂചിപ്പിക്കുന്നു. കത്തില്‍ പരാമര്‍ശിച്ച അഞ്ച് സംഭവങ്ങള്‍ നടന്നത് ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ്. ലഖ്നൗ, കര്‍ണാടകയിലെ ഹൊസദുര്‍ഗ, ലുധിയാന, മുംബൈയിലെ ഖാര്‍കോപര്‍, മധ്യപ്രദേശിലെ ബഗ്രതാവ് എന്നിവിടങ്ങളിലായിരുന്നു ഇവ. എല്ലാ സംഭവങ്ങളിലും സിഗ്നലിങ് കേബിളുകള്‍ മുറിച്ച് മാറ്റി തിരിച്ച് ബന്ധിപ്പിക്കും മുൻപ് ശരിയായി പരിശോധിച്ചിരുന്നില്ല. പോയിന്റുകള്‍ ലൂപ്പ് ലൈനിലേക്ക് പോകാനാണ് ഘടിപ്പിച്ചതെങ്കിലും സിഗ്നല്‍ പോയത് മെയിൻ ലൈനിലേക്കായിരുന്നു. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം കൃത്യമായ പരിശോധന നടത്താത്തതിനാല്‍ ചരക്ക് ട്രെയിൻ പാളം മാറി സഞ്ചരിക്കുന്ന സാഹചര്യവും ഉണ്ടായി.
“ഈ രീതികള്‍ പ്രവര്‍ത്തന വ്യവസ്ഥയില്‍ വെള്ളം ചേര്‍ക്കലാണ്. ട്രെയിൻ ഗതാഗത സുരക്ഷയ്ക്ക് വീഴ്ച വരുത്തുന്നത് ഇത്തരം വീഴ്ചകളാണ്. ഈ പ്രവണതകള്‍ അവസാനിപ്പിക്കണം.” എല്ലാ സോണല്‍ റെയില്‍വേ ജനറല്‍ മാനേജര്‍മാരെയും അഭിസംബോധന ചെയ്തെഴുതിയ കത്തില്‍ ശങ്കര്‍ വ്യക്തമാക്കി. ഒന്നര മാസം മുൻപ് ഇത്ര കൃത്യമായ മുന്നറിയിപ്പ് ലഭ്യമാക്കിയുട്ടും ഇടപെടല്‍ ഉണ്ടാകാത്തതാണ് ഒഡിഷയിലെ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഒഡിഷ ട്രെയിൻ അപകടത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. റെയില്‍ സുരക്ഷാ കമ്മീഷണറും അന്വേഷണം നടത്തുന്നുണ്ട്. അപകടം നടന്ന സ്റ്റേഷനിലെ ലെവല്‍ ക്രോസിലെ ലൊക്കേഷൻ ബോക്സില്‍ ഗേറ്റ്, റിലേ, പോയിന്റ് മോട്ടോര്‍ എന്നിവയുമായി ബന്ധപ്പെട്ട കേബിളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഓരോന്നിന്റെയും ലേബലുകള്‍ ഇടകലര്‍ന്ന നിലയിലായിരുന്നു. ഇക്കാര്യം ജീവനക്കാര്‍ റെയില്‍ സുരക്ഷ കമ്മീഷണറെ അറിയിച്ചിട്ടുണ്ട്.
രണ്ട് വ്യത്യസ്ത ട്രാക്കുകള്‍ ഉള്ളപ്പോള്‍ ട്രെയിനിനെ അതിന്റെ നിശ്ചയിച്ച ട്രാക്കിലേക്ക് നയിക്കുന്ന പാളത്തിന്റെ ചലിക്കുന്ന ഭാഗമാണ് പോയിന്റ് മോട്ടോര്‍. പോയിന്റ് മോട്ടോര്‍, സിഗ്നലിങ് ലൈറ്റ്സ്, ട്രാക്ക്- ഒക്യുപെൻസി ഡിറ്റക്ടര്‍ എന്നിവയിലേക്ക് ബന്ധിപ്പിക്കുന്ന ജങ്ഷൻ ലൊക്കേഷൻ ബോക്സിലാണ് ഘടിപ്പിക്കുക. ഇവയുടെ ഒത്തുചേര്‍ന്ന പ്രവര്‍ത്തനമാണ് റെയില്‍വെ ‘ഇന്റര്‍ലോക്കിങ്’ കാര്യക്ഷമമാക്കുന്നത്. ഇതില്‍ ഉണ്ടാകുന്ന വീഴ്ച ഗുരുതര അപകടങ്ങള്‍ക്ക് വഴിവയ്ക്കും.
The post ഒഡിഷ ട്രെയിനപകടം: സിഗ്നല്‍ പിഴവുകള്‍ സംബന്ധിച്ച മുന്നറിയിപ്പുകള്‍ പലതവണ അവഗണിച്ചതായി കണ്ടെത്തല്‍ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]