തിരുവനന്തപുരം∙ പ്രതീക്ഷിച്ചത്ര വരുമാനം ലഭിക്കാതെ വന്നതോടെ കിഫ്ബി വായ്പ തിരിച്ചടയ്ക്കാൻ മൊറട്ടോറിയം ചോദിച്ച് കെ ഫോൺ. 100 കോടി രൂപ വീതമുള്ള വാർഷിക ഗഡു 2024 മുതൽ അടച്ചു തുടങ്ങേണ്ടിയിരുന്നെങ്കിലും കഴിയാത്തതിനാൽ സമയം നീട്ടി നൽകിയിരുന്നു. ഈ വർഷം അടച്ചു തുടങ്ങണമെന്ന കിഫ്ബിയുടെ ആവശ്യത്തോടാണ് അടുത്ത സാമ്പത്തിക വർഷം വരെ മൊറട്ടോറിയം നൽകണമെന്നു കെഫോൺ അഭ്യർഥിച്ചത്. ഏഴു വാർഷിക ഗഡുക്കൾ എന്നതു 15 ഗഡുക്കളാക്കണമെന്നും ആവശ്യപ്പെട്ടു. കിഫ്ബി മറുപടി നൽകിയിട്ടില്ല.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

2023 ജൂണിൽ ഉദ്ഘാടനം ചെയ്ത കെ ഫോൺ 2024 ഫെബ്രുവരിയിലാണു പ്രവർത്തനം തുടങ്ങിയത്. 1061 കോടി രൂപയുടെ വായ്പയ്ക്കു കിഫ്ബി അംഗീകാരം നൽകിയെങ്കിലും ചെലവു ചുരുക്കിയതിനാൽ 700 കോടി രൂപ മാത്രമാണു കൈപ്പറ്റിയത്. 2024–25ൽ 350 കോടി രൂപ വരുമാനം പ്രതീക്ഷിച്ച കെ ഫോണിനു നേടാനായത് 51 കോടി മാത്രമാണ്. ഇതിൽ സർക്കാർ സ്ഥാപനങ്ങളും സ്കൂളുകളും നൽകേണ്ട 33 കോടി കുടിശികയാണ്.

ഫലത്തിൽ കയ്യിൽ കിട്ടിയതു 18 കോടി മാത്രം. ഈ സാമ്പത്തിക വർഷം 230 കോടി രൂപയുടെ വരുമാനം ലക്ഷ്യമിടുന്നതായി കെ ഫോൺ പറയുന്നു. ഗാർഹിക, വാണിജ്യ കണക്‌ഷനുകളുടെ എണ്ണം ദ്രുതഗതിയിൽ വർധിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ലെന്നതാണു കെഫോൺ നേരിടുന്ന വെല്ലുവിളി. ഇന്നലത്തെ കണക്കു പ്രകാരം ആകെ കണക്‌ഷൻ 94,186 കോടിയായി.

ലക്ഷ്യം കാണാതെ ബിപിഎൽ കണക്‌ഷൻ

പതിനാലായിരം ബിപിഎൽ കുടുംബങ്ങൾക്കു പ്രഖ്യാപിച്ച സൗജന്യ കണക്‌ഷൻ ഇപ്പോഴും പകുതി പിന്നിട്ടതേയുള്ളൂ. ഒടുവിലത്തെ കണക്കു പ്രകാരം 7845 മാത്രം. ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച 60 കോടി രൂപ ഉപയോഗിച്ച് 70,000 ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ കണക്‌ഷൻ നൽകുമെന്നാണ് ഇപ്പോഴത്തെ വാഗ്ദാനം.

English Summary:

K-FON’s revenue shortfall necessitates a loan moratorium request from Kiifb. The company seeks an extension on its loan repayment schedule due to significantly lower-than-projected income.