
മണം പിടിക്കും, തുമ്പുണ്ടാക്കും; കെ9 സ്ക്വാഡിന്റെ ചുണക്കുട്ടികൾ ഇവർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ 3 വർഷം മുൻപു നീണ്ടൂർ എസ്കെവി ഗവ. ഹൈസ്കൂളിലെ ലാപ്ടോപ്പുകൾ മോഷണം പോയി. പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി ട്രാക്കർ വിഭാഗത്തിലെ ലാബ്രഡോർ ഇനത്തിലെ രവി (അപ്പു) എന്ന നായ സ്ഥലത്തെത്തി. മണം പിടിച്ച് ഓടിയ അപ്പു അരക്കിലോമീറ്ററോളം ദൂരം ഓടി ഒരു കെട്ടിടത്തിനു സമീപം എത്തി. നായ ഓടിയെത്തുന്നതു കണ്ട് 3 പേർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് ഇവരെ പിടികൂടി. അവരായിരുന്നു പ്രതികൾ. അപ്പുവിനു മുൻപിൽ അങ്ങനെ പ്രതികൾ കീഴടങ്ങി. ഇങ്ങനെ മിടുക്കന്മാരായ 9 നായ്ക്കളാണു ജില്ലാ പൊലീസിന്റെ ഭാഗമായി കോട്ടയത്തുള്ളത്. കെ9 സ്ക്വാഡിലെ 6 പേർ കോട്ടയത്തും 3 പേർ പാലായിലുമാണ്.
ചുണക്കുട്ടികൾ ഇവർ
1. ഗണ്ണർ
∙ ബെൽജിയൻ മലിന്വാ ഇനം. 6 വയസ്സ്. ട്രാക്കർ ഇനത്തിൽപെട്ട നായ. ഹാൻഡ്ലർമാർ: സിപിഒമാരായ എൽ.രജികുമാർ, കെ.സുബീഷ്.
2. ബെയ്ലി
∙ ലാബ്രഡോർ ഇനം. 9 വയസ്സ്. എക്സ്പ്ലോസീവ് വിഭാഗത്തിൽ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിന്റെ പരിശീലനം നേടിയ നായയാണു ബെയ്ലി. എൻഎസ്ജി ദേശീയ മീറ്റിൽ മത്സരിച്ച ബെയ്ലി സമ്മാനം നേടിയിരുന്നു. ഹാൻഡ്ലർമാർ: എഎസ്ഐമാരായ ടി.എം.ആന്റണി, എസ്.സജികുമാർ.
3. ക്രിപ്റ്റോ
∙ ജർമൻ ഷെപ്പേഡ്. 4 വയസ്സ്. സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ വിദഗ്ധൻ. ഹാൻഡ്ലർമാർ: ഹവിൽദാർ ജി.വിഷ്ണു, സിപിഒ എ.എസ്.ജിനദേവൻ.
4. ഡോൺ
∙ ലാബ്രഡോർ. 7 വയസ്സ്. ലഹരിപദാർഥങ്ങൾ കണ്ടെടുക്കാൻ വിദഗ്ധനായ നായ. ഒട്ടേറെ കേസുകൾ പിടിക്കാൻ പൊലീസിനെ സഹായിച്ചു. ഹാൻഡ്ലർമാർ: എസ്ഐ കെ.വി.പ്രേംജി മോൻ, എസ്സിപിഒ പ്രമോദ് തമ്പി.
5. റീന
∙ ലാബ്രഡോർ. 12 വയസ്സ്. സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ വിദഗ്ധപരിശീലനം നേടിയ നായ. ഹാൻഡ്ലർമാർ: എഎസ്ഐമാരായ പി.കെ.സജികുമാർ, കെ.എൻ.ശിവപ്രസാദ്.
6. ചേതക്
∙ ബെൽജിയൻ മലിന്വാ. 5 വയസ്സ്. ട്രാക്കർ ഇനത്തിൽപെട്ട നായ. ഹാൻഡ്ലർമാർ: എസ്സിപിഒമാരായ കെ.പി.ബിനോയ്, വി.ജെ.ജോസഫ്.
7. റോക്കി
∙ ലാബ്രഡോർ. 7 വയസ്സ്. ലഹരിപദാർഥങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്ധൻ.ഹാൻഡ്ലർമാർ: എസ്സിപിഒ ബി.രാഹുൽ കുമാർ, സിപിഒ ബിട്ടു മോഹൻ. (റീന, ചേതക്, റോക്കി എന്നിവ പാലായിലാണ്.)
വിരമിക്കുന്ന നായ്ക്കൾ
∙ രവി (അപ്പു)– ലാബ്രഡോർ. 10 വയസ്സ്. ഒട്ടേറെ കേസുകൾക്കു തുമ്പുണ്ടാക്കിയ നായ. ഹാൻഡ്ലർമാർ: എഎസ്ഐ ടി.ശ്രീകുമാർ. എസ്സിപിഒ കെ.ജി.സുനിൽകുമാർ.
∙ ജിൽ– ലാബ്രഡോർ. 12 വയസ്സ്. ചിങ്ങവനം സ്റ്റേഷനിൽ നിന്നു ചാടിപ്പോയ മോഷ്ടാവിനെ കണ്ടെത്തിയത് ഉൾപ്പെടെ ഒട്ടേറെ നേട്ടങ്ങൾ. ഹാൻഡ്ലർമാർ: എസ്ഐ എ.എം.അനിൽകുമാർ, എഎസ്ഐ സി.എസ്.ബിജുകുമാർ.