
നീലേശ്വരത്തെ അവസാന നടപ്പാലവും ഓർമയിലേക്ക്; 130 മീറ്റർ നീളമുള്ള നടപ്പാലം നിർമിച്ചത് 1992ൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നീലേശ്വരം ∙ കേരളത്തിലെ തന്നെ ഏറ്റവും വലിയ നടപ്പാലമായ കോട്ടപ്പുറം-അച്ചാംതുരുത്തി പാലമുൾപ്പെടെ, മരപ്പലകകൊണ്ടു നിർമിച്ച 3 പാലങ്ങളുണ്ടായിരുന്ന നീലേശ്വരത്തെ അവസാന നടപ്പാലവും ഓർമയാകുന്നു. പണ്ട് കടത്തുതോണി മാത്രമായിരുന്നു കോട്ടപ്പുറത്തു നിന്നും അക്കരെയുള്ള കടിഞ്ഞിമൂലയിലേക്കും പുറത്തേക്കൈയിലേക്കും എത്താൻ ഏക ആശ്രയം. സ്കൂൾ കുട്ടികളുൾപ്പെടെയുള്ളവർക്ക് തോണിയിൽ കയറി വേണം അക്കരെയെത്താനെന്നു നഗരസഭാ അംഗം റഫീഖ് കോട്ടപ്പുറം ഓർക്കുന്നു.
എൺപതുകളിൽ കിടപ്പു രോഗികളെ ചികിത്സിക്കാൻ കടത്തു തോണിയിൽ പുഴ കടന്നു ചെന്നിരുന്നതും, നല്ല മഴയുള്ള ഒരു ദിവസം പുഴ കടക്കുമ്പോൾ തുഴക്കാരൻ വെള്ളത്തിൽ വീണു ഒരുവിധം പ്രയാസപ്പെട്ട് തിരിച്ച് തോണിയിൽ കയറിപ്പറ്റിയതുമൊക്കെയാണ് നീലേശ്വരത്തെ ഡോ.കെ.സി.കെ രാജയുടെ ഓർമയിൽ. ഏതാണ്ടു 30 വർഷം മുൻപു ഡിസിസിയുടെ ഗ്രാമയാത്ര കഴിഞ്ഞു അച്ചാംതുരുത്തിയിൽ നിന്നു തോണിമാർഗം കോട്ടപ്പുറത്തേക്ക് വരവേ തോണി മറിഞ്ഞ് നേതാക്കളുൾപ്പെടെയുള്ളവർ പുഴയിൽ വീണെങ്കിലും വലിയ അപകടം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്നു കോൺഗ്രസ് നേതാവ് ഏറുവാട്ട് മോഹനൻ ഓർക്കുന്നു.
ഇതേത്തുടർന്നാണ് ഈ 2 പ്രദേശങ്ങളെ ബന്ധിപ്പിച്ച് 315 മീറ്റർ നീളമുള്ള കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം നിർമിച്ചത്. അച്ചാംതുരുത്തി റോഡുപാലം യാഥാർഥ്യമായതോടു കൂടി നാശോൻമുഖമായ ഈ പാലം ഉടൻ പൊളിച്ചു നീക്കാൻ നിലവിൽ കലക്ടറുടെ ഉത്തരവുണ്ട്. അടുത്ത നഗരസഭാ കൗൺസിൽ യോഗം പാലം പൊളിക്കുന്നത് അജൻഡയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഓർച്ചയിൽ ഉണ്ടായിരുന്ന 120 മീറ്റർ നീളമുള്ള മരപ്പലകകൾ കൊണ്ടുണ്ടാക്കിയ പാലവും ഓർച്ച റോഡ് പാലം വന്നപ്പോൾ പൊളിച്ചു. ഇനി ബാക്കിയുള്ളത് കോട്ടപ്പുറം ക്ഷേത്രത്തിനു പിറകിലെ നടപ്പാലമാണ്. 1992ലാണ് 130 മീറ്റർ നീളമുള്ള കോട്ടപ്പുറം-കടിഞ്ഞിമൂല നടപ്പാലം നൂറോളം ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ നിർമിച്ചത്. ഇവിടെയുള്ള പുതിയ റോഡ് പാലവും ഉടൻ ഉദ്ഘാടനം ചെയ്യും. അതോടെ ഈ നടപ്പാലവും ഉടനെ പൊളിച്ചു മാറ്റിയേക്കും.