കേരളത്തിന്റെ കാർഷിക മേഖലയുടെ വളർച്ചയ്ക്ക് പുതിയ കുതിപ്പേകാൻ അഗ്രി പാർക്കുകൾക്ക് കഴിയുമെന്ന് മന്ത്രി പി. പ്രസാദ്. 5 അഗ്രി പാർക്കുകളാണ് ആസൂത്രണം ചെയ്തത്. ഒന്ന് പൂർത്തിയായി. മറ്റുള്ളവയും യാഥാർഥ്യമാക്കാനുള്ള നടപടികളിലേക്ക് കടന്നുകഴിഞ്ഞു. കാർഷിക മേഖലയ്ക്ക് കൂടുതൽ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യവികസനത്തിൽ കിഫ്ബി വഴി കാർഷിക മേഖലയ്ക്ക് പുതിയ കുതിപ്പ് സാധ്യമായിട്ടുണ്ട്. അഗ്രി പാർക്കുകൾക്കും മുതൽക്കൂട്ടാകുന്നത് കിഫ്ബി ഫണ്ടാണ്. കേരളം രൂപംകൊടുത്ത മികച്ച സ്ഥാപനമാണ് കിഫ്ബി. ഏതൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത വിധം സമീപകാലത്ത് കേരളം പശ്ചാത്തല സൗകര്യ വികസനത്തിൽ വലിയ നേട്ടമുണ്ടാക്കിയത് കിഫ്ബിയുടെ കരുത്തിലാണ്. കേരളപ്പിറവിക്കുശേഷം അടിസ്ഥാന സൗകര്യ വികസനത്തിൽ ഇത്രയും തുക ചെലവിട്ട മറ്റൊരു കാലഘട്ടമില്ല.

കഴിഞ്ഞ 7 വർഷത്തിലേറെയായി 80,000 കോടിയിൽപരം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബിയുടെ പിന്തുണയോടെ കേരളത്തിൽ നടക്കുന്നതെന്ന് മന്ത്രി പി. പ്രസാദ് ചൂണ്ടിക്കാട്ടി. റോഡുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവ ഉദാഹരണങ്ങൾ മാത്രം. ആശുപത്രികൾ വമ്പൻ കെട്ടിടങ്ങളും സൗകര്യങ്ങളുംകൊണ്ട് മികവുറ്റതായി. സ്കൂളുകളിലും പുതിയ കെട്ടിടങ്ങൾ നിർമിച്ചു, ക്ലാസ് റൂമുകൾ സ്മാർട് റൂമുകളായി. 25-ാം വർഷത്തിലെത്തിയ കിഫ്ബി കൂടുതൽ കരുത്തോടെ മുന്നോട്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു.

ചേർത്തലയും വികസനപ്പാതയിൽ

തന്റെ മണ്ഡലമായ ചേർത്തലയിൽ മാത്രം 155 കോടിയിലേറെ രൂപയുടെ വികസനം കിഫ്ബി ഫണ്ടുവഴി ഇക്കാലയളവിൽ സാധ്യമായെന്ന് മന്ത്രി പറഞ്ഞു. ചരിത്ര പ്രാധാന്യമുള്ള വയലാർ പാലം ഉൾപ്പെടുന്ന മുട്ടം ബസാർ എട്ടുപുരക്കൽ റോഡിന്റെ നിർമാണത്തിന് കിഫ്ബി 10 കോടി രൂപ അനുവദിച്ചു. ചേർത്തലയിൽ 100 കൊല്ലത്തിലേറെ പഴക്കമുള്ളത് ഉൾപ്പെടെ 150ഓളം സ്കൂളുകളുണ്ട്. അത്യാധുനികമായി ക്ലാസ് മുറികളും കെട്ടിടങ്ങളും നിർമിക്കാനും കിഫ്ബിയുടെ പിന്തുണ ലഭിച്ചെന്നും മന്ത്രി പറഞ്ഞു.

English Summary:

KIIFB Fuels Kerala’s Infrastructure Boom, Including Agri Sector, says Minister P Prasad