
ഉരുൾപൊട്ടിയിട്ട് 9 മാസം; അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടില്ല: വിലങ്ങാട്ട് പുനർനിർമാണ പ്രവർത്തനം ഇഴയുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിലങ്ങാട്∙ മന്ത്രിമാർ മുതൽ ഉദ്യോഗസ്ഥ സംഘം വരെ വിലങ്ങാട്ടെ ഉരുൾപൊട്ടൽ മേഖലയിൽ എത്തിയപ്പോൾ വിലങ്ങാടിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുമെന്നായിരുന്നു നാടിന്റെ പ്രതീക്ഷ. ഉരുൾപൊട്ടിയിട്ട് 9 മാസമായെങ്കിലും റോഡ്, പാലം അടക്കമുള്ള ഗതാഗത സൗകര്യങ്ങൾ ഇന്നും പഴയ പോലെയായിട്ടില്ല. തകർന്ന ടൗൺ പാലം താൽക്കാലികമായി നന്നാക്കി വാളൂക്ക് ഭാഗത്തേക്കുള്ള യാത്ര പുനഃസ്ഥാപിച്ചതാണ് ഉരുൾപൊട്ടലിനു ശേഷം നടന്ന കാര്യമായ പുനരുദ്ധാരണ പ്രവൃത്തി. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു പാലം വഴിയുള്ള ഗതാഗതം അസാധ്യമായതാണ്.
പുഴയിൽനിന്ന് അപ്രോച്ച് റോഡിന്റെ അവശിഷ്ടങ്ങൾ നീക്കി പാലം വഴി ഇപ്പോൾ വാഹനങ്ങൾ കടത്തി വിടുന്നുണ്ടെങ്കിലും മഴ പെയ്യുന്നതോടെ ഭീഷണിയാകുമെന്നതാണു സ്ഥിതി. മന്ത്രി പി.എ.മുഹമ്മദ് റിയാസും കലക്ടറും ചീഫ് സെക്രട്ടറിയും അടക്കമുള്ളവർ ഈ പാലവും മറ്റു തകർന്ന പാതകളുമൊക്കെ വന്നുകണ്ടെങ്കിലും പലയിടങ്ങളിലെയും ഗതാഗത സൗകര്യം പുനഃസ്ഥാപിക്കാനായിട്ടില്ല. കല്ലാച്ചി – വിലങ്ങാട് റോഡിൽ മലയോര ഹൈവേയുടെ ഭാഗമായ ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ് സുരക്ഷിതമാക്കുകയാണു വിലങ്ങാടിന് ആദ്യം വേണ്ടത്.
ഈ പാലം കടന്നുള്ള ഗതാഗതം മുടങ്ങിയാൽ വിലങ്ങാട് വീണ്ടും ഒറ്റപ്പെടും. ഇന്ധനം മുതൽ മരുന്നു വരെയും ഭക്ഷ്യ വസ്തുക്കളും വിലങ്ങാട്ടേക്ക് എത്തേണ്ടത് ഈ പാലം കടന്നാണ്. വിലങ്ങാട്ടേക്കു വിവിധ നഗരങ്ങളിൽനിന്നു ബസ് റൂട്ടുള്ളതും ഈ പാലം വഴിയാണ്.പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും സ്ഥിതി നേരിട്ടു കണ്ട മന്ത്രി റിയാസ് യുദ്ധകാലാടിസ്ഥാനത്തിൽ വിലങ്ങാടിന്റെ ഗതാഗത സൗകര്യം പുനഃസ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ടൗൺ പാലം മാറ്റിപ്പണിയാൻ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം സ്ഥലം ഏറ്റെടുക്കൽ തുടങ്ങി കടമ്പകൾ പലതും കടക്കേണ്ടതുണ്ട്.
വായാട് ഉന്നതിയിലേക്കുള്ള പാലവും മുച്ചങ്കയം പാലവും പുനരുദ്ധരിക്കേണ്ടതുണ്ടെങ്കിലും ഇതിനൊന്നും നടപടി തുടങ്ങിയിട്ടില്ല. മുച്ചങ്കയം പാലത്തിനു പി.സന്തോഷ്കുമാർ എംപി 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെങ്കിലും അവിടെ പാലം പണിയാൻ 2 കോടിയിലേറെ വേണമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. മഴ തുടങ്ങുന്നതോടെ ഈ മേഖലയും മലയങ്ങാട്, പാലൂർ, മാടാഞ്ചേരി, പാനോം തുടങ്ങിയ ഭാഗങ്ങളും വീണ്ടും ഒറ്റപ്പെടുമെന്ന ആശങ്കയിലാണു വിലങ്ങാട്ടുകാർ. റിട്ട.അധ്യാപകൻ മാത്യുവിന്റെ മരണം സംഭവിച്ച മഞ്ഞച്ചീളിയിലെ പാലത്തിന്റെ പണി തുടങ്ങിയിട്ടു പോലുമില്ല.