
കോഴിക്കോട്: എൽ എൽ എം വിദ്യാര്‍ത്ഥിനിയായ മകളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പിതാവിന്റെ ആത്മഹത്യാ ശ്രമം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ നളിനത്തില്‍ വി ഷാജിയാണ് കാലിക്കറ്റ് സര്‍വകലാശാല നിയമ പഠന വിഭാഗത്തില്‍ എത്തി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ഷാജിയുടെ മകള്‍ ഇന്ദുലേഖ അവസാന സെമസ്റ്റര്‍ നിയമ വിദ്യാര്‍ത്ഥിനിയാണ്. പഠനവുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധം യഥാസമയം സമര്‍പ്പിച്ചിട്ടും ഒട്ടേറെ തവണ തിരുത്തല്‍ ആവശ്യപ്പെട്ട് ഗൈഡ് മടക്കി നല്‍കിയെന്നാണ് പരാതി. പഠന വിഭാഗം മേധാവി അംഗീകരിച്ച ശേഷമാണ് ഗൈഡ് തിരുത്തല്‍ ആവശ്യപ്പെടുന്നതെന്ന് ഷാജി പറയുന്നു. ഒടുവില്‍ ഗവേഷണ പ്രബന്ധം നിരസിച്ചുവെന്ന തരത്തില്‍ എഴുതി നല്‍കണമെന്ന ആവശ്യവുമായി മകള്‍ പഠന വിഭാഗത്തില്‍ എത്തിയെങ്കിലും അധികൃതര്‍ തയ്യാറായില്ല. പിന്നീടാണ് പേപ്പര്‍ മുറിക്കുന്ന ബ്ലെയ്ഡ് ഉപയോഗിച്ച് ഞരമ്പ് മുറിച്ചത്. ഓഫീസിലുണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് 17 തുന്നലുകള്‍ വേണ്ടി വന്നു. അതേസമയം ഗവേഷണ പ്രബന്ധത്തിലുള്ള അപാകത പരിഹരിക്കാന്‍ അധ്യാപകര്‍ തയ്യാറായിരുന്നുവെന്നും മാറ്റം വരുത്താന്‍ വിദ്യാര്‍ത്ഥിനി തയ്യാറാവാതിരിക്കുകയായിരുന്നുവെന്നും കോഴ്സ് കോര്‍ഡിനേറ്റര്‍ മുസമ്മില്‍ അമീന് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]