കുരുമുളക് വിത്ത് വിതരണത്തിലും ക്രമക്കേട്; അപേക്ഷകൾ വ്യാജമായി സൃഷ്ടിച്ചെന്ന് ആക്ഷേപം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙ ‘വാഴയിൽ നിന്നു കുരുമുളകിലേക്കു പടർന്ന്’ വിത്ത് വിതരണത്തിലെ ക്രമക്കേട്. നഗരസഭയിലെ കുരുമുളക് കൃഷി വികസനത്തിനായി ആവിഷ്കരിച്ച പദ്ധതിയുടെ വിലയിരുത്തലിലാണ് ക്രമക്കേടിന്റെ നാൾവഴികൾ തെളിഞ്ഞത്. പത്തനംതിട്ട നഗരസഭയ്ക്ക് 2.09 ലക്ഷം രൂപ നഷ്ടമായതായാണ് കണ്ടെത്തൽ. ഇരട്ടിവിലയിലാണ് കുരുമുളക് തൈകൾ വാങ്ങിയത്. ഗുണഭോക്താക്കളുടെ അപേക്ഷകൾ വ്യാജമായി സൃഷ്ടിച്ചെന്നും തൈകൾ വിതരണം ചെയ്തതിന് വ്യാജരേഖയുണ്ടാക്കി എന്നും ഗുരുതര ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്.
വാഴ വിത്ത് വിതരണത്തിലും നേരത്തെ ക്രമക്കേട് കണ്ടെത്തിയിരുന്നു. കൃഷി ഫീൽഡ് ഓഫിസറാണ് പദ്ധതികളുടെ നിർവഹണം നടത്തിയത്. ‘ഞങ്ങളും കൃഷിയിലേക്ക്– കുരുമുളക് കൃഷി വികസനം’ എന്ന പദ്ധതിപ്രകാരം തൈ ഒന്നിന് 100 രൂപയ്ക്കാണ് കുറ്റിക്കുരുമുളക് തൈകൾ വാങ്ങിയത്. 4.19 ലക്ഷം രൂപ ഇതിനായി ചെലവായി. ഗുണനിലവാരമുള്ള പോളിബാഗിൽ തയാറാക്കിയ കുരുമുളക് തൈ 50 രൂപയ്ക്ക് ലഭിക്കുന്ന സാഹചര്യത്തിലാണ് 100 രൂപ മുടക്കി വാങ്ങിയത്. ഇതിലൂടെയാണ് നഗരസഭയ്ക്ക് 2.09 ലക്ഷം രൂപ നഷ്ടമായത്.
കിട്ടിയില്ല ഒരു തൈ പോലും
ഗുണഭോക്തൃ പട്ടികയിലുള്ളവരുടെ മേൽവിലാസ പ്രകാരം ചില വീടുകളിൽ നടത്തിയ അന്വേഷണമാണ് ക്രമക്കേടിന്റെ ചുരുളഴിച്ചത്. 15 വീതം തൈകൾ വാങ്ങിയവരുടെ പേരുകളും ഗുണഭോക്തൃ പട്ടികയിലുണ്ടായിരുന്നു. എന്നാൽ, ഇവരിൽ പലർക്കും ഒരു തൈ പോലും കിട്ടിയിട്ടില്ല. നഗരസഭയിലെ 2 വാർഡുകളിൽ നേരിട്ട് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. എന്നാൽ, പദ്ധതിയിലെ അപാകതകളെക്കുറിച്ച് വ്യക്തമായ മറുപടി കൃഷി ഫീൽഡ് ഓഫിസറിൽ നിന്നും ലഭിച്ചിട്ടുമില്ല.
2023 മുതൽ 2024 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് പദ്ധതിക്കായി പണം ചെലവിട്ടത്. വാഴവിത്ത് വിതരണം ചെയ്യുന്ന പദ്ധതിയുടെ പേരിൽ വ്യാജരേഖകളും കൃത്രിമ രസീതുകളും തയാറാക്കിയതായും കണ്ടെത്തിയിരുന്നു. 50 വീതം വാഴവിത്ത് വാങ്ങിയെന്ന് രേഖയിലുള്ള 4 പേരുടെ വീടുകളിൽ നേരിട്ട് പരിശോധന നടത്തിയിരുന്നു. അപ്പോഴാണ് ഈ വീട്ടുകാർ പോലും ഇത്തരം പദ്ധതിയെക്കുറിച്ച് അറിയുന്നത്. ഒരു വാഴവിത്ത് പോലും ഇവർക്ക് കിട്ടിയതുമില്ല. രസീതിലെ ഒപ്പ് തങ്ങളുടേതല്ലെന്നും ഇവർ വ്യക്തമാക്കി.