
മകൾ ഉപദേശിച്ചു, കുതിര സവാരി ഉപേക്ഷിച്ചു; ജീവിതം തിരിച്ചുപിടിച്ച് തിരുവല്ല സ്വദേശികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവല്ല ∙ ‘മകൾ വേണ്ടെന്നു പറഞ്ഞതിനാൽ മാത്രം ബൈസരൺ താഴ്വരയിലേക്കുള്ള കുതിര സവാരി ഒഴിവാക്കി. പകരം ബേതാബ് താഴ്വരയിലേക്കു പോയി, ആ സമയത്താണ് ബൈസരണിൽ തീവ്രവാദി ആക്രമണം നടന്നത്’ തിരുവല്ല കാവുംഭാഗം സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്റ് ജെ.ഗിരീഷിന്റെ ശബ്ദത്തിൽ ആശ്വാസം. പഹൽഗാമിലെ ദുരന്തത്തിൽ നിന്ന് ഈ കുടുംബം രക്ഷപ്പെടാൻ കാരണം ബൈസരണിലേക്കുള്ള കുതിര സവാരി അപകടകരമാണെന്നും ഒഴിവാക്കണമെന്നും മകൾ നിർബന്ധം പിടിച്ചതിനാലാണ്. ഈ മാസം 19 മുതൽ 22 വരെയാണ് ഗിരീഷും ഭാര്യ ദീപ്തിയും മകൾ തീർഥയും കശ്മീർ യാത്ര നടത്തിയത്.
ഗുൽമാർഗ്, സോനമാർഗ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് കശ്മീർ യാത്രയുടെ അവസാന ദിനം ഉച്ചയോടെ ഇവർ പഹൽഗാമിലെത്തിയത്. പഹൽഗാമിലെത്തിയപ്പോൾ ബൈസരണിലേക്കുള്ള കുതിര സവാരി എന്തായാലും ഒഴിവാക്കണമെന്നു പറഞ്ഞ് മകൾ നിർബന്ധം പിടിച്ചു. അതോടെ കുടുംബം കുതിര സവാരി ഒഴിവാക്കി ബേത്താബ് വാലിയിലേക്കു പോയി. ഉച്ചയ്ക്ക് 2ന് തിരികെ പഹൽഗാം ടാക്സി സ്റ്റാൻഡിലെത്തി.രണ്ടരയോടെ ഭക്ഷണം കഴിക്കുന്ന കാര്യം പറഞ്ഞപ്പോൾ മടങ്ങും വഴി കഴിക്കാമെന്ന് ടാക്സി ഡ്രൈവർ പറഞ്ഞു. ടാക്സിയിൽ കയറിയപ്പോൾ ചെറിയ പ്രശ്നമുണ്ട് വേഗം ശ്രീനഗറിലെത്തണമെന്നും ചിലപ്പോൾ വഴി ബ്ലോക്കാകുമെന്നും ഡ്രൈവർ പറഞ്ഞു.
എന്നാൽ കാരണം വ്യക്തമായി പറഞ്ഞില്ല. റോഡിലൂടെ സൈനിക വാഹനങ്ങൾ പോകുന്നതു കണ്ടെങ്കിലും അസ്വാഭാവികമായി തോന്നിയില്ല.ഇതിനിടെ മൊബൈലിൽ വാർത്തകൾ നോക്കിയപ്പോൾ തീവ്രവാദി ആക്രമണത്തിൽ ഏതാനും പേർക്കു പരുക്കേറ്റെന്ന വാർത്ത കണ്ടു. എങ്കിലും അത്ര ഭീതി തോന്നിയില്ല. നേരെ ശ്രീനഗറിലെത്തിയാണു കാർ നിർത്തിയത്. ശ്രീനഗറെത്തിയപ്പോൾ സുരക്ഷ കൂടുതൽ കർശനമാക്കിയതായി അനുഭവപ്പെട്ടു. ഹോട്ടൽ മുറിയിലെത്തി വാർത്തകൾ കണ്ടപ്പോളാണ് പ്രശ്നം അതീവ ഗുരുതരമാണെന്നു മനസിലായത്. ഹോട്ടലിനു മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. സുരക്ഷിതരാണെന്ന കാര്യം വീട്ടിലും ബന്ധുക്കളെയും അറിയിച്ചു. മടങ്ങാനുള്ള വിമാനം പിറ്റേന്ന് ഉച്ചയ്ക്കായിരുന്നു. തീവ്രവാദി ആക്രമണത്തിൽ മരിച്ച കൊച്ചി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം ഇതേ വിമാനത്തിലാണ് കൊണ്ടു വന്നത്. 23ന് സുരക്ഷിതരായി വീട്ടിലെത്തി.