
പ്രമുഖ വ്യവസായി എം.എ. യൂസഫലി (M.A. Yousuff Ali) നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു റീട്ടെയ്ൽ (Lulu Retail) 2024 സാമ്പത്തിക വർഷത്തേക്കായി പ്രഖ്യാപിച്ച വമ്പൻ ലാഭവിഹിതത്തിന് (dividend) ഓഹരി ഉടമകളുടെ അംഗീകാരം. അബുദാബിയിൽ ചേർന്ന വാർഷിക പൊതുയോഗമാണ് (AGM) ഓഹരിക്ക് 0.82 സെന്റ് വീതം ലാഭവിഹിതം നൽകാനുള്ള തീരുമാനം അംഗീകരിച്ചത്. നികുതി കിഴിച്ചുള്ള ലാഭത്തിന്റെ 75 ശതമാനം ലാഭവിഹിതം നൽകാനായിരുന്നു മുൻധാരണയെങ്കിലും നിലവിൽ 85 ശതമാനം വിതരണം ചെയ്യാനാണ് തീരുമാനം.
84.4 മില്യൻ ഡോളറാണ് (ഏകദേശം 720.77 കോടി രൂപ) ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി വിതരണം ചെയ്യുക. വൻ ശ്രദ്ധ നേടിയ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ശേഷം കഴിഞ്ഞ നവംബറിലായിരുന്നു അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എഡിഎക്സ്) ലുലു റീട്ടെയ്ലിന്റെ ലിസ്റ്റിങ് . തുടർന്ന്, കഴിഞ്ഞ ഫെബ്രുവരിയിൽ ലിസ്റ്റിങ്ങിനു ശേഷമുള്ള ആദ്യ പ്രവർത്തനഫലവും ലാഭവിഹിതവും ലുലു പ്രഖ്യാപിച്ചു. ലിസ്റ്റിങ്ങിനു ശേഷം ചേർന്ന, കമ്പനിയുടെ ആദ്യ വാർഷിക പൊതുയോഗമാണ് ലാഭവിഹിതം അംഗീകരിച്ചത്.
ലുലുവിനെ രാജ്യാന്തരപ്രൗഢിയുള്ള ഒരു പബ്ലിക് ലിസ്റ്റഡ് കമ്പനിയായി ഉയർത്താൻ പ്രയത്നിച്ച ജീവനക്കാർ, റഗുലേറ്റർമാർ, ഓഹരി ഉടമകൾ, പാർട്ണർമാർ എന്നിവർക്ക് നന്ദി അറിയിച്ച ചെയർമാൻ എം.എ. യൂസഫലി, ലുലുവിന്റെ വികസനോന്മുഖ കാഴ്ചപ്പാടും മികവുറ്റ അടിത്തറയുമാണ് ഇത് എടുത്തുകാട്ടുന്നതെന്നും വ്യക്തമാക്കി.
2024 സാമ്പത്തിക വർഷത്തിൽ 12.4% ലാഭ (net profit) വളർച്ചയാണ് ലുലു റീട്ടെയ്ൽ നേടിയത്. മുൻവർഷത്തെ 221.7 മില്യൻ ഡോളറിൽ നിന്ന് 249.2 മില്യൻ ഡോളറായാണ് വർധന. സജീവ പ്രവർത്തനങ്ങളിൽ നിന്നുള്ള ലാഭം (Net Profit from continuing operations) 12.6% മുന്നേറി 216.28 മില്യൻ ഡോളർ. വരുമാനം 4.7% വർധിച്ച് 762 കോടി ഡോളറായി. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്കു മുമ്പുള്ള ലാഭം (EBITDA) 4.4 ശതമാനം ഉയർന്ന് 786.3 മില്യൻ ഡോളറിലുമെത്തി.
പുതിയ സ്റ്റോറുകൾ തുറന്നതും യുഎഇയും സൗദി അറേബ്യയുമടക്കം ഒട്ടുമിക്ക ജിസിസി രാഷ്ട്രങ്ങളിലും മികച്ച വിൽപനനേട്ടം കൈവരിച്ചതും കഴിഞ്ഞവർഷത്തെ ലാഭത്തിലും വരുമാനത്തിലും ശ്രദ്ധേയ വളർച്ചയ്ക്ക് വഴിയൊരുക്കി. 2024ൽ പുതുതായി 21 സ്റ്റോറുകളാണ് കമ്പനി തുറന്നത്. അവസാനപാദമായ ഒക്ടോബർ-ഡിസംബറിൽ മാത്രം 9 പുതിയ സ്റ്റോറുകൾ ആരംഭിച്ചു. ഇതോടെ, മൊത്തം സ്റ്റോറുകൾ 250 ആയി.
സുസ്ഥിര വളർച്ചയിലൂടെ റീട്ടെയ്ൽ മേഖലയിൽ മികച്ച പ്രവർത്തനമാണ് ലുലു കാഴ്ചവയ്ക്കുന്നതെന്നും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ലുലു റീട്ടെയ്ൽ സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു. എഡിഎക്സിൽ 0.79% നേട്ടത്തോടെ 1.7 ദിർഹത്തിലാണ് ലുലു റീട്ടെയ്ൽ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. മെയ് രണ്ടാണ് ലുലു റീട്ടെയ്ൽ എക്സ്-ഡിവിഡന്റ് തീയതി. മെയ് 23ന് ലാഭവിഹിതം വിതരണം ചെയ്യും.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)