ഉദിനൂർ റെയിൽവേ മേൽപാലം: ഗതാഗതക്കുരുക്ക് അഴിയും; ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃക്കരിപ്പൂർ ∙ നടക്കാവ് – എടച്ചാക്കൈ പാതയിലെ ഉദിനൂർ റെയിൽവേ ഗേറ്റിൽ റെയിൽവേ മേൽപാലം പണിയുന്നതിനു ഭൂമി ഏറ്റെടുക്കൽ നടപടി താമസിയാതെ ആരംഭിക്കും. ആർഒബി നിർമാണത്തിനു ഭൂമി ഏറ്റെടുക്കുന്നതിനു സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഹൊസ്ദുർഗ് താലൂക്കിലെ ഉദിനൂർ വില്ലേജിൽപെട്ട ഭൂമി മേൽപാലം നിർമാണത്തിന്റെ ആവശ്യത്തിന് ഏറ്റെടുക്കാമെന്നു അഡീഷനൽ സെക്രട്ടറി ഷീബ ജോർജാണ് ഉത്തരവ് പുറപ്പെടുവിച്ചത്.സർവേ നമ്പർ 138 മുതൽ 143 വരെയും റി.സ.155 ലും ഉൾപ്പെട്ട ഭൂമിയാണു പാലം നിർമാണത്തിനായി ഏറ്റെടുക്കേണ്ടത്. ഗേറ്റിന് ഇരുപുറങ്ങളിൽനിന്നായി സ്വകാര്യ വ്യക്തികളിൽനിന്നു ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങൾ പൊളിക്കുകയോ ക്രമീകരണം നടത്തുകയോ വേണം. പാലം നിർമാണത്തിനുള്ള ജിഎഡി(ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്) കഴിഞ്ഞവർഷം റെയിൽവേ അംഗീകരിച്ചിരുന്നു.
ഒരു വർഷത്തിലധികം റെയിൽവേയുടെ സാങ്കേതിക കുരുക്കിൽപെട്ട ഈ പ്രശ്നത്തിന് എം.രാജഗോപാലൻ എംഎൽഎയുടെ നേതൃത്വത്തിൽ ഒട്ടേറെത്തവണ നടത്തിയ പ്രവർത്തനഫലമായാണു ജിഎഡി അംഗീകാരം ലഭിച്ചത്.സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര വ്യവസ്ഥയും ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്. 2013ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഭൂമി ഏറ്റെടുക്കാമെന്നാണു കലക്ടർക്കു നൽകിയ ഉത്തരവിൽ വിശദീകരിച്ചത്.മേൽപാലം യാഥാർഥ്യമായാൽ ഗതാഗതക്കുരുക്ക് അഴിയുന്നതിനൊപ്പം വിനോദസഞ്ചാര രംഗത്തു മുന്നേറ്റം നടത്താനും പടന്ന പഞ്ചായത്തിന്റെ വിവിധ ഗ്രാമങ്ങൾക്കു വികസനനേട്ടം കൈവരിക്കാനും കഴിയുമെന്നാണു പ്രതീക്ഷ.