
അമേരിക്ക പ്രശ്നങ്ങളിൽ നിന്ന് പ്രശ്നങ്ങളിലേക്ക് നീങ്ങുകയാണ് എന്നതിന്റെ കൂടുതൽ സൂചനകൾ വന്നു തുടങ്ങി. ട്രംപ് ഇപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്നത് തിരിച്ചറിഞ്ഞു തുടങ്ങിയോ? ഓഹരി വിപണികൾ പിണങ്ങി തുടങ്ങിയതോടെ പ്രസിഡന്റിന്റെ നയങ്ങളിൽ ആർക്കും തൃപ്തിയില്ല എന്ന രീതിയിലാണ് കാര്യങ്ങൾ. ഓഹരി വിപണികൾ തകരുമ്പോൾ ബോണ്ട് വിപണി സാധാരണ ഉഷാറാകാറാണ് പതിവ്.
എന്നാലിതിപ്പോൾ ബോണ്ട് വിപണിയും തകർച്ചയിലാണ്. എല്ലാത്തിനും ഉപരിയായി അമേരിക്കൻ ഡോളർ മൂല്യം കുത്തനെ ഇടിയുന്നു. കാര്യങ്ങൾ കൂട്ടി വായിക്കുമ്പോൾ; 1930 ന് ശേഷമുള്ള ഏറ്റവും കടുത്ത മാന്ദ്യത്തിലേക്ക് അമേരിക്ക എത്തുമോ എന്ന സംശയം സാമ്പത്തിക വിദഗ്ധർക്ക് മാത്രമല്ല, സാധാരണക്കാർക്കുമുണ്ട്.
മാന്ദ്യം അനിവാര്യം
സാമ്പത്തിക പ്രതിസന്ധികളോ, വിതരണ മേഖലയിലെ തടസ്സങ്ങളോ, ബാഹ്യമായ ഘടകങ്ങളോ കാരണമാണ് സാധാരണയായി രാജ്യങ്ങളിൽ മാന്ദ്യം ഉണ്ടാകുന്നത്. എന്നാൽ ഇപ്പോൾ ഒരു രാഷ്ട്ര തലവന്റെ നയങ്ങൾ മൂലം മാത്രം ലോകത്തിലെ ഒരു പ്രധാന സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് എത്തുന്ന അവസ്ഥയാണിത്. ശരിയായി നടന്നു പോകുന്ന കാര്യങ്ങൾ പെട്ടെന്ന് കുഴച്ചു മറിക്കുന്ന അവസ്ഥയിലേക്കാണ് ട്രംപ് അമേരിക്കയെ എത്തിച്ചിരിക്കുന്നത്.
അതുകൊണ്ടാണ് തെരഞ്ഞെടുത്തു വിട്ട സാധാരണക്കാർ വരെ തെരുവിലിറങ്ങി തുടങ്ങിയിരിക്കുന്നത്. വാഹന നിർമാണ കമ്പനികളും, ഐ ടി കമ്പനികളും ആളുകളെ പിരിച്ചു വിട്ടു തുടങ്ങി. എല്ലാ സാധനങ്ങൾക്കും കുത്തനെ വില കൂടി. തൊഴിൽ രംഗത്തും കാര്യങ്ങൾ ശരിയായ രീതിയിൽ അല്ല.
ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എങ്കിലും അമേരിക്ക വളർന്നു കൊണ്ടിരിക്കുകയാണ് എന്നാണ് ട്രംപിന്റെ പക്ഷം. “പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രവചനാതീതമായ താരിഫ് നയവും അമേരിക്കയുടെ വ്യാപാര പങ്കാളികളുടെ പ്രതികാര നടപടികളും ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥകൾക്ക് കനത്ത പ്രഹരമേൽപ്പിക്കുമെന്ന്” രാജ്യാന്തര നാണയ നിധി (ഐ എം എഫ്) മുന്നറിയിപ്പ് നൽകി.
ആഗോള സാമ്പത്തിക വളർച്ച ഈ വർഷം 2.8% ആയി കുറയും. കഴിഞ്ഞ വർഷത്തെ 3.3% ൽ നിന്ന്, ചരിത്രപരമായ ശരാശരിയേക്കാൾ വളരെ താഴെയായിരിക്കുമെന്ന് ഐഎംഎഫ് അതിന്റെ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിൽ പ്രവചിച്ചു.
“2024-ൽ 2.8% വളർച്ച കൈവരിച്ച അമേരിക്കയുടെ സമ്പദ്വ്യവസ്ഥ 2025-ൽ 1.8% മാത്രമേ വളരാൻ സാധ്യതയുള്ളൂ ” എന്നും ഐ എം എഫ് റിപ്പോർട്ടിലുണ്ട്. പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ മാന്ദ്യത്തിലേക്ക് അമേരിക്ക എത്താനുള്ള സാധ്യത ഉണ്ടെന്ന മുന്നറിയിപ്പും ഐ എം എഫ് നൽകുന്നു.
ഇന്ത്യൻ ഓഹരി വിപണിക്ക് നേട്ടമാകുമോ?
അമേരിക്ക മാന്ദ്യത്തിലേക്ക് പോകുകയാണെങ്കിൽ അത് ഇന്ത്യക്ക് നേട്ടമായിരിക്കും എന്ന് വിശകലന വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇന്ത്യയിൽ നിന്നും ഓഹരി വിറ്റു കളം വിട്ട വിദേശ നിക്ഷേപകർ തിരിച്ചു വരവിന്റെ പാതയിലാണെന്ന് ഓഹരി വിപണിയിൽ നിന്നുള്ള കണക്കുകൾ കാണിക്കുന്നു. അതുപോലെ ‘സെൽ യു എസ്, ബൈ ഇന്ത്യ’ ആഹ്വാനങ്ങൾ സോഷ്യൽ മീഡിയയിൽ കൂടുകയാണ്.
ഈ കാര്യം, ജെഫറീസിന്റെ ആഗോള ഇക്വിറ്റി സ്ട്രാറ്റജി മേധാവി ക്രിസ്റ്റഫർ വുഡ് അടക്കം ശുപാർശ ചെയ്തിട്ടുണ്ട്. ഇത് കൂടുതൽ വിദേശ ബ്രോക്കേറേജുകൾ ഇന്ത്യയിലേക്ക് നിക്ഷേപം നടത്താൻ തുടങ്ങുന്നതിന്റെ മുന്നോടിയായി കാണുന്നവരുണ്ട്. ഇന്ത്യ അടക്കമുള്ള ‘എമേർജിങ് മാർക്കറ്റ്സ്’ അടുത്തകാലത്ത് കൂടുതൽ ആദായം നൽകും എന്നൊരു ചിന്തയും ഇപ്പോൾ വിദേശ നിക്ഷേപകർക്കിടയിൽ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്.
ചൈനയിൽ നിന്നുള്ള ഇറക്കുമതി അമേരിക്ക നിയന്ത്രിക്കുന്നതും ഇന്ത്യക്ക് നേട്ടമാകുമെന്ന വിലയിരുത്തലുകൾ ഉണ്ട്. ഇതും ഇന്ത്യൻ ഓഹരി വിപണിക്ക് നേട്ടമാകാൻ വഴിയുണ്ട്. റിസർവ് ബാങ്ക് പലിശ കുറച്ചതും ഓഹരി വിപണിക്ക് ഉഷാർ കൂട്ടുന്ന ഘടകമാണ്. ചെറുകിട നിക്ഷേപകർ കഴിഞ്ഞ മാസങ്ങളിലെ വില്പനക്കിടയിൽ ഓഹരികൾ വാങ്ങി കൂട്ടിയതും, ദീർഘകാലത്തേക്ക് ഇന്ത്യൻ ഓഹരി വിപണി നല്ല ആദായം നൽകുമെന്ന പ്രതീക്ഷകളും നിഫ്റ്റിയെയും, സെൻസെക്സിനെയും പുതിയ ഉയരങ്ങളിൽ എത്തിച്ചേക്കാം