
നോക്കാനാളില്ല; മാവേലിക്കര നഗരത്തിൽ 11 സ്ഥലങ്ങളിലെ 17 ക്യാമറകൾ കണ്ണടച്ചിട്ട് 3 വർഷം
മാവേലിക്കര ∙ ഏറെ പ്രതീക്ഷയോടെ നഗരത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനം നിലച്ചിട്ടു 3 വർഷമാകുന്നു. എന്നാൽ പ്രശ്നം പരിഹരിക്കാൻ ആരു മുന്നിട്ടിറങ്ങുമെന്ന ചോദ്യത്തിനു മറുപടിയില്ല.
മുൻ എംഎൽഎ ആർ.രാജേഷിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നായി 35 ലക്ഷം രൂപ ചെലവഴിച്ചു നഗരസഭ അതിർത്തിയിലെ 11 കേന്ദ്രങ്ങളിൽ 17 ക്യാമറകളാണു സ്ഥാപിച്ചത്. 2022 ഓഗസ്റ്റ് 2ന് ആണു ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്. ക്യാമറകൾക്ക് ആവശ്യമായ വൈദ്യുതി ബിൽ അടയ്ക്കുന്നതിനു പകരമായി പൊലീസ് സ്റ്റേഷനിൽ വിഷ്വൽസ് ലഭിക്കുന്നതു പോലെ നഗരസഭ സെക്രട്ടറിക്കും ഔദ്യോഗികമായി ക്യാമറ ദൃശ്യങ്ങൾ ലഭ്യമാക്കുമെന്നു വാക്കാൽ ഉറപ്പ് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണു വൈദ്യുതി ബിൽ അടയ്ക്കുന്നതിനു നഗരസഭ കൗൺസിൽ അംഗീകാരം നൽകിയത്. എന്നാൽ ക്യാമറ പ്രവർത്തനമാരംഭിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും നഗരസഭയ്ക്കു നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി നൽകിയില്ല. ഇതു സംബന്ധിച്ചു പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ തങ്ങൾക്ക് അതെക്കുറിച്ച് അറിയില്ലെന്നാണു നഗരസഭയെ അറിയിച്ചത്.
അതുവരെയുള്ള വൈദ്യുതി ബിൽ കുടിശിക അടച്ച നഗരസഭ ക്യാമറകളുടെ വൈദ്യുതി വിഛേദിക്കാൻ വൈദ്യുതി ബോർഡിനു കത്ത് നൽകി. വൈദ്യുതി വിഛേദിച്ചതോടെ ക്യാമറകളുടെ പ്രവർത്തനം നിലച്ചു. ക്യാമറകളുടെ സഹായത്തോടെ നഗരത്തിൽ മാലിന്യം വലിച്ചെറിയാൻ എത്തുന്നത് ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധരെ കുടുക്കാമെന്ന മോഹം നഷ്ടമായതോടെ നഗരസഭ പദ്ധതി നടത്തിപ്പിൽ നിന്നു പിന്മാറുകയായിരുന്നു.
ബിൽ അടയ്ക്കുന്നതു നഗരസഭ നിർത്തലാക്കിയതോടെ ലക്ഷങ്ങൾ ചെലവഴിച്ച ക്യാമറകൾ ഉപയോഗരഹിതമായി. പല കേസുകളുടെയും അന്വേഷണത്തിന് ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ ക്യാമറ പരിശോധിച്ചാണ് പൊലീസ് ദൃശ്യങ്ങൾ ശേഖരിക്കുന്നത്. നഗരസഭയ്ക്കു കൂടി വിഷ്വൽസ് ലഭ്യമാക്കി പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു.
എന്നാൽ ഇതിന് ആരും മുൻകയ്യെടുക്കുന്നില്ല. നഗരസഭയിൽ പുതിയകാവ് ജംക്ഷൻ, പ്രായിക്കര പാലം, മിച്ചൽ ജംക്ഷൻ, നഗരസഭാ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി ജംക്ഷൻ, ബുദ്ധ ജംക്ഷൻ, കോടതി ജംക്ഷൻ, കല്ലുമല റെയിൽവേ ക്രോസ്, പുളിമൂട് പാലം, തട്ടാരമ്പലം, കരയംവട്ടം എന്നിവിടങ്ങളിൽ സ്ഥാപിച്ച ക്യാമറ ഇപ്പോൾ ഉപയോഗ രഹിതമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]