
രാജ്യാന്തരവില കനത്ത ചാഞ്ചാട്ടം നേരിടുന്നതിനിടെ കേരളത്തിൽ (Kerala gold price) മാറ്റമില്ലാതെ ഇന്നു സ്വർണവില (gold rate). ഗ്രാമിന് 9,005 രൂപയിലും പവന് 72,040 രൂപയിലുമാണ് ഇന്നും വ്യാപാരം. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ചില കടകളിൽ മാറ്റമില്ലാതെ 7,460 രൂപയിൽ തുടരുന്നു. മറ്റു ചില കടകളിൽ വില 7,410 രൂപയാണ്. വെള്ളിക്കും വ്യത്യസ്ത വിലയാണുള്ളത്. ചില കടകളിൽ ഗ്രാമിന് 110 രൂപ, മറ്റു ചില കടകളിൽ 109 രൂപ.
ഇന്നലെ ഔൺസിന് 3,327 ഡോളറിലായിരുന്ന രാജ്യാന്തര സ്വർണവില, പിന്നീട് 3,368 ഡോളറിലേക്ക് ഉയർന്നെങ്കിലും ഇപ്പോഴുള്ളത് 3,309 ഡോളറിൽ. ഈ ചാഞ്ചാട്ടത്തിനിടയിൽ ഇന്നു കേരളത്തിൽ വില കുറയേണ്ടതായിരുന്നെങ്കിലും മാറ്റമില്ലാതെ നിൽക്കുകയാണ്. ഡോളറിനെതിരെ രൂപയും ഇന്നു 8 പൈസ ഉയർന്നാണ് വ്യാപാരം ആരംഭിച്ചതെന്നതും വില കുറയാനുള്ള അനുകൂലഘടകമായിരുന്നു.
യുഎസും ചൈനയും തമ്മിലെ വ്യാപാരപ്പോര് ശമിച്ചേക്കുമെന്ന വിലയിരുത്തലുകൾ ഓഹരി, കടപ്പത്ര വിപണികൾക്കും ഡോളറിനും കരുത്താവുന്നുണ്ട്. യുഎസ് ഉൽപന്ന ഇറക്കുമതിക്കുമേൽ പ്രഖ്യാപിച്ച 125% തീരുവ ചൈന പിൻവലിച്ചേക്കും. ഈ നീക്കങ്ങളും സ്വർണനിക്ഷേപ പദ്ധതികളിലെ ലാഭമെടുപ്പുമാണ് രാജ്യാന്തര സ്വർണവിലയെ താഴേക്ക് നയിക്കുന്നത്. അതേസമയം, യുഎസിൽ വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ സന്നദ്ധമാണെന്ന് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വ്യക്തമാക്കിയിട്ടുണ്ട്.
പലിശനിരക്ക് കുറച്ചാൽ അതു ഡോളറിനും ബോണ്ടിനും തിരിച്ചടിയാകും. സ്വർണ നിക്ഷേപങ്ങൾക്ക് വീണ്ടും പ്രിയമേറുകയും വില കൂടുകയും ചെയ്യും. ഫലത്തിൽ, സ്വർണത്തെ വരും ദിവസങ്ങളിലും കാത്തിരിക്കുന്നത് വൻ ചാഞ്ചാട്ടമായിരിക്കും. അക്ഷയതൃതീയയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് എന്നിരിക്കേ, സാഹചര്യം അനുകൂലമാവുകയും വില കുറയുകയും ചെയ്യുമോ എന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്.
English Summary:
Kerala Gold Price: Gold price remains unchanged in Kerala.