
പഹൽഗാം സംഭവം: നടുക്കം മാറാതെ കുളപ്പുള്ളി നിളാതീരം നിവാസികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഷൊർണൂർ ∙ ‘കുന്നിൻ മുകളിലേക്ക് ഞങ്ങൾ കയറുമ്പോൾ ഒരുപാട് ടൂറിസ്റ്റുകൾ, വഴിനീളെ കച്ചവടക്കാർ, നല്ല തിരക്കും ഉണ്ടായിരുന്നു. എന്നാൽ ആക്രമണം നടന്നതറിഞ്ഞ് പകുതിയിൽ യാത്ര അവസാനിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ അരിവാലിയിൽ നിറച്ച് പട്ടാളക്കാരായിരുന്നു. ഞങ്ങൾ സംഭവം എന്തെന്നറിയാതെ പേടിച്ചുപോയി’ കഴിഞ്ഞദിവസം കശ്മീരിലേക്കു യാത്രപോയ കുളപ്പുള്ളി നിളാതീരം കോളനി സ്വദേശികൾ ഭയത്തോടെയാണ് ആ ദിവസങ്ങൾ ഓർക്കുന്നത്. ഇക്കഴിഞ്ഞ 17ന് രാത്രി 8.30 നാണ് നെടുമ്പാശേരിയിൽ നിന്നു ശ്രീനഗറിലേക്കു വിമാനത്തിൽ യാത്ര ആരംഭിച്ചത്.
കുളപ്പുള്ളി നിളാതീരം റസിഡന്റ്സ് കോളനി നിവാസികളായ സണ്ണിലാൽ, ഭാര്യ സുനിത, സന്തോഷ്, ഭാര്യ രശ്മി, വിനോദ് തുടങ്ങി 4 കുടുംബങ്ങളിലെ 12 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മൂന്നു ദിവസം കശ്മീരിന്റെ വിവിധ സ്ഥലങ്ങൾ കണ്ടശേഷം നാലാം ദിവസമായ 22 നാണ് ഇവർ പഹൽഗാം ബൈസരൺ താഴ്വരയെ ലക്ഷ്യമാക്കി യാത്ര ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 2.30 ഓടെ അരിവാലിയിൽ എത്തി. അരിവാലിയിൽ നിന്നു ചന്ദൻവാടിയിലേക്ക് പോകുമ്പോഴാണ് മുകളിൽ എന്തോ പ്രശ്നം നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. കാലാവസ്ഥ പ്രതിഭാസം ആണെന്നും കുതിരിക്കാരും വഴിയോര കച്ചവടക്കാരും തമ്മിലുള്ള പ്രശ്നമാണെന്നും ചിലർ പറഞ്ഞു. പക്ഷേ ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തു.
എന്നാൽ പിന്നീട് വഴിയിൽ വച്ച് ആളുകൾ വണ്ടി തിരിച്ചു വിടാനും അപകടമാണെന്നും സൂചന നൽകി. പിന്നീടാണ് ആക്രമണം ഉണ്ടായതായും ഒരാൾ മരിച്ചതായും അറിയുന്നത്. വണ്ടി തിരിച്ചിറങ്ങുമ്പോൾ ഒരു വശത്തേക്ക് പട്ടാള വണ്ടികളും ആംബുലൻസുകളും കയറി പോകുന്നുണ്ടായിരുന്നു. ആരെയും മുകളിലേക്ക് കയറ്റി വിടുന്നുമില്ല. തിരിച്ച് വണ്ടി അരിവാലി എന്ന സ്ഥലം എത്തിയപ്പോൾ പട്ടാളക്കാർ നിറഞ്ഞു. വഴിയരികിലുള്ള കച്ചവട സ്ഥാപനങ്ങൾ മുഴുവൻ അടച്ചു. തിരിച്ച് 80 കിലോമീറ്റർ സഞ്ചരിച്ചാണ് ഇവർ ശ്രീനഗറിൽ എത്തിയത്. പിന്നീടാണ് ഭീകരാക്രമണം നടന്നതായും 28 പേർ മരിച്ചതായും ഇവർ അറിയുന്നത്. ശേഷം ബുധനാഴ്ച രാത്രി 12 മണിയോടെയാണ് ഇവർ തിരിച്ച് നാട്ടിലേക്ക് എത്തുന്നത്.