
കള്ളുഷാപ്പിൽ സഹോദരങ്ങളുടെ സ്വത്ത് തർക്കം, കൊല; പൊലീസിനെ നാട് മുഴുവൻ ഓടിച്ച് പ്രതി, ഒടുവിൽ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആനന്ദപുരം ∙ കള്ളുഷാപ്പിൽ സഹോദരങ്ങളുടെ സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അനുജൻ കൊല്ലപ്പെട്ടു. ജ്യേഷ്ഠൻ അറസ്റ്റിൽ. ആനന്ദപുരം സ്വദേശി കൊരട്ടിക്കാട്ടിൽ പരേതനായ സുധാകരന്റെയും ഷിനിയുടെയും മകൻ യദുകൃഷ്ണൻ (30) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ വിഷ്ണുവിനെ (32) പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ബുധൻ രാത്രി ഏഴരയോടെ ആനന്ദപുരം ഷാപ്പിലായിരുന്നു സംഭവം. ഷാപ്പിലിരുന്ന് മദ്യപിക്കുകയായിരുന്നു വിഷ്ണു. വിദേശത്തേക്ക് ജോലിക്ക് പോകാനുള്ള രേഖകൾ ശരിയാക്കാൻ പോയി തിരിച്ചുവന്ന് വീട്ടിലേക്ക് ഷാപ്പിനു മുന്നിലൂടെ നടന്നു പോയിരുന്ന യദുകൃഷ്ണനെ വിഷ്ണു ഷാപ്പിലേക്ക് വിളിച്ചുകയറ്റുകയായിരുന്നു.
പിന്നാലെ സ്വത്ത് ഭാഗം വയ്ക്കുന്നതിനെ ചൊല്ലി ഇരുവരും തർക്കവും സംഘട്ടനവുമായി. ഷാപ്പ് അടച്ചതിനെത്തുടർന്ന് പിന്നീട് പുറത്തുവച്ചും അക്രമം നടന്നു. തലയിലും നെഞ്ചിലും മാരകമായ പരുക്കേറ്റ യദുകൃഷ്ണനെ പൊലീസും വീട്ടുകാരും എത്തിയാണ് തൃശൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.45ന് മരിച്ചു. ഇതിനിടെ, കടന്നുകളഞ്ഞ വിഷ്ണുവിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇന്നലെ രാവിലെ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് സമീപത്തെ പറമ്പിൽ നിന്നു വിഷ്ണുവിനെ ഓടിച്ചിട്ട് പിടികൂടിയത്.
സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനു മുൻപ് വിഷ്ണുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതോടെ 2 മണിക്കൂർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിഷ്ണുവിനെതിരെ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ അടിപിടി, മോഷണം, വീടുകയറി ആക്രമണം കേസുകളുണ്ട്. കൊല്ലപ്പെട്ട യദുകൃഷ്ണന്റെ സംസ്കാരം നടത്തി.ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷ്, പുതുക്കാട് എസ്എച്ച്ഒ വി.സജീഷ്കുമാർ, എസ്ഐമാരായ എൻ.പ്രദീപ്, കൃഷ്ണൻ, ലിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, സുജിത്ത്, അജി, ഷഫീക്ക്, ദീപക്, സിവിൽ പൊലീസ് ഓഫിസർമാരായ സിനീഷ്, കിഷോർ, നവീൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പൊലീസിനെ നാട് മുഴുവൻ ഓടിച്ചു; ഒടുവിൽ പിടിയിൽ
ആനന്ദപുരം ∙ അനുജനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിഷ്ണു പൊലീസിനെ നാടു മുഴുവനും ഓടിച്ച ശേഷമാണു വലയിലായത്. വേഗത്തിൽ ഓടാൻ കഴിവുള്ളയാളാണു വിഷ്ണു. നാട്ടുകാർ വിവരമറിയച്ചതനുസരിച്ച് ഇയാളെ പിടികൂടാനായി പൊലീസ് ഇന്നലെ പുലർച്ചെയും രാവിലെയും കുറെയേറെ ഓടി. പാടത്തും പറമ്പുകളിലും കറങ്ങി നടന്ന ശേഷം ഇയാൾ സമീപത്തുള്ള ആയുർവേദ കമ്പനിയിൽ കൂട്ടിയിട്ട മരുന്നുകൾക്കിടയിൽ ഒളിച്ചിരുന്നു. രാവിലെ കമ്പനിയിലെത്തിയ ജീവനക്കാരനാണു വിഷ്ണുവിനെ കണ്ടത്. ഒച്ചവയ്ക്കരുതെന്നു പറഞ്ഞ് വിഷ്ണു ഭീഷണിപ്പെടുത്തിയെങ്കിലും ജീവനക്കാരൻ മറ്റുള്ളവരെയും പൊലീസിനെയും വിളിച്ചുവരുത്തി. ഇവിടെ നിന്നു രക്ഷപ്പെട്ടയുടനെയാണു വിഷ്ണു പൊലീസ് പിടിയിലായത്. ടൈൽസ് പണിക്കാരനാണ് അറസ്റ്റിലായ വിഷ്ണു.