
രാജേന്ദ്രന് ഡബിൾ എംഎയും എംബിഎയും ബിഎഡും; പക്ഷേ ക്രിമിനൽ, തമിഴ്നാട്ടിൽ 3 കൊലപാതകങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ചെടിച്ചട്ടിയും ചെടിയും വാങ്ങാനെന്ന വ്യാജേന എത്തിയാണ് രാജേന്ദ്രൻ, അമ്പലമുക്ക് അലങ്കാരച്ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തി 4 പവൻ സ്വർണമാല കവർന്നത്. 2022 ഫെബ്രുവരി 6ന് ഞായറാഴ്ച കോവിഡ്കാല അവസാനഘട്ട നിയന്ത്രണങ്ങളുള്ളപ്പോഴായിരുന്നു കൊലപാതകം. പേരൂർക്കട ഭാഗത്തെ ഹോട്ടലിൽ ഒരു മാസത്തിലേറെയായി സപ്ലയറായിരുന്നു പ്രതി. അമ്പലമുക്ക് കുറവൻകോണം റോഡിലെ ‘ടാബ്സ് അഗ്രി ക്ലിനിക്’ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ വിനീത ചെടികൾക്കു വെള്ളമൊഴിക്കാനാണ് ഞായറാഴ്ച എത്തിയത്. രാവിലെ ഇവിടെയെത്തിയ പ്രതി പരിസരവും വിനീതയുടെ നീക്കങ്ങളും നിരീക്ഷിച്ച ശേഷം അകത്തു കയറി.
ഷെഡിലേക്കു വിനീത കയറിയപ്പോൾ പിന്നാലെ എത്തിയ പ്രതി അവരുടെ മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചു. തുടർന്നു കത്തി എടുത്ത് കഴുത്തിന്റെ മുൻവശത്തായി തുരുതുരെ കുത്തി കൊലപ്പെടുത്തി. സ്വർണമാല കവർന്ന ശേഷം കടന്നു. വിനീത ചെറുത്തപ്പോൾ രാജേന്ദ്രന്റെ വലതുകയ്യിലെ 3 വിരലുകൾക്കു മുറിവേറ്റിരുന്നു. സംഭവത്തിനു ശേഷം ഹോട്ടലിലെ ഇലക്ട്രിക് ചിരവയിൽ തന്റെ വലത് കൈ ചേർത്തുവച്ച് മുറിവു വലുതാക്കി. രാത്രിയോടെ പേരൂർക്കട ഗവ.ആശുപത്രിയിൽ ചികിത്സ തേടി. പിറ്റേന്ന് തമിഴ്നാട് കാവൽക്കിണറിലേക്കു കടന്നു.
കൊലയ്ക്കു ശേഷം മൃതദേഹം നഴ്സറിക്കുള്ളിൽ ഒളിപ്പിച്ചതിനാൽ പെട്ടെന്നു കണ്ടുപിടിക്കാൻ പൊലീസിനായില്ല. തിരുവനന്തപുരത്തുനിന്നു മുങ്ങാൻ പ്രതിക്ക് ഇതോടെ സാവകാശം കിട്ടി. ഇതിനിടെ വസ്ത്രങ്ങൾ കോവളത്തെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ചു പുതിയവ വാങ്ങിയിരുന്നു. വിനീതയുടെ മാല പണയം വച്ചപ്പോൾ, തെളിവ് കിട്ടാതിരിക്കാൻ കന്യാകുമാരിയിലേക്കുള്ള യാത്രയ്ക്കിടെ താലി വഴിയിൽ എറിഞ്ഞുകളഞ്ഞു. ഫെബ്രുവരി 11ന് കാവൽക്കിണറിലെ ലോഡ്ജിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പണയംവച്ച മാലയും കണ്ടെടുത്തു.
തഞ്ചാവൂർ തമിഴ് സർവകലാശാലയിൽനിന്നു വിദൂര വിദ്യാഭ്യാസം വഴി ബിഎഡും ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും എംഎയും നേടിയ രാജേന്ദ്രൻ, കുറച്ചുകാലം ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകനായി. പിന്നീട് എംബിഎയും സോഫ്റ്റ്വെയർ ഡിപ്ലോമയും നേടി. അധികമാരോടും അടുക്കുന്ന സ്വഭാവമല്ല രാജേന്ദ്രന്റേത്. കുട്ടിക്കാലത്ത് ഗ്രാമത്തിലെ ഏറ്റവും മിടുക്കനായ വിദ്യാർഥിയായാണ് രാജേന്ദ്രൻ അറിയപ്പെട്ടിരുന്നത്. പ്രതി രാജേന്ദ്രൻ അധ്യാപകനായും നെല്ലുണക്കുന്ന തൊഴിലാളിയായും ഹോട്ടൽ സപ്ലയറായും ജോലി ചെയ്തു. ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിക്കുന്നതിനായിരുന്നു കൊലപാതക പരമ്പര.
തമിഴ്നാട്ടിൽ 3 കൊലപാതകങ്ങൾ
തിരുവനന്തപുരം ∙ ഓൺലൈൻ ട്രേഡിങ്ങിനു പണം കണ്ടെത്താനാണു അയൽക്കാരനായ തോവാള വെള്ളമടം വേമ്പത്തൂർ കോളനി രാജീവ് നഗറിലെ വസന്തഭവനിൽ കസ്റ്റംസ് ഓഫിസറായ സുബയ്യയെയും ഭാര്യ വാസന്തിയെയും വളർത്തുമകൾ അഭിശ്രീയയെയും രാജേന്ദ്രൻ കൊലപ്പെടുത്തിയത്. സുബയ്യയുടെ വീട്ടിൽ സ്വർണാഭരണങ്ങളും പണവും സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതിയ രാജേന്ദ്രൻ, അയാളുടെ വീട്ടിൽ ജോലികൾ ചെയ്തു വിശ്വാസം നേടി.
2014 ഡിസംബർ 19ന് സുബ്ബയ്യയെ രാജേന്ദ്രൻ ഫോണിൽ വിളിച്ചു. ഓഹരി വിപണിയിൽനിന്നു 35 ലക്ഷം രൂപ കിട്ടിയെന്നും അത് നിങ്ങളുടെ വീട്ടിൽ സൂക്ഷിക്കണമെന്നും കമ്മിഷൻ നൽകാമെന്നും വിശ്വസിപ്പിച്ചു. ഇതു കേട്ടു സ്കൂട്ടർ സൂക്ഷിക്കുന്ന കാവൽക്കിണറിൽ എത്തിയ സുബ്ബയ്യയെ കഴുത്തറുത്തു കൊലപ്പെടുത്തി. സുബ്ബയ്യയുടെ കയ്യിലെ ഏഴരഗ്രാം സ്വർണമോതിരവും മൊബൈൽ ഫോണും മോഷ്ടിച്ചു. മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു.
തുടർന്ന് ഇതേ സ്കൂട്ടറിൽ സുബ്ബയ്യയുടെ വീട്ടിലെത്തി വാസന്തിയെയും അഭിശ്രീയെയും ക്രൂരമായി കൊന്നു. 93 പവൻ സ്വർണം കവർന്നു. ആരൽവാമൊഴി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ രാജേന്ദ്രൻ അറസ്റ്റിലായി. ഗൂഢാലോചനയിലെ കൂട്ടുപ്രതിയെ കണ്ടെത്താൻ വൈകിയതിനാൽ പൊലീസ് കുറ്റപത്രം നൽകാൻ വൈകിയതോടെ 2015 ഡിസംബറിൽ രാജേന്ദ്രൻ ജാമ്യത്തിൽ പുറത്തിറങ്ങി. നാട്ടിൽനിന്നു മുങ്ങിയാണ് തിരുവനന്തപുരത്തെത്തിയതും പേരൂർക്കടയിലെ ഹോട്ടലിൽ തൊഴിലാളിയായതും.
കന്യാകുമാരിയിലെ കൂട്ടക്കൊല: വിചാരണ ഇനിയും തുടങ്ങിയിട്ടില്ല
തിരുവനന്തപുരം ∙ 11 വർഷം മുൻപ് കന്യാകുമാരിയിലെ ആരൽവായ്മൊഴിയിൽ 3 പേരെ രാജേന്ദ്രൻ കൊലപ്പെടുത്തിയ കേസിൽ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. 2014ൽ 3 കൊലപാതകങ്ങൾ തമിഴ്നാട്ടിൽ ചെയ്തശേഷം ജാമ്യത്തിൽ കഴിയവേയാണു പ്രതി കേരളത്തിലേക്കു കടന്നു തിരുവനന്തപുരത്ത് എത്തി വിനീതയെ കൊലപ്പെടുത്തിയത്. വിനീത കൊലക്കേസിലും ജാമ്യം നേടാൻ പ്രതി ശ്രമം നടത്തിയിരുന്നു.
എന്നാൽ, പൊലീസ് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികൾ വേഗത്തിലാക്കിയതിനാൽ ജാമ്യം ലഭിച്ചില്ല. 2024 ഏപ്രിൽ 12 ന് തുടങ്ങിയ വിചാരണ ഒരു വർഷവും 12 ദിവസവുമെടുത്താണു പൂർത്തിയാക്കിയത്. 2014ൽ തമിഴ്നാട് ആരൽവായ്മൊഴി സ്വദേശിയും കസ്റ്റംസ് ഓഫിസറുമായ സുബ്ബയ്യയെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി കന്യാകുമാരി കാവൽക്കിണറിലെ രാജദുരൈയുടെ കെട്ടിടത്തിലാണു രാജേന്ദ്രൻ വാടകയ്ക്ക് താമസിച്ചിരുന്നത്. വിനീത കൊലക്കേസിൽ രാജദുരൈ, രാജേന്ദ്രന് എതിരെ മൊഴി നൽകിയിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് തമിഴ്നാട്ടിൽ നിന്നെത്തിയ സാക്ഷികളെ കോടതി വിസ്തരിച്ചത്.