
കൊല്ലം കലക്ടറേറ്റിൽ വീണ്ടും ബോംബ് ഭീഷണി; പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ കലക്ടറേറ്റിൽ 40 ദിവസത്തിനിടെ രണ്ടാമതും ബോംബ് ഭീഷണി. ഇന്നലെ 2 മണിക്ക് സ്ഫോടനം ഉണ്ടാകുമെന്നും ആൾക്കാരെ ഒഴിപ്പിക്കണമെന്നുമായിരുന്നു കലക്ടറുടെ ഔദ്യോഗിക ഇ മെയിലിൽ രാവിലെ 7.30ന് ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാർ 10.15ന് ഓഫിസിലെത്തി മെയിൽ പരിശോധിച്ചപ്പോഴാണ് സന്ദേശം ശ്രദ്ധയിൽപെട്ടത്. ഉടൻ കലക്ടറെ വിവരം അറിയിച്ചു. ബോംബ് സ്ഫോടനത്തിന് ഒന്നിലേറെ കാരണങ്ങളും സൂചിപ്പിച്ചിരുന്നു. പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തമിഴ്നാട്ടിൽ അറസ്റ്റ് ചെയ്ത വ്ലോഗറെ വിട്ടയ്ക്കുന്നതു ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഭീഷണി സന്ദേശത്തിൽ. ശബരിമലയെക്കുറിച്ച് പരാമർശമുള്ളതായും അറിയുന്നു.
അന്വേഷണം തുടങ്ങിയതിനാൽ ഭീഷണി സന്ദേശത്തിന്റെ പൂർണമായ ഉള്ളടക്കം അധികൃതർ വെളിപ്പെടുത്തുന്നില്ല. വ്യാജ ഇ–മെയിൽ ഐഡി ഉപയോഗിച്ച അയച്ച സന്ദേശമാണെന്നാണ് വിലയിരുത്തൽ. ഇംഗ്ലിഷിലാണ് സന്ദേശം. സിറ്റി പൊലീസ് കമ്മിഷണർക്ക് വിവരം കൈമാറിയതോടെയാണ് പൊലീസും ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തിയത്. ജീവനക്കാരെയോ കലക്ടറേറ്റിൽ എത്തിയവരേയോ ഒഴിപ്പിക്കാതെ ആയിരുന്നു പരിശോധന. ബോംബ് ഭീഷണി ലഭിച്ചതിനാൽ ജാഗ്രത പാലിക്കണമെന്ന നിർദേശവും മറ്റു ഓഫിസുകൾക്ക് നൽകിയില്ലെന്നു പരാതിയുണ്ട്. ഭീഷണി നിലനിൽക്കുമ്പോഴും പതിവുപോലെ തിരക്കിൽ ആയിരുന്നു കലക്ടറേറ്റിലെ ഓഫിസുകൾ.
രണ്ടാമത്തെ ഭീഷണി
കഴിഞ്ഞ മാസം 18ന് ആയിരുന്നു ഇതിനു മുൻപു ബോംബ് ഭീഷണി ലഭിച്ചത്. കലക്ടറേറ്റിൽ പൈപ്പ് ആർഡിഎക്സ് സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു സന്ദേശം. ‘കലക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ട്. അഫ്സൽ ഗുരുവിനെ നീതി നിഷേധിച്ചു തൂക്കിലേറ്റിയത് ഓർമപ്പെടുത്താനാണു ബോംബ് വച്ചിരിക്കുന്നത്’ എന്നും സന്ദേശത്തിലുണ്ടായിരുന്നു. ഇംഗ്ലിഷിലായിരുന്നു സന്ദേശം. രാവിലെ ലഭിച്ച സന്ദേശം വൈകിട്ട് 5.30ന് ആണ് ജീവനക്കാർ കാണുനത്. തിരുവനന്തപരം, പത്തനംതിട്ട കലക്ടറേറ്റുകളിലും അന്നു സമാന ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഒരു സർവീസ് സംഘടനയുടെ സമ്മേളനം ആയിരുന്നതിനാൽ അന്നു ജീവനക്കാർ കുറവായിരുന്നു. യാദൃച്ഛികം എന്നോണം അതേ സംഘടനയുടെ ജില്ലാ സമ്മേളന ദിവസമായ ഇന്നലെ വീണ്ടും ബോംബ് ഭീഷണി ഉണ്ടായി. കഴിഞ്ഞ തവണ ലഭിച്ച ബോംബ് ഭീഷണി സന്ദേശത്തിന്റെ ഉറവിടം ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
സുരക്ഷിതമല്ല
ഇടയ്ക്കിടെ കലക്ടറേറ്റിൽ ലഭിക്കുന്ന ഭീഷണി സന്ദേശത്തെ ലാഘവ ബുദ്ധിയോടെ കാണരുതെന്ന് അഭിപ്രായം ഉയരുന്നു. തമിഴ്നാട് കേന്ദ്രീകരിച്ചു രൂപം കൊണ്ട തീവ്രവാദ സംഘടന കലക്ടറേറ്റ് വളപ്പിൽ നടത്തിയ ബോംബ് സ്ഫോടന കേസിലെ പ്രതികളെ ശിക്ഷിച്ചിട്ട് 5 മാസം പിന്നിടുന്നതേയുള്ളു. തമിഴ്നാട്ടിൽ നിന്നു ബസിൽ വന്നാണ് 2016 ജൂൺ 15ന് ബോംബ് സ്ഫോടനം നടത്തിയത്. മുൻസിഫ് കോടതിക്കു മുന്നിൽ ഉപയോഗിക്കാതെ കിടന്ന ജീപ്പിൽ ആയിരുന്നു രാവിലെ 10.50ന് സ്ഫോടനം.
ഈ കേസിൽ മധുര സ്വദേശികളായ 3 പ്രതികൾക്ക് കഴിഞ്ഞ നവംബറിൽ ആണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ഷംസൂൺ കരിംരാജയ്ക്ക് 3 ജീവപര്യന്തവും 34 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ഒന്നും മൂന്നും പ്രതികളായ അബ്ബാസ് അലി, ദാവൂദ് സുലൈമാൻ എന്നിവർക്ക് 2 ജീവപര്യന്തവും 43 വർഷം കഠിനതടവും ആണ് കോടതി ശിക്ഷിച്ചത്. തുടരെ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ കലക്ടറേറ്റിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം ഉയരുന്നു.