
എന്താണ് ഷിംല കരാർ? പാക്കിസ്ഥാന്റെ പ്രഖ്യാപനം ഇരു രാജ്യങ്ങളെയും എങ്ങനെ ബാധിക്കും?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പിന്നാലെ നയന്ത്ര യുദ്ധത്തിലേക്ക് പോകുകയാണ് ഇന്ത്യയും പാക്കിസ്ഥാനും. ഇന്നുവരെ ഒരു ഘട്ടത്തിലും, നദീജല കരാറിനെപ്പറ്റി സംസാരിക്കാതിരുന്ന ഇന്ത്യ പാക്കിസ്ഥാൻ ഭീകരവാദത്തിൽനിന്ന് പിന്നോട്ട് പോകുന്നത് വരെ സിന്ധൂനദീജല കരാർ മരവിപ്പിക്കുകയാണ് എന്നാണ് സുരക്ഷാസമിതി യോഗത്തിനു ശേഷം പ്രഖ്യാപിച്ചത്. ജലം നിഷേധിക്കുന്നത് യുദ്ധസമാനമാണെന്ന് പ്രഖ്യാപിച്ച പാക്കിസ്ഥാൻ, പിന്നാലെ എല്ലാ സമാധാന ശ്രമങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് ഷിംല കരാറ് മരവിപ്പിക്കുകയാണെന്നും അറിയിച്ചു. എന്താണ് ഈ കരാർ? നിലവിലെ സംഘർഷത്തെ ഇതെങ്ങനെ ബാധിക്കും?
1971ലെ യുദ്ധത്തിനുശേഷം 1972ലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഷിംല കരാർ നിലവിൽ വരുന്നത്. ഇന്ദിരാഗാന്ധിയും സുൾഫിക്കർ അലി ഭൂട്ടോയും ആയിരുന്നു അന്ന് ഇരു രാജ്യത്തെയും നായകർ. പാക്കിസ്ഥാൻ –ബംഗ്ലദേശ് തർക്കത്തിൽ ഇന്ത്യ ബംഗ്ലദേശിനെ പിന്തുണച്ചതായിരുന്നു അന്നത്തെ യുദ്ധത്തിന്റെ പ്രകോപനം. ഇന്ത്യ വിജയിച്ച ആ യുദ്ധത്തിനു ശേഷം ഹിമാചൽ പ്രദേശിൽ വച്ച് ഒപ്പുവച്ച കരാർ ഇരു രാജ്യങ്ങളും തമ്മിൽ കാലങ്ങളായി തുടരുന്ന പല സംഘർഷങ്ങൾക്കും അവസാനം കുറിക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. മൂന്നാമതൊരാളുടെ ഇടപെടലില്ലാതെ തർക്കങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും എന്നതായിരുന്നു അതിൽ പ്രധാനം.
∙ ഷിംല കരാർ ഒറ്റനോട്ടത്തിൽ
∙ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ സമാധാനപരമായി ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും. കശ്മീരിൽ നിരന്തരം തുടരുന്ന സംഘർഷങ്ങൾ കുറയ്ക്കുക എന്നതായിരുന്നു അതിൽ പ്രധാനം.
∙ 1947-ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധത്തിനൊടുവില്‍ 1948 ഓഗസ്റ്റ് 13-ന് പാസാക്കപ്പെട്ട ഒരു പ്രമേയത്തിലൂടെ ഇന്ത്യാ-പാക്കിസ്ഥാൻ അതിര്‍ത്തിയില്‍ 1945 ജനുവരി 5ന് ഒരു വെടിനിർത്തല്‍ രേഖ നിലവില്‍ വന്നിരുന്നു. ഷിംല കരാര്‍ യാഥാര്‍ഥ്യമായതോടെ ഈ വെടിനിറുത്തല്‍ രേഖ നിയന്ത്രണരേഖയായി ഇരുരാജ്യങ്ങളും അംഗീകരിക്കുകയാണുണ്ടായത്.
∙ ഷിംല കരാറിനു ശേഷം യുദ്ധത്തിൽ പിടിച്ചെടുത്ത 13,000 കിലോമീറ്റർ സ്ക്വയർ വരുന്ന ഭൂമി ഇന്ത്യ പാക്കിസ്ഥാന് വിട്ടുകൊടുത്തു. പക്ഷേ, തുര്‍ത്തുക്ക്, ധോതങ്ങ്, ത്യാക്ഷി, ചലൂങ്ക തുടങ്ങിയ ചില തന്ത്രപരമായ പ്രദേശങ്ങള്‍ നിലനിർത്തുകയും ചെയ്തു. ഇത് ഏകദേശം 883 കിലോമീറ്റർ സ്ക്വയർ വരും.
∙ ബംഗ്ലദേശിനെ ഒരു പുതിയ രാജ്യം എന്ന നിലയിൽ നയതന്ത്രപരമായി പാക്കിസ്ഥാനെക്കൊണ്ട് അംഗീകരിപ്പിക്കുക എന്ന ചുമതലയും ഷിംല കരാർ നിർവഹിച്ചു. അതിർത്തി രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്കും ഇത് നിർണായകമായിരുന്നു.
∙ കരാറിന്റെ വെല്ലുവിളികൾ
1971ൽ ഷിംല കരാർ നിലവിൽ വന്നെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ തുടർന്നുകൊണ്ടേയിരുന്ന സംഘർഷങ്ങൾ കരാർ അതിന്റെ ലക്ഷ്യം പൂർണമായി നിറവേറ്റിയിരുന്നില്ല എന്നതിന്റെ തെളിവാണ്. സിയാച്ചിൻ മോഖലയിൽ പാക്ക് സൈന്യം പിടിമുറുക്കുന്നുവെന്നും ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്നുമുള്ള വിവരത്തെത്തുടർന്നാണ് ഇന്ത്യ 1984ൽ ഓപറേഷൻ മേഘദൂതിലൂടെ ആ മേഖല പിടിച്ചെടുത്തത്. ലോകത്തെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മിലിട്ടറി ഓപ്പറേഷനുകളിലൊന്നായിരുന്നു അത്. അന്ന് ഇന്ത്യ സിയാച്ചിൻ മേഖല പിടിച്ചെടുത്തത് ഷിംല കരാറിന്റെ ലംഘനമായാണ് പാക്കിസ്ഥാൻ വ്യാഖ്യാനിച്ചത്.
1999ലെ കാർഗിൽ യുദ്ധവും പുൽവാമയിലെ ഭീകരാക്രമണവും ഉൾപ്പെടെ കൃത്യമായ ഇടവേളകളിൽ സാധാരണക്കാരുടെയും സൈനികരുടെയും ജീവനെടുത്തുകൊണ്ട് ഇന്ത്യ–പാക്ക് അതിർത്തിയിൽ നടക്കുന്ന ആക്രമണങ്ങൾ ഷിംല കരാർ പാലിക്കപ്പെടുന്നില്ല എന്നതിന്റെ തെളിവാണ്. പഹൽഗാമിലെ ആക്രമണത്തിലടക്കം പലതിലും പാക്ക് ഭരണകൂടത്തിന്റെ പങ്ക് പുറത്തുവരികയും ചെയ്തിരുന്നു. പക്ഷേ, ഒരുഘട്ടത്തിലും പാക്കിസ്ഥാനിലെ ജനങ്ങളുടെ കുടിവെള്ളം നിഷേധിക്കുന്ന നടപടിയിലേക്ക് ഇന്ത്യ കടന്നിട്ടില്ല. ജലം നിഷേധിക്കുന്നത് യുദ്ധസമാനമാണ് എന്ന പ്രഖ്യാപനവുമായാണ് ഷിംല കരാർ റദ്ദാക്കുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചിരിക്കുന്നത്.
ഷിംല കരാർ നിലനിൽക്കെത്തന്നെ ഉഭയകക്ഷി ചർച്ചയിലൂടെ സമാധാനമായി പരിഹരിക്കാൻ ശ്രമം കാണാതെ നിരന്തരം സംഘർഷങ്ങൾ തുടരുന്നതാണ് സ്ഥിതി. പാക്ക് പൗരന്മാർ രാജ്യം വിടണം എന്ന തീരുമാനമടക്കമുള്ള ഇന്ത്യയുടെ ‘സർജിക്കൽ സ്ട്രൈക്കി’ന് പിന്നാലെ, ഷിംല കരാർ മരവിപ്പിക്കും എന്ന പാക്കിസ്ഥാൻ പ്രഖ്യാപനം തിരിച്ചടിക്കും എന്നതിന്റെ മുന്നറിയിപ്പാണെന്നും നയതന്ത്ര വിദഗ്ധർ പറയുന്നു. പിന്നാലെ, രാജ്യത്തെ സംരക്ഷിക്കാൻ സേന സജ്ജമാണെന്ന പ്രഖ്യാപനവും പാക്കിസ്ഥാൻ നടത്തി.