
‘ആക്രമണത്തലേന്നു പഹൽഗാമിൽ; ഭീകരാക്രമണം നടന്നു എന്നോർക്കുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല…’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകര ∙ കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണം വിശ്വസിക്കാനാകാതെ വടകരയിൽ നിന്നുള്ള വിനോദയാത്രാ സംഘം. 32 പേർ അടങ്ങിയ സംഘത്തിലെ മുഴുവൻ പേരും ഇന്നലെ പുലർച്ചയോടെ സുരക്ഷിതരായി തിരിച്ചെത്തി. ഭീകരാക്രമണത്തെക്കുറിച്ച് ഇവർ അറിയുന്നത് പഹൽഗാം സന്ദർശിച്ച് തിരിച്ച് ജമ്മുവിൽ എത്തിയപ്പോഴാണ്. 21 ന് ആണ് സംഘം പഹൽഗാമിൽ നിന്നു മടങ്ങിയത്. തങ്ങൾ ചുറ്റി നടന്നു കണ്ട പ്രദേശത്ത് പിറ്റേ ദിവസം ഭീകരാക്രമണം നടന്നു എന്ന് ഓർക്കുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല.
പഹൽഗാമിലെ പ്രധാന ആകർഷണമായ, കശ്മീരി വേഷം അണിഞ്ഞുള്ള കുതിരസവാരിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഭീകരാക്രമണം നടക്കുന്നത്. ശ്രീനഗറിൽ നിന്ന് പഹൽഗാമിലേക്കുള്ള യാത്ര ദുർഘടം പിടിച്ചതാണ്. കുതിരപ്പുറത്ത് മുക്കാൽ മണിക്കൂർ യാത്ര ചെയ്ത് വേണം പഹൽഗാമിൽ എത്താൻ. 4 കുതിരകൾ അടങ്ങുന്ന ഒരോ സംഘമായാണ് നീങ്ങിയത്. ഒരു കുതിരക്കാരനാണ് ഒപ്പം ഉണ്ടായിരുന്നത്. 12 ന് ആണ് 32 പേർ അടങ്ങുന്ന വിനോദ യാത്രാ സംഘം യാത്ര തിരിച്ചത്. മണിയൂർ, വടകര എന്നിവിടങ്ങളിൽ നിന്നുള്ള സംഘത്തിൽ 15 സ്ത്രീകളും 8 കുട്ടികളും ഉണ്ടായിരുന്നു. ശ്രീനഗറിൽ തങ്ങിയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചത്.
ശ്രീനഗറിന് പുറമേ ഗുൽമാർഗ്, സോനാമാർഗ്, പഹൽഗാം എന്നിവ സന്ദർശിച്ചു. പഹൽഗാമിൽ നിന്നു തിരിച്ച് ശ്രീനഗറിൽ എത്തിയപ്പോഴാണ് മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ മഴയിൽ റോഡുകളിൽ കല്ലും മണ്ണും നിറഞ്ഞതായും വാഹനങ്ങൾക്ക് പോകാൻ കഴിയില്ലെന്നും അറിയുന്നത്. അതോടെ ജമ്മുവിൽ നിന്ന് 21 ന് രാത്രി 8 ന് ട്രെയിൻ നഷ്ടമായി. ടൂറിസ്റ്റ് ബസ് വിളിച്ച് പൂൽവാമയ്ക്ക് സമീപത്തെ ഗ്രാമീണ വഴികളിലൂടെ സഞ്ചരിച്ച് ജമ്മുവിൽ എത്തുമ്പോഴേക്കും പുലർച്ചെ 2 ആയി. പിന്നെ ഡൽഹിയിൽ എത്തി വിമാനത്തിൽ ബെംഗളൂരുവിൽ എത്തിയ ശേഷം ബസിൽ വരികയായിരുന്നു.
വിവേകാനന്ദ സംഘം ശ്രീനഗറിൽ സുരക്ഷിതർ
കോഴിക്കോട്∙ വിവേകാനന്ദ ട്രാവൽസിൽ നിന്നുള്ള 30 അംഗ സംഘം ശ്രീനഗറിൽ സുരക്ഷിതരാണ്. ചൊവ്വാഴ്ച ഭീകരാക്രമണം നടക്കുന്ന സമയം സംഘം മറ്റൊരിടത്ത് യാത്രയിലായിരുന്നു. 20ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട സംഘം 28ന് കോഴിക്കോട്ട് തിരിച്ചെത്തും. ഈ സീസണിൽ വിവേകാനന്ദ ട്രാവൽസിന്റെ അവസാന കശ്മീർ യാത്രയാണിതെന്നും ഏജൻസി അധികൃതർ വ്യക്തമാക്കി.