പുതിയ മെഡിക്കൽ കോളജ്: പ്രതീക്ഷയോടെ നാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ നഗരത്തിൽ പുതിയ മെഡിക്കൽ കോളജ് ആരംഭിക്കാനുള്ള തീരുമാനത്തിൽ തൊഴിലാളി കുടുംബങ്ങൾ പ്രതീക്ഷയിൽ. ആശ്രാമം ഇഎസ്ഐ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയായി ഉയർത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം. അത്യാധുനിക സൗകര്യങ്ങളോടെ ആയിരിക്കും ഇഎസ്ഐ മെഡിക്കൽ കോളജ് ആരംഭിക്കുക. എല്ലാ സൂപ്പർ സ്പെഷ്യൽറ്റി ഭാഗങ്ങളും ആരംഭിക്കാൻ കഴിയുന്നതും ഓരോ വിഭാഗത്തിലും കൂടുതൽ മെഡിക്കൽ ഓഫിസർമാരെ നിയമിക്കുകയും ചെയ്യുന്നതോടെ രോഗികളെ മെഡിക്കൽ കോളജുകളിലേക്ക് റഫർ ചെയ്യുന്നത് ഒഴിവാക്കാനാകും.
കൂടുതൽ പേരെ കിടത്തി ചികിത്സിക്കാനും കഴിയും. നിലവിൽ 220 കിടക്കകളാണ് ആശ്രാമം സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ ഉള്ളത്. ഇത് 400– 500 കിടക്കകളായി ഉയർന്നേക്കാം. 6 സൂപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങളാണ് നിലവിലുള്ളത്. ഇതിൽ ഓങ്കോളജി (അർബുദ ചികിത്സ) വിഭാഗത്തിൽ മാത്രമാണ് ഒരു സീനിയർ മെഡിക്കൽ ഓഫിസർ ഉൾപ്പെടെ 2 ഡോക്ടർമാർ ഉള്ളത്. ന്യൂറോളജി, കാർഡിയോളജി, ഗ്യാസ്ട്രോഎന്ററോളജി, യൂറോളജി തുടങ്ങിയ സൂപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങളിൽ ഓരോ പാർട്ട് ടൈം ഡോക്ടർമാരാണ് ഉള്ളത്. ഈ ഡോക്ടർമാർ അവധിയാകുന്ന ദിവസങ്ങളിൽ എത്തുന്ന രോഗികളെ മറ്റു മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്.
മിക്ക രോഗികളും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് പോകുന്നത്. അവിടെ തിരക്കു കൂടുന്നതിനു പുറമേ രോഗികളും ഒപ്പമുള്ളവരും കൂടുതൽ ബുദ്ധിമുട്ടേണ്ടിയും വരും. ഡോക്ടറുടെ സ്ഥലം മാറ്റത്തെ തുടർന്നു ന്യൂറോളജി വിഭാഗത്തിൽ കിടത്തി ചികിത്സ ഒരു വർഷത്തോളം മുടങ്ങിയിരുന്നു. പ്രതിമാസം ഇരുനൂറോളം രോഗികളെ ന്യൂറോളജി വിഭാഗത്തിൽ കിടത്തി ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. ന്യൂറോളജി, ഹൃദ്രോഗ വിഭാഗത്തിൽ കിടത്തി ചികിത്സ പുനരാരംഭിച്ചെങ്കിലും ഓരോ ഡോക്ടർമാർ മാത്രമുള്ളത് പ്രതിസന്ധിയാണ്. മെഡിക്കൽ കോളജ് ആയി ഉയരുന്നതോടെ ഈ പ്രതിസന്ധി ഒഴിവാകും.
രണ്ടാമത്തെ മെഡിക്കൽ കോളജ്
ഇഎസ്ഐ കോർപറേഷൻ ജില്ലയിൽ അനുവദിക്കുന്ന ‘രണ്ടാമത്തെ’ മെഡിക്കൽ കോളജ് ആണ് ആശ്രാമത്ത്. കോൺഗ്രസ് നേതൃത്വത്തിൽ യുപിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്നപ്പോഴാണ് ആദ്യ ഇഎസ്ഐ മെഡിക്കൽ കോളജ് പാരിപ്പള്ളിയിൽ അനുവദിച്ചത്. എയിംസ് മാതൃകയിലാണ് കെട്ടിട നിർമാണം നടത്തിയത്. 12029 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിൽ 500 കിടക്കകളാണ് അനുവദിച്ചത്. ഏകദേശം 600 കോടി രൂപ ചെലവഴിച്ചായിരുന്നു. നിർമാണം. നിർമാണം അന്തിമ ഘട്ടത്തിൽ എത്തിയപ്പോൾ, തുടർന്ന് അധികാരത്തിൽ വന്ന സർക്കാർ, ഇഎസ്ഐ കോർപറേഷൻ മെഡിക്കൽ കോളജുകൾ ആരംഭിക്കേണ്ട എന്നു തീരുമാനിച്ചു.
സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ നീക്കം തുടങ്ങിയതോടെ ഉമ്മൻ ചാണ്ടി സർക്കാർ ഏറ്റെടുത്ത് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളജ് ആയി മാറ്റുകയായിരുന്നു. സംസ്ഥാന സർക്കാർ ഏറ്റെടുത്തതിനെതിരെ ഇടതുമുന്നണി പന്തൽ കെട്ടി സമരം നടത്തുകയും സിഐടിയുവും എഐടിയുസിയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി ഏറ്റെടുത്തിട്ടു 10 വർഷം പിന്നിട്ടെങ്കിലും പല സ്പെഷ്യൽറ്റി വിഭാഗത്തിലും മെഡിക്കൽ ഓഫിസർമാരുടെ കുറവുണ്ട്.
സ്ഥലം കണ്ടെത്തൽ വെല്ലുവിളി
ആശ്രാമം ഇഎസ്ഐ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി മെഡിക്കൽ കോളജ് ആയി ഉയർത്തുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതു വെല്ലുവിളിയാണ്. പാർവതി മിൽ വളപ്പ് ഏറ്റെടുത്ത് മെഡിക്കൽ കോളജ് ക്യാംപസ് ആരംഭിക്കുന്നതാണ് പ്രഥമ പരിഗണനയിൽ. പാർവതി മില്ലിനു 16 ഏക്കർ സ്ഥലമുണ്ട്. ഗതാഗത സൗകര്യവും ഉണ്ട്. ഒരു വശത്ത് ചിന്നക്കട –താലൂക്ക് ഓഫിസ് റോഡ്. പിൻവശം ആശ്രാമം ലിങ്ക് റോഡിനു സമീപം വരെയുണ്ട്.
നാഷനൽ ടെക്സ്റ്റൈൽസ് കോർപറേഷന്റെ അധീനതയിലുള്ള പാർവതി മിൽ സംബന്ധിച്ച് ആർബിട്രേഷൻ വിധിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ കേസ് നടക്കുകയാണ്. പാർവതി മിൽ നടത്തിപ്പിന് ഉത്തരേന്ത്യയിലെ സ്വകാര്യ സ്ഥാപനവുമായി നാഷനൽ ടെക്സ്റ്റൈൽസ് കോർപറേഷൻ കരാറിൽ ഏർപ്പെടുകയും പിന്നീട് ഇതു റദ്ദാക്കുകയും ചെയ്തതിന് എതിരെയാണ് ആർബിട്രേഷൻ കോടതിയെ സമീപിച്ചത്. കേസ് ഒത്തുതീർപ്പാക്കാനാണു ശ്രമം. ഇതു വിജയിച്ചാൽ പാർവതി മിൽ സ്ഥലം മെഡിക്കൽ കോളജിന് ഏറ്റെടുക്കാൻ കഴിയും.
പകരം സ്ഥലം കൂടി പരിഗണിക്കണം
പാർവതി മില്ലിന്റെ സ്ഥലം ലഭിക്കില്ലെങ്കിൽ ഗെസ്റ്റ് ഹൗസിന്റെ കൈവശമുള്ള സ്ഥലത്തിൽ നിന്ന് 7 ഏക്കർ ഭൂമി വിട്ടുനൽകണമെന്നും നിർദേശമുണ്ട്. 21 ഹെക്ടർ സ്ഥലമാണ് റസിഡൻസി ബംഗ്ലാവിനുള്ളത്. പൊലീസ് ക്വാർട്ടേഴ്സ്. ഹോക്കി സ്റ്റേഡിയം അഡ്വഞ്ചർ പാർക്ക്, ചിൽഡ്രൻസ് പാർക്ക്, നഗരസഭയുടെ തങ്ങൾ കുഞ്ഞ് മുസല്യാർ പാർക്ക്, ഇറിഗേഷൻ വകുപ്പ്, ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം എന്നിവയ്ക്കെല്ലാം കൂടി ഇതിൽ നിന്ന് 20 ഏക്കറോളം സ്ഥലം നൽകിയിട്ടുണ്ട്.
പൊതുജനങ്ങൾക്കും പ്രയോജനപ്പെടണം
|ഇഎസ്ഐ മെഡിക്കൽ കോളജ് ആയി ഉയർത്തുന്നതോടെ അത്യാഹിത വിഭാഗത്തിൽ പൊതുവിഭാഗത്തിനു കൂടി ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്ന് ആവശ്യം ഉയരുന്നു. ചികിത്സ തേടിയെത്തുന്നവരിൽ 60 ശതമാനത്തിൽ അധികം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. പാരിപ്പള്ളിയിൽ ഗവ.മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നുണ്ടെങ്കിലും മതിയായ സൗകര്യം ഇല്ലാത്തതിനാൽ ഇവിടെ നിന്നു പല രോഗികളെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുന്നവരും ഉണ്ട്. ജില്ലാ ആസ്ഥാനത്ത് ആരംഭിക്കുന്ന മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ എല്ലാവർക്കും ചികിത്സ ലഭ്യമാക്കണമെന്നാണ് ആവശ്യം.
നടപടി വേഗത്തിലാക്കണം: പ്രേമചന്ദ്രൻ
കൊല്ലം ∙ മെഡിക്കൽ കോളജിനു വേണ്ടി പാർവതി മില്ലിന്റെ സ്ഥലം ഇഎസ്ഐ കോർപറേഷന് നൽകുന്നതിനുളള ഭരണപരമായ നടപടികൾ വേഗത്തിലാക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി കേന്ദ്ര തൊഴിൽ വകുപ്പ് സെക്രട്ടറിയോടും ഇഎസ്ഐ ഡയറക്ടർ ജനറലിനോടും ആവശ്യപ്പെട്ടു. ഭൂമി കണ്ടെത്തുക എന്നുളളതാണ് ഏറ്റവും പ്രധാനം. ഇക്കാര്യത്തിൽ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. മെഡിക്കൽ കോളജ് ആയി ഉയർത്തുന്നതിനും പാർവതി മില്ലിന്റെ ഭൂമി ലഭിക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുളള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.