നെല്ല് സംഭരണം: പിആർഎസ് വായ്പയുടെ പലിശ കൂട്ടണമെന്നു കനറാ ബാങ്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ നെല്ലു സംഭരണത്തിനുള്ള പിആർഎസ് വായ്പയുടെ പലിശ കൂട്ടാൻ കനറാ ബാങ്ക് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന്, ബാങ്ക് വഴിയുള്ള വില വിതരണം സ്തംഭിച്ചു. സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ വില കനറാ ബാങ്കും എസ്ബിഐയുമാണു കർഷകർക്കു നൽകുന്നത്. നെല്ലു സംഭരിച്ച രസീത് (പാഡി റസീറ്റ് ഷീറ്റ്– പിആർഎസ്) ഈടായി സ്വീകരിച്ച് 9% പലിശയ്ക്കു വായ്പയായാണു ബാങ്കുകൾ കർഷകർക്കു പണം കൈമാറുന്നത്. പലിശ പിന്നീടു സംസ്ഥാന സർക്കാർ ബാങ്കുകൾക്കു നൽകും. ഇത് 9.5 ശതമാനമായി വർധിപ്പിക്കണമെന്നാണു കനറാ ബാങ്ക് ആവശ്യപ്പെട്ടത്.
മാർച്ച് 31നു കനറാ ബാങ്കുമായുള്ള കരാർ അവസാനിച്ചെങ്കിലും പലിശ സംബന്ധിച്ചു തീരുമാനമാകാത്തതിനാൽ പുതുക്കിയിട്ടില്ല. എസ്ബിഐ മുഖേന നിലവിൽ നെല്ലിന്റെ വില നൽകുന്നുണ്ടെങ്കിലും അവരുമായുള്ള കരാറിന്റെ കാലാവധിയും വൈകാതെ അവസാനിക്കും. റിസർവ് ബാങ്കിന്റെ പലിശ നിരക്കിന് ആനുപാതികമായാണു കനറാ ബാങ്ക് വർധന ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരാണു തീരുമാനമെടുക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ കോടിക്കണക്കിനു രൂപയുടെ അധിക ബാധ്യത ഏറ്റെടുക്കാൻ സാധ്യത കുറവാണ്.
നെല്ലിന്റെ സംഭരണവില കൂട്ടണമെന്ന ആവശ്യം പോലും സർക്കാർ പരിഗണിച്ചിട്ടില്ല. നെല്ലുവിലയുമായി ബന്ധപ്പെട്ട പഴയ വായ്പകളുടെ തിരിച്ചടവ് ഇനത്തിൽ മാത്രം സപ്ലൈകോയ്ക്ക് 1000 കോടി രൂപയോളം ബാധ്യത ഉണ്ട്. ഓരോ സീസണിലും 1000–1500 കോടി രൂപ വരെയാണു നെല്ലു സംഭരണത്തിനായി സപ്ലൈകോ ചെലവഴിക്കുന്നത്. ഇതിനുള്ള പലിശ സംസ്ഥാന സർക്കാർ വഹിക്കണം. സപ്ലൈകോയ്ക്കു ബാങ്ക് കൺസോർഷ്യത്തിലുള്ള ബാധ്യത തീർക്കാൻ കേരള ബാങ്കിന്റെ സഹകരണം തേടുന്നതും പരിഗണിക്കുന്നുണ്ട്. രണ്ടാം വിളയിൽ മാർച്ച് 15 വരെ അംഗീകരിച്ച പിആർഎസുകളിൽ മാത്രമേ ഇതുവരെ വില നൽകിയിട്ടുള്ളൂ. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ നെല്ലെടുപ്പ് ഇപ്പോഴും പുരോഗതിയിലാണ്.