
അൻപതോളം പള്ളികളിൽ മോഷണം; ‘പള്ളിക്കള്ളൻ’ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാവക്കാട്∙കേരളത്തിലെയും തമിഴ്നാട്ടിലെയും പള്ളികളിൽ മാത്രം മോഷണം നടത്തുന്ന ‘പള്ളിക്കള്ളൻ’ പൊലീസ് പിടിയിൽ. വയനാട് നെന്മേനി മലവയൽ മൂർക്കൻ വീട്ടിൽ ഷംസാദിനെയാണ് (39) അറസ്റ്റ് ചെയ്തത്. മോഷണക്കേസിൽ 2 വർഷത്തെ ശിക്ഷ കഴിഞ്ഞ് മധുര ജയിലിൽ നിന്നിറങ്ങി ദിവസങ്ങൾക്കുള്ളിലാണു പ്രതി കടപ്പുറം ഉപ്പാപ്പ പള്ളിയിൽ മോഷണം നടത്തിയത്. എട്ടിന് പുലർച്ചെയാണ് ഉപ്പാപ്പ പള്ളിയിൽ നിന്ന് പ്രതി 80,000 രൂപ കവർന്നത്. സിസിടിവി ക്യാമറകൾ അന്വേഷണ സംഘം പരിശോധിച്ചപ്പോൾ കവർച്ച നടത്തിയത് മുസ്ലിം പള്ളികൾ മാത്രം കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന ഷംസാദാണെന്നു തിരിച്ചറിഞ്ഞു. 2023 മാർച്ചിൽ തമിഴ്നാട് ഡിണ്ടിഗൽ ജില്ലയിൽ വേടസന്തുർ എന്ന സ്ഥലത്തെ പള്ളിയിൽ മോഷണം നടത്തുന്നതിനിടെ പിടിയിലായിരുന്നു.
10 വർഷത്തോളം ഇയാൾ ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ പ്രവാസിയായിരുന്നു. ഇതിനിടയിൽ ഇയാളുടെ അമ്മ രണ്ടാം വിവാഹം കഴിച്ചിരുന്നു.അമ്മയുമായി സംസാരിക്കാനോ കാണാനോ ബന്ധുക്കൾ അനുവദിച്ചിരുന്നില്ലെന്നു പറയുന്നു. അമ്മയിൽ നിന്നു പ്രതിയെ അകറ്റിയത് പള്ളി കമ്മിറ്റിയാണ് എന്ന വിശ്വാസത്തിൽ പള്ളികളോട് ഇയാൾക്ക് വൈരാഗ്യം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇതിനുശേഷമാണ് പള്ളികൾ കേന്ദ്രീകരിച്ച് കവർച്ച തുടങ്ങിയത്. അൻപതിലേറെ പള്ളികളിൽ ഇയാൾ കവർച്ച നടത്തിയതായി പൊലീസ് പറഞ്ഞു. ഗുരുവായൂർ എസിപി ടി.എസ്.സിനോജ്, ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ, എസ്ഐ പി.എസ്.അനിൽകുമാർ, എസ്ഐ ശരത് സോമൻ, എഎസ്ഐ അൻവർ സാദത്ത്, പൊലീസ് ഒാഫിസർമാരായ ഇ.കെ.ഹംദ്, അനീഷ്, രജിത്ത് എന്നിവർ അന്വേഷണത്തിൽ സംഘത്തിലുണ്ടായി.
ഷാഡോ പൊലീസ് എന്ന നിലയിൽ കൂടുതൽ കാലം പ്രവർത്തിച്ച എസ്ഐ അനിൽകുമാറിന്റെ അനുഭവസമ്പത്തും തന്ത്രപരമായ നീക്കങ്ങളും പ്രതി ഷംസാദിനെ (39) പിടികൂടുന്നതിൽ നിർണായകമായി. മൊബൈൽ ഫോണോ സാമൂഹിക മാധ്യമങ്ങളോ ഉപയോഗിക്കാത്ത പ്രതിയെ സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്. 29 വർഷമായി പൊലീസ് സേനയിലുള്ള അനിൽകുമാർ 15 വർഷത്തോളം പ്രവർത്തിച്ചത് വിവിധ കേസന്വേഷണ സംഘങ്ങളോടൊപ്പം. അദ്ദേഹം 30ന് വിരമിക്കും.