
പെരുവന്താനം പഞ്ചായത്തിൽ ഭീതി; പുലിയെ പിടിക്കാൻ ക്യാമറകൾ റെഡി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുണ്ടക്കയം ഈസ്റ്റ്∙ പെരുവന്താനം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഭീതി വിതച്ച് ഓടി നടക്കുന്ന പുലിയെ കണ്ടെത്താൻ മൂന്ന് ക്യാമറകൾ സ്ഥാപിച്ചു. പുലിയാണെന്ന് ക്യാമറ ദൃശ്യങ്ങൾ ലഭിച്ച് സ്ഥിരീകരിച്ചാൽ മാത്രമേ തുടർ നടപടികൾ ഉണ്ടാകൂ.
ക്യാമറയിൽ കുടുങ്ങണം
അമലഗിരി പാലക്കുഴി വരിക്കാനിക്കൽ മോളിയുടെ പുരയിടത്തിൽ പുലിയെ കണ്ടു എന്ന് പറയപ്പെടുന്ന സ്ഥലത്താണ് മൂന്ന് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ചൊവ്വ രാവിലെ പുരയിടത്തിൽ എത്തിയ മോളി പുലി മറ്റൊരു മൃഗത്തെ ആക്രമിക്കുന്നത് കണ്ടിരുന്നു.തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിൽ പുലിയുടേതു എന്ന് കരുതുന്ന കാൽ പാടുകൾ കണ്ടതോടെയാണ് ക്യാമറ സ്ഥാപിച്ചത്. ചൊവ്വ രാത്രിയോടെ ക്യാമറ വച്ചെങ്കിലും പുലിയുടെ ദൃശ്യങ്ങൾ ഇനിയും പതിഞ്ഞിട്ടില്ല. ക്യാമറയിൽ ദൃശ്യങ്ങൾ ലഭിച്ചാൽ അടുത്ത പടിയായി പുലിയെ പിടിക്കാനുള്ള കൂട് സ്ഥാപിക്കാൻ നടപടി ഉണ്ടാകും.
പുലി വന്നില്ലെങ്കിൽ
ഇതുവരെയുള്ള രീതികൾ അനുസരിച്ച് പല ദിവസങ്ങളിൽ പല സ്ഥലങ്ങളിലായാണ് പുലിയുടെ സാന്നിധ്യം നാട്ടുകാർ പറയുന്നത്. പാലൂർക്കാവ്, പെരുവന്താനം, കൊടികുത്തി അങ്ങനെ പല മേഖലകളിൽ രണ്ട് മാസത്തിനിടെ പുലിയെ നേരിൽ കണ്ടതായി പലരും വെളിപ്പെടുത്തിയിരുന്നു.ഇപ്പോൾ ക്യാമറ സ്ഥാപിച്ച സ്ഥലത്ത് പുലി വീണ്ടും എത്താനുള്ള സാധ്യത വളരെ കുറവാണെന്നും പറയപ്പെടുന്നു. പുലിയെ ഇനി എവിടെ കാണുന്നോ അവിടേക്ക് ക്യാമറകൾ മാറ്റി സ്ഥാപിക്കേണ്ടി വരുമെന്ന് വനപാലകർ പറയുന്നു. പാലൂർക്കാവിൽ ഒരു മാസം മുൻപ് വളർത്തു നായയെ ആക്രമിച്ചിരുന്നു.
ജനവാസം ഭീതിയിൽ
പഞ്ചായത്ത് പ്രദേശമായ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വന്യമൃഗശല്യം രൂക്ഷമാണ്, കാട്ടാനകൾ, കടുവ, പുലി, പന്നി തുടങ്ങിയ ജീവികളെ ഭയന്നാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ മൂന്ന് വർഷമായി പുലി ഭീതിയുണ്ട്. ഇവിടത്തെ ക്യാമറയിൽ കടുവയുടെ ദൃശ്യം ലഭിച്ചിരുന്നു എങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇവിടെ നിന്നായിരിക്കാം ജനവാസ മേഖലയിലേക്ക് പുലി കടന്നതെന്നു കരുതുന്നു. നാട്ടിൽ കാടുകയറിയ പുരയിടങ്ങളും ഒട്ടേറെ.