
റോഡരികിലിരിക്കുന്നു, ‘ഡിജിറ്റൽ’ പച്ചക്കറി; ‘ആളില്ലാക്കട’ തുറന്നിട്ടു 10 ദിവസം, പ്രതിദിനം 1000 – 1200 രൂപയുടെ കച്ചവടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഴക്കാട് ∙ വിഷരഹിത പച്ചക്കറി വിൽപനയ്ക്കു പുതിയൊരു കച്ചവടരീതി പരീക്ഷിക്കുകയാണു ആക്കോട് സ്വദേശി കെ.എം.സക്കീർ. റോഡരികിലെ മരച്ചുവട്ടിലൊരു മേശയിൽ, സക്കീർ പാട്ടത്തിനെടുത്ത പുരയിടത്തിൽ വിളഞ്ഞ പച്ചക്കറികൾ നിരന്നിരിപ്പുണ്ട്. ഓരോന്നിലും വിലയും അതു നൽകാനുള്ള ക്യുആർ കോഡും ഒട്ടിച്ചുവച്ചിരിക്കുന്നു. ആക്കോട്- ഫാറൂഖ് കോളേജ് റോഡിലാണീ കാഴ്ച. ആവശ്യക്കാർക്കു വേണ്ട പച്ചക്കറിയെടുക്കാം. അതിലെ ക്യുആർ കോഡ് സ്കാൻ ചെയ്തു വില നൽകിയാൽ മതി.
കൗതുകംകൊണ്ടു വാഹനം നിർത്തുന്ന മിക്കവരും പച്ചക്കറി വാങ്ങിയാണു പോകുന്നത്. ‘ആളില്ലാക്കട’ തുറന്നിട്ടു 10 ദിവസമായി. ദിവസം 1000-1200 രൂപയുടെ കച്ചവടം നടക്കുന്നുണ്ടെന്നു സക്കീർ പറയുന്നു. കൃഷിയോടു ചെറുപ്പംതൊട്ടേ താൽപര്യമുള്ള സക്കീർ 12 വർഷമായി സ്ഥലം പാട്ടത്തിനെടുത്തു പച്ചക്കറിക്കൃഷി ചെയ്യുന്നു. പയർ, മത്തൻ, വെണ്ട , കക്കരി , വെള്ളരി, ചീര, തണ്ണിമത്തൻ, പടവലം, ചിരങ്ങ, എന്നിവയാണു ‘മെയിൻ’.
തുടക്കത്തിൽ വിളവെടുപ്പു സമയത്തു പ്രാദേശികമായായിരുന്നു വിൽപന. കൃഷി വിപുലപ്പെടുത്തിയതിനൊപ്പം മാർക്കറ്റ് കണ്ടെത്താൻ ‘വിഷരഹിത പച്ചക്കറി’ വാട്സാപ് കൂട്ടായ്മ രൂപീകരിച്ചു. ഗ്രൂപ്പിൽ ഓർഡർ നൽകുന്നവർക്കു വീടുകളിൽ എത്തിച്ചു നൽകും. 5 വർഷമായി പിന്തുടരുന്ന ഈ രീതിക്കൊപ്പമാണു പുതിയ പരീക്ഷണം.